ബിസിനസ്സിൽ റിസേർച്ചിന്‌ എന്താണ്‌ പ്രസക്തി?

importance of research in business

വർഷങ്ങൾക്ക്‌ മുമ്പാണ്‌ ഈ സംഭവം.

ലോകപ്രശസ്തമായ പ്രോക്ടർ ആൻഡ്‌ ഗാംബിൾ (P&G) കമ്പനിയുടെ ലാബിൽ ഒരു പരീക്ഷണം നടക്കുകയാണ്‌. നല്ല രീതിയിൽ വരുമാനമുണ്ടാക്കിക്കൊണ്ടിരുന്ന അവരുടെ ‘ടൈഡ്‌ ‘ (Tide) എന്ന വാഷിംഗ്‌ പൗഡർ ഇപ്പോൾ കുറേശ്ശേ അടിപതറിക്കൊണ്ടിരിക്കുകയാണ്‌. മറ്റു വൻകിട ബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരം തന്നെയാണ്‌ കാരണം. ടൈഡിനേക്കാൾ കൂടുതൽ വെണ്മയും വൃത്തിയും തങ്ങളുടെ പൗഡർ ഉപയോഗിച്ചുകൊണ്ട്‌ തുണികൾ അലക്കിയാൽ കിട്ടും എന്നാണ്‌ അവരുടെയെല്ലാം വാദം. അതിൽ വലിയൊരു വിഭാഗം ഉപഭോക്താക്കൾ വീഴുകയും ചെയ്തു. പിന്നീട്‌ P&G കമ്പനി പല രീതിയിൽ തങ്ങളുടെ ഉൽപന്നത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ നോക്കിയെങ്കിലും അതൊന്നും പക്ഷെ വിപണിയിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ല.

എന്ത്‌ അളവുകോൽ വെച്ചാണ്‌ ഉപഭോക്താക്കൾ വസ്ത്രങ്ങളുടെ വൃത്തി അളക്കുന്നത്‌ എന്നറിയാത്തതായിരുന്നു അവരുടെ പ്രശ്നം. എന്നാൽ അതൊന്ന് അറിഞ്ഞു കളയാം എന്ന ഉദ്ദേശത്തോട്‌ കൂടിയാണ്‌ ഇപ്പോൾ വലിയൊരു പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്‌. അമേരിക്കയുടെ പല ഭാഗങ്ങളിൽ നിന്നുള്ള അമ്പതോളം ആളുകളാണ്‌ പരീക്ഷണത്തിൽ പങ്കെടുക്കുന്നത്‌. അവർ ഓരോരുത്തരുടെയും മുമ്പിലുള്ള വാഷിംഗ്‌ മെഷീനുകളിൽ ഏതാനും വസ്ത്രങ്ങൾ വൃത്തിയാക്കിക്കൊണ്ടിരിക്കുന്നുണ്ട്‌. അൽപസമയം കഴിഞ്ഞ്‌ വാഷിംഗ്‌ മെഷീനുകൾ അലക്ക്‌ നിർത്തിയ ശേഷം ഈ ആളുകൾ ആ വസ്ത്രങ്ങൾ എടുത്ത്‌ പരിശോധിച്ച്‌ ഏതിനാണ്‌ കൂടുതൽ വൃത്തി എന്ന് പറയണം. അവരുടെ പ്രവൃത്തികൾ നിരീക്ഷിക്കാൻ വൊളണ്ടിയർമാരെയും നിർത്തിയിട്ടുണ്ട്‌.

