ഒരോ ബിസിനസ്സിനും ഒരു ലക്ഷ്യം വേണം

rollin king herb kelleher southwest airlines

അമേരിക്കയിലെ സാൻ അന്റോണിയോ (San Antonio) സ്വദേശിയായ റോളിൻ കിംഗിൻ്റെ (Rollin King) ആഗ്രഹം ഒരു എയർലൈൻ കമ്പനി തുടങ്ങണം എന്നായിരുന്നു. പസഫിക്‌ സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌ എന്താണോ കാലിഫൊർണിയയിൽ ചെയ്യുന്നത്‌ അത്‌ അതേ മാതൃകയിൽ ടെക്സാസിലും നടപ്പാക്കുക എന്നതായിരുന്നു പുള്ളിക്കാരൻ്റെ ലക്ഷ്യം. Dallas, Houston, San Antonio എന്നീ ചെറുനഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടൊരു ബഡ്ജറ്റ്‌ എയർലൈൻ കമ്പനി. ആ സ്വപ്നസാക്ഷാത്കാരത്തിന്‌ അദ്ദേഹം കൂടെ കൂട്ടിയതാകട്ടേ ഭാര്യയുമായുള്ള വിവാഹമോചനക്കേസിൽ തൻ്റെ വക്കീലായിരുന്ന, കടുത്ത മദ്യപാനിയും പുകവലിക്കാരനുമായ ഹേർബ്‌ കെല്ലഹറിനെ (Herb Kelleher).

കിംഗുമായി സ്വഭാവത്തിൽ വളരെയധികം വൈരുദ്ധ്യങ്ങളുണ്ടായിരുന്ന കെല്ലഹർ ആദ്യമൊക്കെ കിംഗിൻ്റെ ആശയത്തെ ഓരോ കാരണങ്ങൾ പറഞ്ഞ്‌ തല്ലിക്കെടുത്താൻ നോക്കി. പക്ഷെ കിംഗ്‌ ഒരു വിധത്തിൽ അയാളെ തൻ്റെ വഴിക്ക്‌ കൊണ്ടുവന്നു. അങ്ങനെ അടുത്ത നാലുവർഷത്തിനുള്ളിൽ കിംഗിൻ്റെ ഉടമസ്ഥതയിൽ കെല്ലഹർ സി.ഇ.ഒ ആയിക്കൊണ്ട്‌ ഒരു പുതിയ എയർലൈൻ കമ്പനി നിലവിൽ വന്നു – സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌ (Southwest Airlines).

ആ സമയത്ത്‌ ബ്രാനിഫ്‌ ഇന്റർനേഷണൽ എയർവേസ്‌, ടെക്സാസ്‌ ഇന്റർനേഷണൽ എയർലൈൻസ്‌, കോണ്ടിനെന്റൽ എയർലൈൻസ്‌ എന്നീ പ്രമുഖ കമ്പനികൾ അതേ റൂട്ടിൽ സർവ്വീസ്‌ നടത്തുന്നുണ്ടായിരുന്നു. മാത്രമല്ല, അന്ന് (അഥവാ 1970കളിൽ) അമേരിക്കയിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരിൽ വെറും 15 ശതമാനം പേർ മാത്രമേ വിമാനങ്ങളെ ആശ്രയിച്ചിരുന്നുള്ളൂ. എന്നാൽ മറ്റുള്ളവരെ പോലെ ഈ 15 ശതമാനത്തിന്‌ വേണ്ടി കടിപിടി കൂടുകയായിരുന്നില്ല കിംഗിൻ്റെയും കെല്ലഹറിൻ്റെയും ലക്ഷ്യം. മറിച്ച്‌ ഇന്നുവരെ വിമാനത്തിൽ കയറിയിട്ടില്ലാത്ത ആ 85 ശതമാനത്തെയാണ്‌ അവർ നോട്ടമിട്ടത്‌. ഒരിക്കൽ ഒരു മാധ്യമപ്രവർത്തക ‘നിങ്ങൾ ആരോടാണ്‌ മത്സരിക്കുന്നത്‌?’ എന്ന് ചോദിച്ചപ്പോൾ ‘ഞങ്ങൾ മത്സരിക്കുന്നത്‌ കാറുകളോടും ബസ്സുകളോടുമാണ്‌ ‘ എന്നായിരുന്നു കിംഗിൻ്റെ മറുപടി. അതായത്‌ ദീർഘദൂര യാത്രകൾക്ക്‌ പോലും കാറുകളെയും ബസ്സുകളെയും ആശ്രയിക്കുന്ന വളരെ സാധാരണക്കാരായ ആളുകളെ പോലും വിമാനത്തിൽ കയറ്റി പറക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒറ്റ വാക്കിൽ പറഞ്ഞാൽ വിമാനയാത്ര ഏത്‌ സാധാരണക്കാരനും പ്രാപ്യമാക്കുക. അതുവഴി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുക. അവരെ വളരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ സഹായിക്കുക. അതും വളരെ കുറഞ്ഞ ചെലവിൽ…!!

