നെറ്റ് വർക്കിംഗിലൂടെ എങ്ങനെ ബിസിനസ് ബന്ധങ്ങൾ കെട്ടിപ്പടുക്കാം

Importance of Business Networking

Networking എന്നത് വ്യക്തികൾ തമ്മിലുള്ള പരിചയശൃംഖലയിലൂടെയുള്ള വളർച്ചയാണ്. അത് നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരുകയും, നിങ്ങളുടെ വളർച്ചയുടെ വേഗം കൂട്ടുകയും ചെയ്യും. നിങ്ങളുടെ വിജയത്തിൻ്റെ ഉത്ഭവസ്ഥാനം നിങ്ങൾ തന്നെയാണെങ്കിലും അതിൻ്റെ വളർച്ച മറ്റു വ്യക്തികളുമായുള്ള നിങ്ങളുടെ സമ്പർക്കങ്ങളിലൂടെയും സഹവർത്തിത്വത്തിലൂടെയുമാണ് സംഭവിക്കുന്നത്.

ബിസിനെസ്സിൽ നെറ്റ് വർക്കിംഗ് കൊണ്ടുള്ള ഗുണങ്ങൾ

1. പുതിയ ലീഡുകളും അത് വഴി പുതിയ ക്ലയന്റുകളെയും കിട്ടാൻ സഹായിക്കുന്നു.

2. നിങ്ങളുടെ ബിസിനസ്സിന് കൂടുതൽ വളരാനുള്ള സാഹചര്യങ്ങളൊരുക്കുന്നു.

3. ഉപഭോക്താക്കളെ മാത്രമല്ല, നിങ്ങളുടെ സ്ഥാപനത്തിന് പ്രാപ്തരായ തൊഴിലാളികളെയും കണ്ടെത്താൻ സഹായിക്കുന്നു.

4. നിങ്ങളുടെ ബിസിനസ്സ് മേഖലയെ പറ്റിയും, കമ്പോള സാഹചര്യങ്ങളെക്കുറിച്ചും, ഉപഭോക്താക്കളുടെ അഭിരുചികളെക്കുറിച്ചുമെല്ലാം വസ്തുനിഷ്ഠമായ വിവരങ്ങൾ സമ്പാദിക്കാൻ സഹായിക്കുന്നു.

5. നിങ്ങളുടെ ബിസിനസ്സിനോടനുബന്ധിച്ച മറ്റു ബിസിനസ്സുകൾ ചെയ്യുന്ന ആളുകളെ പരിചയപ്പെടാനും പരസ്പരസഹകരണത്തിലൂടെ ബിസിനസ്സ് മെച്ചപ്പെടുത്തുവാനും ഇടയാക്കുന്നു.

6. നിങ്ങളുടെ സാമൂഹികമായ ജീവിതത്തിനും മാനസികോല്ലാസത്തിനും ഏറെ ഗുണം ചെയ്യുന്നു.

നെറ്റ് വർക്കിങ്ങിലൂടെ ബിസിനസ്സ് മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. പോസിറ്റിവിറ്റിയുടെ പ്രതിരൂപമാകുക

നിങ്ങൾ പോസിറ്റീവ് മനോഭാവമുള്ളവരും പ്രസന്നഭാവം സൂക്ഷിക്കുന്നവരുമാണെങ്കിൽ ആളുകൾക്ക് നിങ്ങളുമായി അടുക്കാനും ബന്ധം സ്ഥാപിക്കാനും താല്പര്യമുണ്ടാകും. നേരെ മറിച്ച്, നിങ്ങൾ എന്തിലും കുറ്റം കണ്ടെത്തുന്നവരും, നിരന്തരം പരാതിപ്പെട്ടുകൊണ്ടിരിക്കുന്നവരും, മ്ലാനവദനരുമാണെങ്കിൽ അവർ നിങ്ങളെ അവഗണിക്കുകയും നിങ്ങളിൽ നിന്ന് അകലം പാലിക്കുകയും ചെയ്യും. പോസിറ്റീവ് ആയി ചിന്തിക്കുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും റെക്കമെൻറ് ചെയ്യാനും ആളുകൾക്ക് മടിയുണ്ടാവില്ല. നേരെമറിച്ച്, നാം രണ്ടാമത് പറഞ്ഞ കൂട്ടർക്ക് വേണ്ടി ശുപാർശ പറയാൻ ആർക്കും ധൈര്യമുണ്ടാവില്ല.

