Skip to content
CREA INSIGHTS
  • Home
  • About Us
  • Services
    • Business Research
    • Business Incubation
    • Digital Marketing
    • Content Development
  • Careers
  • Blog
  • Contact Us

ബ്രാൻഡ്‌ ലോഗോ എന്ന കീർത്തിമുദ്ര

By Crea Insights / June 16, 2021 June 16, 2021
importance of brand logo for business success

ഒരു കമ്പനിയുടെ ഏറ്റവും വലിയ അടയാളവാക്യമാണ്‌ അതിൻ്റെ ബ്രാൻഡ്‌ ലോഗോ. മാത്രമല്ല ഉപഭോക്താക്കൾക്കിടയിൽ ആ ബ്രാൻഡിനുള്ള അഭിമാനത്തിൻ്റെയും അംഗീകാരത്തിൻ്റെയും മുദ്ര കൂടിയാണ്‌ ലോഗോ. ഒരു നല്ല ഉൽപന്നത്തിൻ്റെ ലോഗോ അത്‌ നിർമ്മിക്കുന്ന കമ്പനിയുടെ മാത്രമല്ല, അത്‌ ഉപയോഗിക്കുന്ന ഉപഭോക്താവിൻ്റെയും അഭിമാന ചിഹ്നമാണ്‌. അതിനെല്ലാമപ്പുറം അതൊരു സ്ഥാപനത്തിൻ്റെ വാണിജ്യവിജയത്തിൻ്റെ കൊടിയടയാളം കൂടിയാണ്‌.

വളരെ കാലങ്ങൾക്ക്‌ മുമ്പ്‌ തന്നെ ബിസിനസ്സും ലോഗോയും തമ്മിലുള്ള ഈ അഭേദ്യമായ ബന്ധം ഉടലെടുത്തിരുന്നു. ഇന്ന് പല ബ്രാൻഡുകളും ജനമനസ്സുകളിൽ സ്ഥാനം പിടിച്ചത്‌ അവയുടെ ലോഗോ വഴിയാണ്‌. ഉദാഹരണത്തിന്‌, റീബോക്ക്‌, നൈക്കി, നെസ്ലെ, പെപ്സി പോലുള്ള കമ്പനികളുടെ ലോഗോ ഇന്ന് കൊച്ചുകുട്ടികൾ പോലും തിരിച്ചറിയും. അത്രക്ക്‌ ജനമനസ്സുകളിൽ രൂഢമൂലമായിത്തീർന്നതാണ്‌ ഈ ബ്രാൻഡുകളും അവയുടെ ലോഗോയും. ഈ ലോഗോ കണ്ടാൽ മറിച്ചൊന്നും ചിന്തിക്കാതെ അവ വാങ്ങി ഉപയോഗിക്കുന്നവരുണ്ട്‌. റീബോക്ക്‌, അഡീഡാസ്‌, നൈക്കി പോലുള്ള കമ്പനികളുടെ ലോഗോ പതിപ്പിച്ച വ്യാജ ഉൽപന്നങ്ങൾ ദശലക്ഷക്കണക്കിനാണ്‌ വിറ്റഴിയുന്നതെന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നു. കാരണം ലോഗോ കണ്ട മാത്രയിൽ തന്നെ ഉപഭോക്താവ്‌ അതിൽ വീണു കഴിഞ്ഞു. പിന്നെ അവർ കൂടുതൽ ചികയാൻ നിൽക്കില്ല.

തങ്ങളുടെ വസ്ത്രത്തിലോ വാച്ചിലോ ഷൂവിലോ ബാഗിലോ ഈ ലോഗോ ഉള്ളത്‌ വലിയ ഒരു അന്തസ്സായിത്തന്നെ കരുതുന്ന ധാരാളം ആളുകൾ ഇന്ന് നമുക്കിടയിലുണ്ട്‌. ഹാർലി ഡേവിഡ്സൺ കമ്പനിയുടെ ലോഗോ തങ്ങളുടെ ദേഹത്ത്‌ പച്ച കുത്തിയ ആളുകൾ അമേരിക്കയിൽ നിരവധി പേരാണുള്ളത്‌. അതിൽ ഇന്നേ വരെ ഹാർലിയുടെ ഒരു വാഹനം പോലും ഉപയോഗിക്കാത്തവരും ഉൾപ്പെടും. സ്വന്തമായി ഒരു ഹാർലി വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്തവർ പോലും ആ ലോഗോ തങ്ങളുടെ ദേഹത്തുള്ളത്‌ ഒരു അന്തസ്സായി കരുതി. ആ കമ്പനിക്ക്‌ പൊതുസമൂഹത്തിലുള്ള ആദരവും അംഗീകാരവും അതു വഴി തങ്ങൾക്കും ലഭിക്കും എന്നവർ ഉറച്ചു വിശ്വസിച്ചു. ഇതാണ്‌ ഒരു ബ്രാൻഡ്‌ ലോഗോയുടെ ശക്തി.

