“ഒരു മീഞ്ചന്തയിലേക്ക് കയറിപ്പോകുന്ന പ്രതീതിയായിരുന്നു എനിക്കപ്പോൾ.”
കോണ്ടിനെന്റൽ എയർലൈൻസിൻ്റെ (Continental Airlines) സി.ഇ.ഒ ആയിരുന്ന ഗോർഡൻ ബെതൂനെ (Gorden Bethune) തൻ്റെ ‘From Worst to First’ എന്ന പുസ്തകത്തിൽ പറയുന്നതിങ്ങനെയാണ്. 1994 ഫെബ്രുവരിയിലെ ഒരു ദിനം താൻ കോണ്ടിനെന്റൽ എയർലൈൻസിൻ്റെ സി.ഇ.ഒ ആയി ചാർജ്ജെടുത്ത ശേഷം ആദ്യമായി തൻ്റെ ഓഫീസിലേക്ക് കയറിയപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം ഈ വാക്കുകളിൽ വിവരിക്കുന്നത്.
“നരകതുല്യമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ. സമാധാനമായി ജോലി ചെയ്യാൻ ഒട്ടും അനുയോജ്യമല്ലാത്ത ഒരിടം. പരസ്പരം കടിച്ചു കീറുന്ന കുറേ ജീവനക്കാർ. കസ്റ്റമേഴ്സിനോട് തട്ടിക്കയറുന്ന കുറേ പേർ. സ്വന്തം സ്ഥാപനത്തെക്കുറിച്ച് മോശമായി സംസാരിക്കുന്ന, അവിടെ ജോലി ചെയ്യുന്നത് പോലും വലിയ നാണക്കേടായി കരുതുന്ന, രാവിലെ ജോലിക്ക് വരാൻ പോലും ഇഷ്ടപ്പെടാത്ത, ഒട്ടും പ്രതിബദ്ധതയില്ലാത്ത കുറേ ശമ്പളം വിഴുങ്ങികൾ. അവരെ വെച്ചു കൊണ്ടു വേണമായിരുന്നു എനിക്ക് പ്രവർത്തിച്ചു തുടങ്ങാൻ.”
1980കളിലും 90കളുടെ തുടക്കത്തിലും ആ കമ്പനി പിടിച്ചു നിൽക്കാൻ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു. എട്ട് വർഷത്തിനിടയിൽ രണ്ട് തവണയാണ് ആ കമ്പനി പാപ്പർ സ്യൂട്ട് ഫയൽ ചെയ്തത്. ആദ്യം 1983ലും പിന്നീട് 1991ലും. ഈ കാലഘട്ടത്തിനിടെ 10 പേരാണ് ആ കമ്പനിയുടെ സി.ഇ.ഒ പദവിയിൽ നിന്നിറങ്ങിപ്പോയത്. 1994ൽ ഗോർഡൻ ബെതൂനെ സി.ഇ.ഒ ആയി സ്ഥാനമേറ്റെടുക്കുമ്പോൾ ഏതാണ്ട് 600 മില്ല്യൺ ഡോളർ നഷ്ടത്തിലായിരുന്നു ഈ കമ്പനി ഓടിക്കൊണ്ടിരുന്നത്. പോരാത്തതിന് അമേരിക്കയിലെ വിമാനക്കമ്പനികളുടെ റേറ്റിംഗിൽ വളരെ താഴെയും.