“നിങ്ങൾക്കിനി ഈ രാജ്യത്തിൻ്റെ ഏത്‌ കോണിലേക്കും നിഷ്പ്രയാസം സഞ്ചരിക്കാം.” ഇതായിരുന്നു ഇവരുടെ പരസ്യവാചകം. അതിൽ തന്നെ എല്ലാം ഉള്ളടങ്ങിയിട്ടുണ്ടായിരുന്നു. സാധാരണക്കാരായ ആളുകൾ വളരെ വേഗത്തിൽ ഈ ടാഗ്‌ലൈനുമായി കണക്ട്‌ ചെയ്തു. തുടർന്ന് വൻസ്വീകാര്യതയാണ്‌ സാധാരണക്കാർക്കിടയിൽ ഈ വിമാനക്കമ്പനിക്ക്‌ ലഭിച്ചത്‌.

വിമാനയാത്ര എന്നത്‌ സമ്പന്നരിൽ സമ്പന്നർക്ക്‌ മാത്രം അനുഭവവേദ്യമായിരുന്ന സാഹചര്യത്തിൽ നിന്ന് മാറി ഏതൊരു വ്യക്തിക്കും ആവശ്യം വന്നാൽ വിമാനത്തിൽ യാത്ര ചെയ്യാം എന്ന സാഹചര്യത്തെ അമേരിക്കൻ ജനത രണ്ട്‌ കൈയും നീട്ടി സ്വീകരിച്ചു. ഫലമോ സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിമാനകമ്പനിയാണ്‌. 1970കളുടെ അവസാനത്തിലെയും 2000ത്തിൻ്റെ തുടക്കത്തിലെയും എണ്ണപ്രതിസന്ധികളിൽ പെട്ട്‌ ഒട്ടേറെ വിമാനകമ്പനികൾ നിലംതൊട്ടപ്പോഴും സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌ ഉയരെ പറന്നുകൊണ്ടേയിരുന്നു. 2001 ലെ വേൾഡ്‌ ട്രേഡ്‌ സെന്റർ ആക്രമണത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾക്ക്‌ പോലും ഈ കമ്പനിയുടെ വരുമാനത്തിൽ ഒരു ചെറിയ പോറൽ പോലും ഏൽപ്പിക്കാൻ സാധിച്ചില്ല.

അങ്ങനെ ഹേർബ്‌ കെല്ലഹർ എന്ന സമർത്ഥനായ സി.ഇ.യുടെ സാരഥ്യത്തിൽ റോളിൻ കിംഗ്‌ എന്ന സംരംഭകൻ്റെ സ്വപ്നങ്ങൾ അനന്തവിഹായസ്സിൽ ചിറകടിച്ചു പറക്കാൻ തുടങ്ങി.