അൽപസമയം കഴിഞ്ഞപ്പോൾ വാഷിംഗ്‌ മെഷീനുകൾ പ്രവർത്തനം നിർത്തി. ആളുകൾ അവരവർക്ക്‌ മുന്നിലുള്ള വാഷിംഗ്‌ മെഷീനുകൾ തുറന്ന് വസ്ത്രങ്ങളെടുത്ത്‌ പരിശോധിച്ചു തുടങ്ങി. അപ്പോഴാണ്‌ ഒരു കാര്യം ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടത്‌. ആ അമ്പത്‌ പേരിൽ ഭൂരിപക്ഷം ആളുകളും വാഷിംഗ്‌ മെഷീൻ തുറന്ന് വസ്ത്രങ്ങൾ പുറത്തെടുത്ത ശേഷം ആദ്യം ചെയ്ത കാര്യം എന്താണെന്നറിയാമോ? അത്‌ മണം പിടിക്കുകയായിരുന്നു…!! അതേ, കൂടുതൽ ആളുകളും അലക്കിയ വസ്ത്രങ്ങളുടെ മണം വെച്ചാണ്‌ അത്‌ വൃത്തിയായോ ഇല്ലയോ എന്ന് നിർണ്ണയിക്കുന്നത്‌. നല്ല മണമാണെങ്കിൽ വസ്ത്രം വൃത്തിയായി. ദുർഗന്ധം അവശേഷിക്കുന്നുണ്ടെങ്കിൽ അത്‌ വേണ്ടപോലെ വൃത്തിയായിട്ടില്ല…!

ഇത്‌ P&G കമ്പനിക്ക്‌ വലിയൊരു തിരിച്ചറിവായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ അവർ ടൈഡിൻ്റെ പുതിയൊരു വേരിയന്റുമായി രംഗത്തെത്തി. ലോകത്തെ ആദ്യത്തെ സുഗന്ധമുള്ള വാഷിംഗ്‌ പൗഡർ ആയിരുന്നു അത്‌. അതും റോസ്‌, ജാസ്മിൻ, ലില്ലി പോലുള്ള വ്യത്യസ്ഥ ഫ്ലേവറുകളിൽ. അവിടെ നിന്നാണ്‌ ഇന്ന് നമ്മൾ കാണുന്ന സുഗന്ധ പൂരിതമായ വാഷിംഗ്‌ പൗഡറുകളുടെ തുടക്കം. വൻ സ്വീകാര്യതയാണ്‌ ഈ പുതിയ ഉൽപന്നത്തിന്‌ അമേരിക്കൻ വിപണിയിൽ ലഭിച്ചത്‌. ‘ടൈഡ്‌ ‘ പിന്നെയും തരംഗം തീർത്തു.

ഇതാണ്‌ റിസേർച്ചിൻ്റെ പ്രാധാന്യം. ഒരു ബിസിനസ്സുകാരൻ ഒരിക്കലും തൻ്റെ ആന്തരിക ചോദനകൾക്കനുസരിച്ച്‌ തനിക്ക്‌ തോന്നുന്ന രീതിയിലുള്ള ഉൽപന്നങ്ങൾ വിപണിയിലിറക്കരുത്‌. നേരെമറിച്ച്‌, വേണ്ട രീതിയിൽ ഗവേഷണം നടത്തി ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതെന്താണോ അതും അതിനപ്പുറവും നൽകുകയാണ്‌ വേണ്ടത്‌. ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിരുചികളും കണ്ടെത്തുവാൻ ചിലപ്പോൾ കുറച്ച്‌ പണച്ചെലവും അധ്വാനവും വേണ്ടി വന്നേക്കാം. എങ്കിലും പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും കിട്ടുന്ന വിവരങ്ങളുടെ അത്ര കൃത്യതയും വിശ്വാസ്യതയും മറ്റൊന്നിനും നൽകാൻ സാധിക്കില്ല. ഇന്ന് വിപണി പിടിച്ചടക്കിയിട്ടുള്ള പല ഉൽപന്നങ്ങളും സേവനങ്ങളും ഗഹനമായ പഠനങ്ങളുടെയും അവയിലൂന്നിയ കൃത്യമായ ആസൂത്രണത്തിൻ്റെയും ഫലമായുണ്ടായതാണ്‌.