അതുകൊണ്ട് എപ്പോഴും ഒരു പോസിറ്റീവ് മനോഭാവം കാത്തു സൂക്ഷിക്കുക. ആരെക്കുറിച്ചും മോശമായി സംസാരിക്കാതിരിക്കുക. വാക്കിലും നോക്കിലും പ്രവൃത്തിയിലും കുലീനത പുലർത്തുക.

2. സംഘടനകളിലും ഓൺലൈൻ ഫോറങ്ങളിലും സജീവമാകുക

ജെ.സി.ഐ, ലയൺസ് ക്ലബ്, റോട്ടറി ക്ലബ് പോലുള്ള സംഘടനകളിൽ മെമ്പർഷിപ്പെടുക്കുന്നതും അവയിൽ സജീവമായി പ്രവർത്തിക്കുന്നതും വളരെ നല്ലതാണ്. ഒട്ടേറെ നല്ല ഉപഭോക്താക്കളെയും മറ്റു ബിസിനസ്സ് പങ്കാളികളെയും കണ്ടെത്താൻ ഇത്തരം സദസ്സുകൾ വളരെ സഹായകമാണ്. ബിസിനസ്സ് മീറ്റിങ്ങുകൾക്ക് മാത്രമല്ല, മറ്റു കലാപരിപാടികൾക്കും കുടുംബ സംഗമങ്ങൾക്കും സാന്നിധ്യമറിയിക്കുന്നതും കഴിവുകൾ പ്രകടിപ്പിക്കുന്നതും വളരെ നല്ലതാണ്.

വെറുതെ ഒരു മെമ്പർഷിപ്പ് എന്നതിനപ്പുറം ഇത്തരം സംഘടനകളുടെ ഭാരവാഹിത്വം ഏറ്റെടുക്കുന്നതും വിവിധ പ്രോജക്ടുകളുടെ നേതൃത്വമേറ്റെടുക്കുന്നതും ഏറെ ഗുണം ചെയ്യും. ഇത്തരം സംഘടനകളിലും കൂട്ടായ്മകളിലും വെറുതെ ബലം പിടിച്ചിരിക്കാതെ എല്ലാവരുമായും ഇഴുകിച്ചേരാനും, ബന്ധം സ്ഥാപിക്കാനും, ഇറങ്ങി പ്രവർത്തിക്കാനും തയ്യാറാകുന്നവരോട് മറ്റു മെമ്പർമാർക്ക് ഇഷ്ടവും ബഹുമാനവും തോന്നും. നിങ്ങളെയും നിങ്ങളുടെ ബിസിനസ്സിനെയും കുറിച്ച് കൂടുതൽ അറിയാൻ ഇത് മറ്റുള്ളവരെ പ്രേരിപ്പിക്കും.

ലിങ്ക്ഡിൻ (LinkedIn) പോലുള്ള പ്രൊഫഷണൽ സോഷ്യൽ മീഡിയ ഫോറങ്ങളിലും, മറ്റു ഓൺലൈൻ ഫോറങ്ങളിലും, വാട്സ് ആപ്പ് – ഫേസ്‌ബുക്ക് കൂട്ടായ്മകളിലും സജീവമാകുന്നതും വളരെ നല്ലതാണ്. ട്രേഡ് ഫെയറുകളിലും, ബിസിനസ്സ് സംബന്ധമായ സെമിനാറുകളിലും കോൺഫറൻസുകളിലും പങ്കെടുക്കുന്നതും അങ്ങേയറ്റം പ്രയോജനപ്പെടും.

3. മറ്റുള്ളവരെ വളരാൻ സഹായിക്കുക

പരസ്പരം സഹായിച്ചുകൊണ്ടും ആശ്രയിച്ചുകൊണ്ടുമുള്ള വളർച്ചയാണ് നെറ്റ് വർക്കിംഗ് കൊണ്ടുദ്ദേശിക്കുന്നത്. അവിടെ തനിക്കെന്ത് കിട്ടുന്നു എന്നതിൽ മാത്രമായിരിക്കരുത് ശ്രദ്ധ, നാം മറ്റുള്ളവർക്ക് എന്ത് നൽകി എന്നതും വളരെ പ്രധാനമാണ്. നൽകിയാൽ മാത്രമേ നേടാൻ സാധിക്കുകയുള്ളൂ. നിങ്ങൾ എന്ത് നൽകുന്നുവോ അത് ഇരട്ടിയായി നിങ്ങൾക്ക് തിരികെ ലഭിക്കും.