പക്ഷെ 1994 ഫെബ്രുവരിയിൽ ബെതൂനെ ചാർജ്ജെടുത്തതോട് കൂടി കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. അതുവരെ ഉണ്ടായിരുന്ന സി.ഇ.ഒമാരെല്ലാം ഒറ്റയടിക്ക് കമ്പനിയുടെ ഓപ്പറേഷണൽ കാര്യങ്ങൾ പൊളിച്ചു പണിയാൻ ശ്രമിച്ചപ്പോൾ ബെതൂനെ ആദ്യം ശ്രദ്ധ പതിപ്പിച്ചത് ജീവനക്കാർക്ക് കമ്പനിയോടുള്ള മാനസികമായ അടുപ്പവും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിലായിരുന്നു. തൊഴിലാളികൾക്ക് കമ്പനിയോട് മമതയും അടുപ്പവും തോന്നാത്തിടത്തോളം കാലം മറ്റൊരു മേഖലയിലും മാറ്റം കൊണ്ടുവരാൻ സാധിക്കില്ല എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു. ഒരു ജീവനക്കാരൻ തൻ്റെ ജോലിയെ വെറുമൊരു വരുമാനമാർഗ്ഗമായി മാത്രം കാണാതെ അതിലപ്പുറമെന്തെങ്കിലും ആ കമ്പനിക്ക് വേണ്ടിയും അതിൻ്റെ ഉപഭോക്താക്കൾക്ക് വേണ്ടിയും ചെയ്യണം എന്ന് ചിന്തിക്കുമ്പോഴാണ് ആ സ്ഥാപനം വിജയിക്കുന്നത്. തങ്ങളുടെ ജീവനക്കാരുടെ സന്തോഷവും സംതൃപ്തിയുമുറപ്പ് വരുത്തേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ മതം. സന്തുഷ്ടരായ ജീവനക്കാർ സന്തുഷ്ടരായ ഉപഭോക്താക്കളെ സൃഷ്ടിക്കും. ഉപഭോക്താക്കൾ സന്തുഷ്ടരായാൽ കമ്പനി വളരുകയും അതുവഴി നിക്ഷേപകരും സന്തുഷ്ടരായിത്തീരുകയും ചെയ്യും.
തൻ്റെ സ്നേഹമസൃണമായ പെരുമാറ്റം കൊണ്ടും ഉദാരമായ സമീപനം കൊണ്ടും അദ്ദേഹം ആദ്യം തൊഴിലാളികളുടെ മനസ്സിൽ കയറിപ്പറ്റി. പിന്നെ അദ്ദേഹം പതിയെ ജീവനക്കാരെയെല്ലാം കമ്പനിയുടെ ആശയങ്ങളോടും ആദർശങ്ങളോടും അടുപ്പമുള്ളവരാക്കി മാറ്റി. പതിയെ പതിയ ജീവനക്കാർ തങ്ങളുടെ ജോലി ഇഷ്ടപ്പെടുകയും കോണ്ടിനെന്റൽ എയർലൈൻസിന് വേണ്ടി ജോലി ചെയ്യുന്നത് ഒരു അഭിമാനമായി കരുതുകയും ചെയ്തു തുടങ്ങി. പിന്നെ അദ്ദേഹം ഓപ്പറേഷണൽ കാര്യങ്ങളിലും വളരെ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ തുടങ്ങി.