എന്നാൽ തങ്ങളുടെ ബ്രാൻഡ്‌ ലോഗോ ഒരു ഐഡന്റിറ്റി മാർക്ക്‌ എന്നതിനപ്പുറം വലിയൊരു സ്റ്റാറ്റസ്‌ സിമ്പലായും മാർക്കറ്റിംഗ്‌ ടൂൾ ആയും ഉപയോഗിച്ച ഒരു കമ്പനിയുണ്ട്‌. ആപ്പിൾ..! ആരോ കടിച്ചു വെച്ച ഒരു ആപ്പിൾ..! അതാണ്‌ ആപ്പിൾ കമ്പ്യൂട്ടേഴ്‌സിൻ്റെ ലോഗോ. ഈ ലോഗോയുടെ പിറവിയുമായി ബന്ധപ്പെട്ട്‌ ആദ്യകാല കമ്പ്യൂട്ടർ വിദഗ്ദനായ അലൻ ടൂറിങ്ങിൻ്റെയും ഐസക്ക്‌ ന്യൂട്ടൻ്റെയും മറ്റും പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഏറ്റവും ആധികാരികമായ വിവരണം മറ്റൊന്നാണ്‌. ആപ്പിളിൻ്റെ സ്ഥാപകനായ സ്റ്റീവ്‌ ജോബ്സ്‌ കുട്ടിക്കാലത്ത്‌ ഒരു അപ്പിൾ ഓർച്ചാർഡിൽ ജോലി ചെയ്തിരുന്നതായും ആ ഓർമ്മക്ക്‌ വേണ്ടിയാണ്‌ അദ്ദേഹം തൻ്റെ കമ്പനിക്ക്‌ ആപ്പിൾ എന്ന പേര്‌ നൽകിയതെന്നും പറയപ്പെടുന്നു. പക്ഷെ ആ ലോഗോയിൽ എന്തിനാണ്‌ ആപ്പിൾ ആരോ കടിച്ചുവെച്ച രൂപത്തിലാക്കി വെച്ചത്‌? അതിന്‌ സ്റ്റീവ്‌ ജോബ്സ്‌ പറയുന്ന ഉത്തരം വളരെ ലളിതമാണ്‌. ആ കടിപ്പാടില്ലെങ്കിൽ അതൊരു ചെറി (Cherry) ആയി തെറ്റിദ്ധരിക്കപ്പെട്ടേക്കാം…!!

എന്തായാലും ഇന്ന് ലോകത്ത്‌ ഏറ്റവും കൂടുതൽ ആളുകൾ വെറും നിമിഷാർദ്ധം കൊണ്ട്‌ തിരിച്ചറിയുന്ന ചുരുക്കം ചില ലോഗോകളിൽ ഒന്നാണ്‌ ആപ്പിളിൻ്റെത്‌. ആ ലോഗോ ഏറ്റവും നന്നായി കാണുന്ന രീതിയിലാണ്‌ സ്റ്റീവ്‌ ജോബ്സ്‌ തങ്ങളുടെ ഉൽപന്നങ്ങളുടെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്‌. തങ്ങളുടെ ഉപഭോക്താക്കൾ ആ ലോഗോ ഒരു അന്തസ്സിൻ്റെ അടയാളമായി കരുതണം എന്ന് സ്റ്റീവ്‌ വളരെ മുൻകൂട്ടി നിശ്ചയിച്ചിരുന്നു. അതിൻ്റെ പ്രധാന തെളിവാണ്‌ ആപ്പിളിൻ്റെ ഐ-ഫോണിലോ, ഐ-പാഡിലോ, മാക്ക്ബുക്കുകളിലോ ഒരിടത്ത്‌ പോലും ആപ്പിൾ എന്ന് വാക്കുകളാൽ എഴുതിയിട്ടില്ല എന്നത്‌. എല്ലായിടത്തും നമുക്കീ കടിച്ചു വെച്ച ആപ്പിൾ മാത്രമേ കാണാൻ സാധിക്കൂ. ഉൽപന്നത്തിലോ അവയുടെ പെട്ടിയിലോ മറ്റു ആക്സസറീസിലോ അങ്ങനെ എവിടെ നോക്കിയാലും ലോഗോ മാത്രം…!! ബ്രാൻഡിൻ്റെ പേര്‌ വെക്കാതെ ലോഗോ മാത്രം വെച്ച്‌ കൊണ്ട്‌ ഒരു ഉൽപന്നം വിപണിയിലിറക്കി വിജയിപ്പിക്കുക. അത്‌ ഒരു പക്ഷെ സ്റ്റീവ്‌ ജോബ്സിനെക്കൊണ്ട്‌ മാത്രം സാധിക്കുന്ന ഒരു ജാലവിദ്യയായിരിക്കും.