അതുകൊണ്ട് നിങ്ങൾ ആദ്യം ചെയ്യേണ്ടത് മറ്റുള്ളവരെ സഹായിക്കുക എന്നതാണ്. അത് നിങ്ങൾക്കുവേണ്ടിയും എന്തെങ്കിലുമൊക്കെ ചെയ്യാൻ അവരെ പ്രേരിപ്പിക്കും. നിങ്ങളുടെ നെറ്റ് വർക്കിൽ ഉള്ള ഒരാൾ നിങ്ങളുടെ ഉല്പന്നം വാങ്ങണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ആദ്യം അവരുടെ ഉല്പന്നം വാങ്ങി ഉപയോഗിക്കാൻ തയ്യാറാകണം. അതുപോലെ നിങ്ങളുടെ പരിചയവലയത്തിലുള്ള മറ്റുള്ളവർക്ക് നിങ്ങൾ അയാളുടെ ഉല്പന്നം റെഫർ ചെയ്യുകയും വേണം. അപ്പോൾ അയാൾ അയാളുടെ പരിചിതവലയത്തിലുള്ളവർക്ക് നിങ്ങളുടെ ഉല്പന്നവും റെഫർ ചെയ്യും. ഇത് ഇരുകൂട്ടരുടെയും ബിസിനസ്സ് വളരാൻ സഹായിക്കും.

നിങ്ങൾ അവരുടെ ഉല്പന്നം മറ്റുള്ളവർക്ക് റെഫർ ചെയ്യുന്നതിന് മുമ്പ് അതിൻ്റെ ഗുണനിലവാരവും മറ്റും ഉറപ്പ് വരുത്തിയിരിക്കണം. മോശപ്പെട്ട ഉത്പന്നം ഒരു കാരണവശാലും റെഫർ ചെയ്യരുത്. അത് നിങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. നിങ്ങൾ അവരുടെ ഉല്പന്നം ഉപയോഗിച്ച് നോക്കി വല്ല കുറ്റമോ കുറവോ ഗുണമേന്മയില്ലായ്മയോ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ അത് അവരെ അറിയിക്കുകയും വേണം. അതേ സമയം ഒരു കാരണവശാലും ഒരു മോശം ഉപഭോക്താവിനെ നിങ്ങളുടെ നെറ്റ് വർക്കിൽ ഉള്ളവർക്ക് റെഫർ ചെയ്യരുത്. അവർക്ക് അയാളെക്കൊണ്ട് വല്ല ബുദ്ധിമുട്ടും ഉണ്ടായാൽ അത് പിന്നീട് നിങ്ങൾക്കും ദോഷം ചെയ്യും.

നിങ്ങൾ ഒരാളെ റെഫർ ചെയ്താൽ അയാൾ നിങ്ങളുടെ പേര് പറയുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. എങ്കിൽ മാത്രമേ, അവർക്ക് നിങ്ങൾ നൽകുന്ന സഹായം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

4. വിവരങ്ങൾ പങ്കുവെക്കുക

മറ്റുള്ളവരുടെ ബിസിനസ്സിനോ വ്യക്തിപരമായ കാര്യങ്ങൾക്കോ ഗുണകരമായ എന്തെങ്കിലും വസ്തുക്കൾ നിങ്ങളുടെ അറിവിലുണ്ടെങ്കിൽ അതവർക്ക് പറഞ്ഞു കൊടുക്കുക. ഉദാ: പാക്കിങ്ങിനുള്ള ഒരു പുതിയ ടെക്നോളോജിയെക്കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ ഫുഡ് ഡെലിവറി ബിസിനസ്സ് ചെയ്യുന്ന ഒരാൾക്ക് അത് പറഞ്ഞു കൊടുക്കുക. അത് പോലെ, ബോഡി ഫിറ്റ്നസ്സിനെക്കുറിച്ചും വ്യായാമമുറകളെക്കുറിച്ചുമുള്ള നല്ല ലേഖനങ്ങളോ ഫീച്ചറുകളോ വായിച്ചാൽ ശരീരഭാരം കുറക്കണം എന്ന ലക്ഷ്യവുമായി നടക്കുന്ന ഒരാൾക്ക് അത് അയച്ചു കൊടുക്കുക. അതുപോലെ അവരുടെ ബിസിനസുമായി ബന്ധപ്പെട്ട പത്രവാർത്തകളും മറ്റു ഉപകാരപ്രദമായ കുറിപ്പുകളും അയച്ചു കൊടുക്കുക.