ഇവരുടെ ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ ഏതാണ്ട്‌ മുപ്പത്‌ വർഷങ്ങൾക്ക്‌ ശേഷം 2003 ഏപ്രിലിൽ ഡെൽറ്റ എയർലൈൻസ്‌ എന്ന കമ്പനി ‘സോംഗ്‌ (Song)’ എന്ന പേരിലും തൊട്ടടുത്ത വർഷം യുണൈറ്റഡ്‌ എയർലൈൻസ്‌ ‘ടെഡ്‌ (Ted)’ എന്ന പേരിലും ചെലവ്‌ കുറഞ്ഞ വിമാനസർവ്വീസുകൾ ആരംഭിച്ചു. യാത്രാനിരക്കുകളിലും സൗകര്യങ്ങളിലും തുടങ്ങി എല്ലാ കാര്യങ്ങളിലും സൗത്ത്‌വെസ്റ്റ്‌ എയർലൈൻസിനെ അതേ പടി അനുകരിച്ചു കൊണ്ടാരംഭിച്ച ഈ രണ്ട്‌ കമ്പനികളും പക്ഷെ നാല്‌ വർഷത്തിനപ്പുറം നീണ്ടു നിന്നില്ല. യാത്രക്കാർ അവയെ നിർദ്ദാക്ഷിണ്യം കൈയൊഴിഞ്ഞു.

എന്ത്‌ കൊണ്ടാണിത്‌ സംഭവിച്ചത്‌?

കാരണം മറ്റൊന്നുമില്ല. സൗത്ത്‌വെസ്റ്റ്‌ എയർലൈൻസിൻ്റെ സ്ഥാപകർക്ക്‌ വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുക, വിമാനയാത്ര ഏത്‌ സാധാരണക്കാരനും പ്രാപ്യമാക്കുക എന്നിങ്ങനെ. പക്ഷെ ഡെൽറ്റയും യുണൈറ്റഡും സൗത്ത്‌വെസ്റ്റിൻ്റെ വെറും വികലമായ അനുകരണങ്ങൾ മാത്രമായിരുന്നു. സൗത്ത്‌വെസ്റ്റിൻ്റെ പോലെ പണം സമ്പാദിക്കുക, ലാഭമുണ്ടാക്കുക എന്നിവ മാത്രമായിരുന്നു അവയുടെ ലക്ഷ്യം. അതിൽ കവിഞ്ഞൊന്നും അവർക്കുണ്ടായിരുന്നില്ല. അത്‌ തന്നെയാണ്‌ അവരുടെ അപചയത്തിന്‌ കാരണവും.

ഒരു ബിസിനസ്സുകാരന്‌ ഒരു മഹത്തായ ലക്ഷ്യമുണ്ടായാൽ അതവൻ്റെ ഉൽപന്നത്തിലും സേവനത്തിലും പ്രവർത്തനരീതിയിലും വരെ പ്രതിഫലിക്കും. അപ്പോൾ അയാളുടെ ഉൽപന്നങ്ങളെയും സേവനങ്ങളെയും ആളുകൾ ഇഷ്ടപ്പെടും. ആ ജനപിന്തുണ തന്നെ അയാളെ വിജയത്തിൻ്റെ കൊടുമുടിയിലെത്തിക്കുകയും ചെയ്യും. അതേ സമയം, പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ വെറും ലാഭസാധ്യത മാത്രം മുന്നിൽ കണ്ടുകൊണ്ടൊരാൾ ഒരു സംരംഭം തുടങ്ങിയാൽ അതും അയാളുടെ ബിസിനസ്സിൽ പ്രതിഫലിക്കും. ഉൽപന്നത്തിൻ്റെയും സേവനത്തിൻ്റെയും ഗുണനിലവാരം കുറയും. ഉപഭോക്താക്കൾ അസംതൃപ്തരും അസന്തുഷ്ടരുമാകും. അത്‌ തന്നെ ആ സംരംഭത്തിൻ്റെ നാശത്തിനും കാരണമാകും.

അതിനാൽ സംരംഭകത്വത്തിലേക്ക്‌ ഇറങ്ങുന്നതിന്‌ മുമ്പ്‌ അതിലൂടെ നിങ്ങൾ ലക്ഷ്യം വെക്കുന്നത്‌ എന്താണെന്ന് സ്വയം ചോദിക്കുക. ജനങ്ങളുടെ എന്ത്‌ പ്രശ്നമാണ്‌ നിങ്ങൾ അതു വഴി പരിഹരിക്കാൻ പോകുന്നത്‌ എന്നും സ്വയം വിലയിരുത്തുക. ഈ രണ്ട്‌ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ലഭിച്ചാൽ മാത്രം മുമ്പോട്ട്‌ പോകുക. എന്തുകൊണ്ടെന്നാൽ….

Entrepreneurship is not everyone’s cup of tea.

Share