ഒരു കാര്യം അറിയാമോ? പണ്ടൊക്കെ എച്ച്‌.പിയുടെയും ഡെല്ലിൻ്റെയുമൊക്കെ ലാപ്ടോപ്പുകൾക്ക്‌ മുകളിൽ അവയുടെ ലോഗോ പതിപ്പിച്ചിരുന്നത്‌ അവ ഉപഭോക്താവിനെ അഭിമുഖീകരിക്കുന്ന രീതിയിലായിരുന്നു. അതായത്‌ ഉപഭോക്താവ്‌ ലാപ്ടോപ്പ്‌ തുറക്കുമ്പോൾ അതിൻ്റെ ലോഗോ അയാൾക്ക്‌ നേരെ കാണാൻ സാധിക്കും. എന്നാൽ അയാൾ അത്‌ തുറന്നു വെച്ചു കഴിഞ്ഞാൽ മറ്റുള്ളവർക്ക്‌ ഈ ലോഗോ തലകീഴായേ കാണാൻ സാധിക്കുമായിരുന്നുള്ളൂ. ഈ ഡിസൈനിലൊരു വ്യത്യസ്ഥത ആദ്യമായി കൊണ്ടു വന്നത്‌ സ്റ്റീവ്‌ ജോബ്സാണ്‌. ആപ്പിൾ ലാപ്ടോപ്പ്‌ ഉപയോഗിക്കുന്ന ഒരാൾ തൻ്റെ ലാപ്ടോപ്പ്‌ തുറക്കുന്ന സമയത്ത്‌ അതിൻ്റെ ലോഗോ അയാൾക്ക്‌ തലകീഴായേ കാണാൻ സാധിക്കൂ. എന്നാൽ അയാൾ അത്‌ തുറന്നു വെച്ച്‌ ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്ക്‌ ആ ലോഗോ ശരിയായ രീതിയിൽ കാണാൻ സാധിക്കും. ഇത്‌ തന്നെയായിരുന്നു ആപ്പിളിൻ്റെ പ്രത്യേകതയും.

ഒരു കണക്കിന്‌ ആപ്പിൾ ലോഗോ ഇത്രയേറെ ജനകീയമാക്കിയത്‌ അതിൻ്റെ ഉാഭോക്താക്കൾ തന്നെയാണെന്ന് പറയാം. നാലാളുകൾ കൂടുന്നിടത്തെല്ലാം ഈ ഐ-ഫോണുകൾ എടുത്തുപയോഗിക്കുന്നതും, മാക്ക്ബുക്കുകൾ എടുത്ത്‌ നിവർത്തുന്നതും അവർ ഒരു അന്തസ്സായി കരുതി. സാധാരണ സ്മാർട്ട്‌ ഫോണുകൾ വാങ്ങി ഉപയോഗിക്കുന്ന ഒരാൾ അതിന്‌ സുരക്ഷക്കായി ഒരു എക്സ്ട്രാ സ്ലീവ്‌ കവർ വാങ്ങിയിടും. പക്ഷെ ഐ-ഫോൺ ഉപയോഗിക്കുന്ന ആൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. കാരണം അയാൾക്ക്‌ താൻ ഉപയോഗിക്കുന്നത്‌ ആപ്പിൾ ഐ-ഫോണാണെന്ന് മറ്റുള്ളവരെ കാണിക്കണം. അതു പോലെ മറ്റു ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർ അതിൻ്റെ പുറത്ത്‌ ചെളിയും പോറലും പറ്റാതിരിക്കാൻ ഫാൻസി സ്റ്റിക്കറുകൾ വാങ്ങി ഒട്ടിച്ചു വെക്കും. പക്ഷെ മാക്ക്‌ ബുക്ക്‌ ഉപയോഗിക്കുന്നവർ ഒരിക്കലും അങ്ങനെ ചെയ്യില്ല. കാരണം അയാൾക്കും തൻ്റെ ഉൽപന്നത്തിൻ്റെ ലോഗോ മറ്റുള്ളവരെ കാണിക്കണം. ഐ-ഫോൺ ഉപയോഗിക്കുന്നവർ എപ്പോഴും കണ്ണാടിയുടെ മുന്നിൽ നിന്നേ സെൽഫി എടുക്കൂ. കാരണം അവർക്ക്‌ നാലാളെ കാണിക്കണം അവർ ഉപയോഗിക്കുന്നത്‌ ഐ-ഫോൺ ആണെന്ന്. മറ്റു ഫോണുകൾ ഉപയോഗിക്കുന്നവർ അവ ഏതെങ്കിലും മേശപ്പുറത്തോ മറ്റോ വെക്കുന്നത്‌ സ്ക്രീനിൻ്റെ ഭാഗം മുകളിൽ വരുന്ന രീതിയിൽ ആയിരിക്കും. സ്ക്രീനിൽ പോറൽ വീഴാതിരിക്കാനാണിത്‌. എന്നാൽ ഐ-ഫോൺ ഉപയോഗിക്കുന്നവർ അതെപ്പോഴും കമഴ്ത്തിയേ വെക്കൂ. കാരണം ലോഗോ…!!