എന്തെങ്കിലും അസുഖം മൂലം വിഷമതകൾ അനുഭവിക്കുന്നവർക്ക് ഏതെങ്കിലും നല്ല ആശുപത്രിയുടെ പേരോ ഡോക്ടറുടെ പേരോ നിർദ്ദേശിക്കാം. ഇങ്ങനെ ചെയ്‌താൽ നിങ്ങൾക്ക് അവരോട് അളവറ്റ സ്നേഹവും താല്പര്യവുമുണ്ടെന്ന് അവർക്ക് തോന്നുകയും അവർക്ക് തിരിച്ചും നിങ്ങളോടുള്ള താല്പര്യം വർദ്ധിക്കുകയും ചെയ്യും. നിങ്ങൾക്ക് ഉപകാരപ്പെടുന്ന വിഷയങ്ങളും അറിവുകളും നിങ്ങളുമായും പങ്കുവെക്കാൻ ഇതവർക്ക് പ്രേരണയാകും.

5. നല്ല ഒരു കേൾവിക്കാരനാകുക

ആളുകൾക്ക് നന്നായി സംസാരിക്കുന്നവരേക്കാൾ ഇഷ്ടം തങ്ങളെ ഉള്ളുതുറന്ന് കേൾക്കാൻ തയ്യാറുള്ളവരെയാണ്. തങ്ങളുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുകയും അതിന് അനുയോജ്യമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നവരെ എല്ലാവരും ഇഷ്ടപ്പെടുന്നു. നിങ്ങൾ നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ച് പറയുമ്പോൾ അവർ കേട്ടിരിക്കുന്നത് പോലെ തന്നെ അവർ അവരുടെ ബിസിനസ്സിനെക്കുറിച്ച് പറയുമ്പോൾ അത് ശ്രദ്ധിച്ചു കേൾക്കാനുള്ള മനസ്സും നിങ്ങൾ കാണിക്കണം. ഇത് അവരുടെ ഉള്ളിൽ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് വർദ്ധിപ്പിക്കും.

6. ബന്ധം നിലനിർത്തുക

നമ്മുടെ പരിചയക്കാർ ആരെങ്കിലും ഇടക്ക് വിളിച്ച് നമ്മുടെ ക്ഷേമമന്വേഷിക്കുകയോ ആശംസകളർപ്പിക്കുകയോ ഒക്കെ ചെയ്യുമ്പോൾ നമുക്കത് വളരെ സന്തോഷമുണ്ടാക്കില്ലേ? അത് പോലെ തന്നെയാണ് മറ്റുള്ളവർക്കും. നെറ്റ് വർക്കിൽ ഉള്ള ആളുകളെ ഇടക്കൊന്ന് വിളിച്ച് സുഖവിവരങ്ങൾ തിരക്കുന്നത് വളരെ നല്ല കാര്യമാണ്. അത് പോലെ ഓണം, ക്രിസ്ത്മസ്, ഈദ് പോലുള്ള വിശേഷദിവസങ്ങളിൽ വിളിച്ച് ആശംസകളർപ്പിക്കുന്നതും ജന്മദിനാശംസകൾ, വിവാഹ വാർഷികാശംസകൾ എന്നിവ അർപ്പിക്കുന്നതും വളരെ നല്ലതാണ്.

അതുപോലെ അവർ മുഖാന്തരം നിങ്ങൾക്ക് പുതിയ ലീഡുകളോ പുതിയ ഉപഭോക്താക്കളെയോ കിട്ടിയാൽ അതിന് നന്ദി അറിയിച്ചുകൊണ്ടുള്ള മെസ്സേജോ മെയിലോ ഉടനെ അയക്കുക.

സോഷ്യൽ മീഡിയ വഴി അവരെ ഫോളോ ചെയ്യുകയും അവർക്കുണ്ടാകുന്ന ഉയർച്ചകളിലും അംഗീകാരങ്ങളിലും അവർക്ക് ആശംസാകുറിപ്പുകൾ അയക്കുകയും ചെയ്യുക. ഇടക്ക് ചെറിയ ഗിഫ്റ്റുകളുമായി അവരുടെ വീടുകൾ സന്ദർശിക്കുന്നതും നല്ല ഒരു മാതൃകയാണ്. ഉദാ: പരിസ്ഥിതി ദിനത്തിന് അവരുടെ ഗൃഹം സന്ദർശിച്ച് ഒരു വൃക്ഷത്തൈ സമ്മാനിക്കുന്നതും വായനാദിനത്തിൽ ഒരു പുസ്തകം സമ്മാനിക്കുന്നതും അവർക്ക് സന്തോഷം നൽകും.