ഉദാഹരണത്തിന്, അക്കാലത്ത് കോണ്ടിനെന്റൽ എയർലൈൻസിൻ്റെ വിമാനങ്ങൾ ഒട്ടും സമയനിഷ്ട പാലിക്കാറില്ലായിരുന്നു. വിമാനങ്ങൾ വൈകിപ്പറക്കുന്നത് ഒരു നിത്യസംഭവമായിരുന്നു. ബെതൂനെ ചാർജ്ജെടുത്ത ശേഷം ഒരു പുതിയ സിസ്റ്റം കൊണ്ടുവന്നു. ഏതെങ്കിലും മാസം എല്ലാ വിമാനങ്ങളും സമയക്രമം തെറ്റാതെ കൃത്യത പാലിക്കുന്ന കമ്പനികളുടെ ടോപ്പ് 5 പട്ടികയിൽ കോണ്ടിനെന്റൽ എയർലൈൻസിൻ്റെ പേര് വന്നാൽ ആ മാസം എല്ലാ ജീവനക്കാർക്കും ശമ്പളത്തിനു പുറമെ $65 ഡോളർ അധികം ലഭിക്കും. അക്കാലത്ത് ആ കമ്പനിയിൽ ഏകദേശം നാൽപതിനായിരത്തോളം തൊഴിലാളികളുണ്ടായിരുന്നു. അത്ര പേർക്കും $65 വെച്ചു കൊടുത്താൽ മാസത്തിൽ ഏതാണ്ട് $2.5 മില്ല്യൺ അധികച്ചെലവ് വരും. എന്നാൽ വിമാനങ്ങൾ പതിവായി വൈകിപ്പറക്കുന്നത് കൊണ്ടും അതുമൂലമുള്ള റേറ്റിംഗിലെ ഇടിവ് കൊണ്ടും കമ്പനിക്ക് ഒരു മാസം ഏതാണ്ട് $5 മില്ല്യൺ നഷ്ടം സംഭവിക്കുന്നുണ്ടായിരുന്നു. എങ്ങനെ നോക്കിയാലും കമ്പനിക്ക് $2.5 ലാഭമാണ്. ഈ സിസ്റ്റം നിലവിൽ വന്നതോട് കൂടി ജീവനക്കാരെല്ലാവരും ഒറ്റക്കെട്ടായി സമയക്രമം പാലിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി. ഇതിലൂടെ വിമാനങ്ങളുടെ വൈകിപ്പറക്കലിന് ശമനമുണ്ടായി എന്ന് മാത്രമല്ല, അന്നു വരെ യാതൊരു സ്വരച്ചേർച്ചയുമില്ലാതെ പരസ്പരം പോരടിച്ചുകൊണ്ടിരുന്ന ജീവനക്കാർക്കിടയിൽ ഒരു ഏകതാനമായ ലക്ഷ്യബോധം വളർത്തിയെടുക്കാനും അതിലൂടെ അവർക്കിടയിൽ ഐക്യം ഊട്ടിയുറപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇതിൻ്റെയെല്ലാം അനന്തരഫലമോ? ബെതൂനെ ചാർജ്ജെടുത്ത് ഒറ്റ വർഷം കൊണ്ട് തന്നെ കോണ്ടിനെന്റൽ എയർലൈൻസ് $250 മില്ല്യൺ ലാഭമുണ്ടാക്കുകയും അമേരിക്കയിൽ തന്നെ ജോലി ചെയ്യാൻ അനുകൂലമായ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കുകയും ചെയ്തു.
ഇതിനെയാണ് നമ്മൾ ലീഡർഷിപ്പ് ക്വാളിറ്റി എന്ന് പറയുന്നത്. ഒരു മികച്ച നേതാവിന് നേരിടാൻ കഴിയാത്തതോ മാറ്റം കൊണ്ടുവരാൻ സാധിക്കാത്തതോ ആയി യാതൊന്നും തന്നെയില്ല. ഒരു നേതാവ് ജനിക്കുന്നത് അയാൾക്ക് അനുയായികളുണ്ടാകുമ്പോഴാണ്. എന്നാൽ ഒരു അനുയായി ജന്മം കൊള്ളുന്നത് അയാൾ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ലാതെ, ശമ്പളത്തിനുവേണ്ടി മാത്രമല്ലാതെ ഒരാളെ നേതാവായി കാണാനും പിൻപറ്റാനും തുടങ്ങുമ്പോഴാണ്. അതിനാൽ നിങ്ങൾ നിങ്ങളുടെ ജീവനക്കാർക്ക് ഒരു നല്ല നേതാവാകുക. അതോടെ അവർ നിങ്ങളെ അനുസരിക്കാനും പിൻപറ്റാനും തുടങ്ങും. ആ ഒരു കൂട്ടായ്മ മാത്രം മതി നിങ്ങളുടെ സംരംഭം വിജയിക്കാൻ.