ഇനി ഇതേ P&G കമ്പനിക്ക്‌ മതിയായ ഗവേഷണത്തിൻ്റെയും പഠനത്തിൻ്റെയും അഭാവം മൂലം സംഭവിച്ച ഒരു വലിയ പരാജയത്തിൻ്റെ കഥ കൂടി പറയാം. ഈ കമ്പനി ഇതേ ടൈഡ്‌ വാഷിംഗ്‌ പൗഡർ ജപ്പാനിൽ വിപണിയിലിറക്കി. വസ്ത്രങ്ങൾക്ക്‌ വൃത്തിയോടൊപ്പം സുഗന്ധവും പകരുന്ന വാഷിംഗ്‌ പൗഡർ..!! ലോകത്തെല്ലായിടത്തും വിജയിച്ച ഉൽപന്നമായതിനാൽ അത്‌ ജപ്പാനിലും വിജയിക്കും എന്ന ഉറച്ച വിശ്വാസത്തിന്മേൽ കാര്യമായ പരീക്ഷണങ്ങളോ പഠനങ്ങളോ നടത്താതെയാണ്‌ അവർ ആ ഉൽപന്നം ജപ്പാനിലിറക്കിയത്‌. പക്ഷെ അവിടെ ആ ഉൽപന്നം വൻ പരാജയമായിത്തീർന്നു..!! പ്രധാനമായും അതിന്‌ രണ്ട്‌ കാരണങ്ങളാണ്‌ ഉണ്ടായിരുന്നത്‌.

ഒന്ന്, ജപ്പാനിലെ വെള്ളത്തിന്‌ സാന്ദ്രത കൂടുതലായതിനാൽ വാഷിംഗ്‌ പൗഡർ ആ വെള്ളത്തിലലിഞ്ഞു ചേരാതെ ചെറിയ ചെറിയ കട്ടകളായി പൊങ്ങിക്കിടന്നു.

രണ്ട്‌, ജപ്പാൻകാരെ സംബന്ധിച്ചിടത്തോളം അവർ വസ്ത്രങ്ങളുടെ സുഗന്ധത്തേക്കാൾ അവയുടെ വെണ്മക്കായിരുന്നു പ്രാധാന്യം കൽപിച്ചിരുന്നത്‌.

ഇതിൽ നിന്ന് തന്നെ വേണ്ട വിധം റിസേർച്ച്‌ ചെയ്യാതെ ഒരു ഉൽപന്നം വിപണിയിലിറക്കിയാൽ ഏത്‌ വലിയ കമ്പനിയും മൂക്ക്‌ കുത്തി വീഴും എന്ന് നമുക്ക്‌ മനസ്സിലാക്കാം. നിങ്ങളുടെ ഉൽപന്നമോ സേവനമോ എന്തുമാകട്ടേ, നിങ്ങളുടെ ബിസിനസ്സ്‌ പ്ലാനുമായി മുമ്പോട്ട്‌ പോകുന്നതിന്‌ മുമ്പ്‌ അതിനെക്കുറിച്ച്‌ നന്നായി പഠനം നടത്തിയ ശേഷം മാത്രം അടുത്ത ചുവടുവെക്കുക. കാരണം, പഠനങ്ങൾ അറിവ്‌ പകരും. അറിവ്‌ ആത്മവിശ്വാസം പകരും. പിഴവുകൾ തിരുത്തി മുമ്പോട്ട്‌ പോകാൻ അവ സഹായിക്കും. ഓരോ പരീക്ഷണഫലങ്ങളും ഭാവിയിലേക്കുള്ള ചൂണ്ടുപലകകളാണ്‌. പരീക്ഷണങ്ങളോ പഠനങ്ങളോ ഇല്ലാത്ത സംരംഭങ്ങൾ പാതിവഴിയിൽ ഗതിമുട്ടി നിന്നു പോകും. എന്നാൽ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും തീരുമാനങ്ങളെടുക്കുന്ന ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ആ അറിവ്‌ തന്നെയാണ്‌ അയാളുടെ ഏറ്റവും വലിയ ആസ്തി.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share