സുഖമില്ലാത്തവരെ സന്ദർശിക്കുന്നതും അവരുടെ അസുഖം ഭേദപ്പെടാൻ പ്രാർത്ഥിക്കുന്നതും ബന്ധങ്ങൾ ദൃഢപ്പെടാൻ സഹായിക്കും.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്തെന്നാൽ, ഒരു കാരണവശാലും ഇത്തരം ഫോൺ കാളുകൾക്കും സന്ദർശനങ്ങൾക്കുമിടയിൽ നിങ്ങളുടെ ബിസിനസിനെ പ്രൊമോട്ട് ചെയ്യാൻ ശ്രമിക്കരുത്. ബന്ധങ്ങൾ വളരുന്നതിനനുസരിച്ച് ബിസിനസ് താനേ വളർന്നു കൊള്ളും.

7. എല്ലാവരെയും ഒരു പോലെ പരിഗണിക്കുക

വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും സമഭാവനയോടെ കാണുക. ആരോടും അമിതമായ പരിഗണയോ അവഗണനയോ കാണിക്കാതിരിക്കുക. ആരിൽ നിന്നാണ് ഒരു മാറ്റത്തിൻ്റെ കാറ്റ് വീശുന്നതെന്ന് നമുക്ക് പറയാൻ സാധിക്കില്ല. നമ്മുടെ ഉത്പന്നം വാങ്ങാൻ സാധ്യതയുള്ളവരോടും ഒട്ടും സാധ്യതയില്ലാത്തവരോടും നമ്മൾ ഒരേ രീതിയിൽ പെരുമാറണം. നമ്മുടെ ഉത്പന്നം വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത വ്യക്തി പോലും അയാൾക്ക് നമ്മെ ഇഷ്ടമായാൽ നമ്മുടെ ഉത്പന്നം പ്രൊമോട്ട് ചെയ്യാൻ തയ്യാറാകും.

8. ഒരു പ്രത്യേക ഗ്രൂപ്പിൻ്റെ ഭാഗമാകാതിരിക്കുക

നമ്മൾ ഒരിക്കലും ഏതെങ്കിലും ഒരു ഗ്രൂപ്പിൻ്റെയോ കോക്കസിൻ്റെയോ ഭാഗമാകരുത്. ബിസിനസ് മീറ്റിങ്ങുകൾക്കോ സെമിനാറിനോ കോൺഫറൻസിനോ ഒക്കെ പോയാൽ ആദ്യാവസാനം ഒരേ ഗ്രൂപ്പിനൊപ്പം തന്നെ ഇരിക്കാതെ ഇടക്കൊന്ന് സ്ഥലം മാറിയിരിക്കാനും പുതിയ വ്യക്തികളെ പരിചയപ്പെടാനും കൂടുതൽ ആളുകളുമായി ഇടപഴകാനും ശ്രമിക്കുക. നമുക്ക് നമ്മുടെ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും കൂടെ എപ്പോൾ വേണമെങ്കിലും സമയം ചെലവിടാൻ സാധിക്കും. പക്ഷെ പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ ഇത് പോലുള്ള അവസരങ്ങൾ വിരളമായേ നമുക്ക് കിട്ടൂ.

9. കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടക്കുക

എല്ലാവരും എന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെടട്ടെ എന്ന ജാഡയൊക്കെ അവസാനിപ്പിക്കുക. നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കാരണം സങ്കോചപ്പെട്ട് നിൽക്കുന്നവരുണ്ടാകും. അതിനാൽ കഴിവതും ആളുകളെ അങ്ങോട്ട് കയറി പരിചയപ്പെടുക. എല്ലാവരോടും ഹൃദ്യമായി പുഞ്ചിരിക്കുക. നിങ്ങൾക്ക് അവരോട് സംസാരിക്കാനും പരിചയം സ്ഥാപിക്കാനും താല്പര്യമുണ്ട് എന്നതിൻ്റെ സൂചനയാണ് ആ പുഞ്ചിരി. നിങ്ങളുടെ പുഞ്ചിരി ഒരു കാന്തം പോലെ മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കും. ബലം പിടിത്തമില്ലാതെ എല്ലാവരുമായും അടുക്കാനും ബന്ധപ്പെടാനും ശ്രമിക്കുക.