ആപ്പിൾ എപ്പോഴും സ്വയം എടുത്തുകാട്ടാൻ ശ്രമിക്കുന്നത്‌ തങ്ങൾ മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്ഥരായ ആളുകൾക്ക്‌ വേണ്ടിയുള്ള വളരെ വ്യത്യസ്ഥമായ ഒരു ബ്രാൻഡ്‌ ആണെന്നാണ്‌. അതുകൊണ്ട്‌ തന്നെ ആപ്പിൾ ഉൽപന്നങ്ങളുടെ പരസ്യങ്ങളിലൊന്നും ഒന്നിലധികം ആളുകൾ ഒരുമിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക്‌ കാണാൻ സാധിക്കില്ല. എച്ച്‌.പി, ഡെൽ, ലെനോവോ പോലുള്ള ബ്രാൻഡുകളുടെ പരസ്യങ്ങളിൽ നാലോ അഞ്ചോ ആളുകൾ ഒരു ലാപ്ടോപ്പിന്‌ മുന്നിലിരുന്ന് ജോലി ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങൾ അവതരിപ്പിക്കുമ്പോൾ ആപ്പിൾ ലാപ്ടോപ്പിൻ്റെ പരസ്യങ്ങളിൽ എപ്പോഴും എക്സിക്യൂട്ടിവ്‌ ലുക്കുള്ള ഒരു പുരുഷനോ സ്ത്രീയോ ആപ്പിൾ ലാപ്ടോപ്പ്‌ തുറന്നുവെച്ചിരിക്കുന്നതായേ കാണാൻ കഴിയൂ. തങ്ങളുടെ ഉൽപന്നങ്ങൾ മാസിനുവേണ്ടിയുള്ളതല്ല, അത്‌ മറ്റുവരിൽ നിന്ന് വ്യതിരിക്തരായി നിൽക്കാൻ ആഗ്രഹിക്കുന്ന ഇൻഡിവിജ്വൽസിനുള്ളതാണെന്ന് പറയാതെ പറയുകയാണ്‌ ആപ്പിൾ.

ഈ രീതിയിലുള്ള പുതുമയാർന്നതും വ്യത്യസ്ഥവുമായ ബ്രാൻഡിംഗ്‌ ശൈലികൾ തന്നെയാണ്‌ ആപ്പിളിനെ നാം ഇന്ന് കാണുന്ന ഒരു ഗ്ലോബൽ ബ്രാൻഡാക്കി മാറ്റിയത്‌. എപ്പോഴും മറ്റുള്ളവരെ പിന്തുടരുന്നവരേക്കാൾ സ്വന്തം പാത സ്വയം വെട്ടിത്തെളിച്ച്‌ മുമ്പോട്ട്‌ പോകുന്നവർക്കാണ്‌ നിരന്തരമായ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ. സ്വന്തം ബ്രാൻഡ്‌ ലോഗോ ഇപ്രകാരം വഴി വെട്ടാനുള്ള പണിയായുധമാക്കി ഉപയോഗിച്ച്‌ മുന്നേറിയ കമ്പനികളിൽ എന്നും മുന്നിൽ തന്നെയാകും ആപ്പിളിൻ്റെ സ്ഥാനം.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share
Post navigation
← Previous Post
Next Post →

Would You Like to Start a Project with Us?

We do have the BEST CONTENT WRITERS and BUSINESS RESEARCHERS in our team who are highly competent and skilled in their respective fields.
We would love to create more retainer projects.
Let’s work together to achive your next milestone…!!

CALL Now
MAIL Now

Crea Insights
Business Research & Creative Solutions. 
A subsidiary of Dr. Deen’s Business Research & Creative Solutions LLP

Facebook-f Twitter Google-plus-g Instagram Linkedin-in

Company

  • About Us
  • Contact Us
  • Blog
  • Careers

Services

  • Business Research
  • Business Incubation
  • Digital Marketing
  • Content Development

Get In Touch

  • Crea Insights – Business Research & Creative Solutions, 1st Floor, C.H Bindu Arcade, Pulinchode, B.P Angadi P.O, Tirur, Malappuram Dt. Pin – 676102
  • info@creainsights.com
  • +91 9567 877 001
    +91 9567 867 002
    +91 9567 867 003
    +91 9567 832 004
    +91 9567 867 005
Copyright © 2022 CREA INSIGHTS | Powered by Diartech.com