10. സഹായം ചോദിക്കാൻ മടി കാണിക്കാതിരിക്കുക

ഒരാളെ പരിചയപ്പെട്ടു കഴിഞ്ഞാൽ, നിങ്ങളുടെ ബിസിനസിനെ പറ്റി പറഞ്ഞു കാർഡ് കൈമാറിക്കഴിഞ്ഞാൽ, അവരോട് നിങ്ങളുടെ പ്രൊഡക്ടുകളും സേവനങ്ങളും പ്രയോജനപ്പെടുത്താൻ ആവശ്യപ്പെടുന്നതിൽ ഒരു തെറ്റുമില്ല. പക്ഷെ നിങ്ങളുടെ ഉത്പന്നം മാർക്കറ്റ് ചെയ്യാൻ വേണ്ടി മാത്രമാണ് നിങ്ങൾ അവരെ പരിചയപ്പെട്ടത് എന്ന ഒരു തോന്നൽ അവരിൽ ഉണ്ടാക്കരുത്. ഒറ്റ വാക്കിൽ കാര്യം പറയുക. ഉദാ: “ഒരു തവണ നമ്മുടെ പ്രോഡക്ട് ഒന്ന് വാങ്ങി ഉപയോഗിച്ച് നോക്കൂ”, “അത് വഴി വരുമ്പോൾ നമ്മുടെ സ്ഥാപനത്തിലൊന്ന് കയറി നോക്കൂ” എന്നിങ്ങനെ. അതുപോലെ “നിങ്ങളുടെ സുഹൃത്തുക്കൾക്കോ പരിചയക്കാർക്കോ ഈ സേവനം ആവശ്യമുണ്ടെങ്കിൽ നമ്മുടെ കമ്പനിയുടെ പേര് ഒന്ന് സജസ്റ്റ് ചെയ്യണേ” എന്ന് പറഞ്ഞു അവരിലൂടെ റഫറൻസ് കിട്ടും എന്നും ഉറപ്പ് വരുത്താവുന്നതാണ്.

11. വീണ്ടും ബന്ധപ്പെടാൻ കിട്ടുന്ന അവസരങ്ങൾ വിനിയോഗിക്കുക

ആ മീറ്റിംഗോ കോൺഫറൻസോ കഴിഞ്ഞു പിരിഞ്ഞു പോകും മുമ്പ് അവരെ ഒരു വട്ടം കൂടി കണ്ട് യാത്ര ചോദിച്ച്‌ പിരിയുക. അത് കഴിഞ്ഞു, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അവർക്ക് ഒരു ചെറിയ മെസ്സേജോ മെയിലോ അയക്കുക. കഴിഞ്ഞ ദിവസം മീറ്റിംഗിൽ/കോൺഫറൻസിൽ വെച്ച് അവരെ പരിചയപ്പെടാൻ സാധിച്ചതിലുള്ള സന്തോഷം അറിയിക്കുക. ആ മീറ്റിംഗിൽ/കോൺഫറൻസിൽ അവർ നടത്തിയ പ്രസംഗത്തെയോ, പ്രെസൻ്റെഷനെയോ, പ്രബന്ധത്തെയോ പ്രശംസിച്ച് കൊണ്ട് ചില കാര്യങ്ങൾ കൂടി പറയുക. കഴിയുമെങ്കിൽ അവരുടെ പ്രസംഗത്തിൽ നിന്നുള്ള ഏതാനും ഉദ്ധരണികൾ കൂടി എടുത്ത് പറയാം.

അവർ ആ മീറ്റിംഗിൽ/കോൺഫറൻസിനിടെ നിരവധി ആളുകളെ പരിചയപ്പെട്ടിട്ടുണ്ടാകാം. എന്നാൽ അവർ ആരും ചെയ്യാത്ത ഒരു കാര്യം നിങ്ങളിൽ നിന്നവർക്ക് കിട്ടുമ്പോൾ അത് കാലങ്ങളോളം നീണ്ടു കിടക്കുന്ന ഒരു ബന്ധത്തിനുള്ള തുടക്കമാകും. വേണമെങ്കിൽ നിങ്ങളുടെ ബ്രോഷറും കൂടി അയക്കുക. അവർക്ക് നിങ്ങളുടെ സേവനം ഏതെങ്കിലും രീതിയിൽ പ്രയോജനപ്പെടുമെങ്കിൽ ബന്ധപ്പെടാൻ മടിക്കരുത് സ്നേഹപൂർവ്വം അറിയിക്കുക.

ഇത് ആ മീറ്റിംഗോ കോൺഫറൻസോ കഴിഞ്ഞു 48 മണിക്കൂറിനുള്ളിലാണെങ്കിൽ ഏറെ ഗുണം ചെയ്യും. കാരണം ആ സമയത്ത് നിങ്ങളുടെ മുഖവും രൂപവും നിങ്ങൾ സംസാരിച്ച കാര്യങ്ങളും അവരുടെ ഓർമയിൽ ഉണ്ടാകും. വൈകും തോറും ആ ഓർമകൾക്ക് തെളിച്ചം കുറയും.

12. എപ്പോഴും ആവശ്യത്തിന് വിസിറ്റിംഗ് കാർഡുകൾ കൈയിൽ കരുതുക

നിങ്ങളുടെ ബിസിനസ് കാർഡാണ് നിങ്ങളുടെ ഐഡൻറിറ്റി. നിങ്ങളുടെ ബിസിനസ്സ് കാർഡ് ഒരു പ്രൊഫഷണൽ ലുക്കുള്ളതും ആകർഷകവുമാക്കാൻ ശ്രദ്ധിക്കുക. അമിതമായ നിറങ്ങൾ വാരിക്കോരിയൊഴിക്കാതെ, അളവിൽ കൂടുതൽ വിവരങ്ങൾ കുത്തിക്കൊള്ളിക്കാതെ കമനീയമായ രീതിയിൽ തയ്യാറാക്കുക. നിങ്ങളുടെ കമ്പനിയുടെ പേര്, ലോഗോ, വിലാസം, ഫോൺ നമ്പർ എന്നിവക്കൊപ്പം നിങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുക. എല്ലാം കൂടി ഒരു വശത്ത് തന്നെ കുത്തിക്കൊള്ളിക്കാതെ കാർഡിൻ്റെ ഇരുവശത്തുമായി നൽകുക.

കാർഡുകൾ എപ്പോഴും കൈയിൽ കരുതുക. ഒരാളെ പരിചയപ്പെട്ടു കഴിഞ്ഞാൽ കാർഡ് കൈമാറുക. അവരുടെ കാർഡ് ചോദിച്ചു വാങ്ങാനും മറക്കരുത്. അവരുടെ പരിചയക്കാർക്ക് നൽകുന്നതിനായി രണ്ടോ മൂന്നോ കാർഡുകൾ കൂടുതൽ നൽകുന്നതും നല്ലതാണ്. പ്രിൻ്റഡ് കാർഡുകൾക്ക് പുറമെ ഡിജിറ്റൽ ബിസിനസ്സ് കാർഡുകൾ കൂടി ഉപയോഗിക്കുക. ലോകത്തിലെ ഏറ്റവും മികച്ച സെയിൽസ്മാനായ ജോ ഗിരാഡ് (Joe Girard) വിസിറ്റിംഗ് കാർഡ് ഉപയോഗിച്ചാണ് ഇത്രയും വിപുലമായ ഒരു കസ്റ്റമർ ബെയ്‌സ് ഉണ്ടാക്കിയെടുത്തത്.

13. ചടങ്ങുകൾക്ക് ക്ഷണിക്കുക

നിങ്ങളുടെ സ്ഥാപനത്തിലും കുടുംബത്തിലുമൊക്കെ നടക്കുന്ന ചടങ്ങുകൾക്ക് അവരെ ക്ഷണിക്കുക. അത് പോലെ അവർ ക്ഷണിച്ചാലും മടി കൂടാതെ സ്വീകരിക്കുകയും ആ ചടങ്ങിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുക. ഇത്തരം ചടങ്ങുകളും നെറ്റ് വർക്കിങ്ങിനുള്ള മികച്ച അവസരങ്ങളാണെന്ന കാര്യം ഓർക്കുക. ഇനി അഥവാഎന്തെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടായാൽ, ആശംസകളും പാരിതോഷികങ്ങളും അയക്കുക. കഴിയുന്ന രീതിയിലെല്ലാം അവരുമായി collaborate ചെയ്യുക.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share