ഇന്നൊവേഷൻ : ഒരു നിസാൻ മാതൃക

Innovation from Nissan

ഒരു നല്ല ബിസിനസ്സുകാരനും മോശം ബിസിനസ്സുകാരനും തമ്മിലുള്ള സുപ്രധാനമായ വ്യത്യാസം എന്താണെന്നറിയാമോ?

ഒരു മോശം ബിസിനസ്സുകാരൻ തനിക്ക്‌ നിർമ്മിക്കാൻ ഏറ്റവും സൗകര്യമുള്ള ഒരു ഉൽപന്നം നിർമ്മിച്ച്‌ അത്‌ വിപണിയിലിറക്കും. അതുകൊണ്ട്‌ ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ, ഉപഭോക്താക്കളുടെ ഏതെങ്കിലും ഒരു കാതലായ പ്രശ്നത്തിന്‌ അത്‌ പരിഹാരം കാണുന്നുണ്ടോ, അത്‌ അയാളെ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നീ വിഷയങ്ങളിലൊന്നും അയാൾ വലിയ താൽപര്യം കാണിക്കുകയില്ല. എന്നാൽ ഒരു നല്ല ബിസിനസ്സുകാരൻ അങ്ങനെയല്ല. അയാൾ തനിക്ക്‌ ഏറ്റവും സൗകര്യമുള്ള ഉൽപന്നമല്ല, ഉപഭോക്താവിന്‌ ഏറ്റവും ആവശ്യമുള്ള ഉൽപന്നങ്ങളാകും നിർമ്മിക്കുക. അയാൾ ആദ്യം ഉപഭോക്താക്കളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മറ്റും പഠിക്കാൻ ശ്രമിക്കും. അതുമായി ബന്ധപ്പെട്ട്‌ ഇപ്പോൾ വിപണിയിലുള്ള മറ്റു ഉൽപന്നങ്ങൾ കാണാനും, അതിൻ്റെ മേന്മകളും കുറവുകളും മനസ്സിലാക്കാനും ശ്രമിക്കും. എന്നിട്ട്‌ അവയുടെ മേന്മകൾ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ടും കുറവുകൾ പരിഹരിച്ചുകൊണ്ടുമുള്ള ഒരു ഉൽപന്നം വികസിപ്പിച്ചെടുത്ത്‌ വിപണിയിലിറക്കും.

ഈ ഒരു ഘടകം തന്നെയാണ്‌ ബിസിനസ്സിൽ വിജയികളെയും പരാജിതരെയും തീരുമാനിക്കുന്നതും. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി തങ്ങളുടെ ഉൽപന്നങ്ങളിലൂടെ അവ നിവർത്തിക്കുന്ന സംരംഭകർ വിജയിക്കുന്നു. നേരെ മറിച്ച്‌ തങ്ങൾക്കിഷ്ടമുള്ള എന്തെങ്കിലുമൊക്കെ ഉണ്ടാക്കി അത്‌ ജനങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ഉദ്ദേശിക്കുന്നവർ അമ്പേ പരാജയപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട്‌ തന്നെ, ഉപഭോക്താവിന്‌ ഏറ്റവും മികച്ചത്‌ നൽകുക എന്നതായിരിക്കണം ഒരു സംരംഭകൻ്റെ ലക്ഷ്യം. ഈ ‘മികച്ചത്‌’ എന്താണെന്നതിനെക്കുറിച്ച്‌ ദൈവീകമായ വെളിപാടുകളൊന്നും ഉണ്ടാകാൻ പോകുന്നില്ല. അത്‌ ഒരോ സംരംഭകനും സ്വയം അന്വേഷിച്ച്‌ കണ്ടെത്തുക തന്നെ വേണം. ചില സംരംഭകർ ഈ കണ്ടെത്തലിനായി ഏതറ്റം വരെയും പോകും. അതിന്‌ ഏറ്റവും മികച്ച ഉദാഹരണമാണ്‌ ‘നിസാൻ’ കാർ കമ്പനി.

നിസാൻ കാർ കമ്പനി യൂറോപ്യൻ മാർക്കറ്റിലേക്ക്‌ ചുവടെടുത്തുവെച്ചപ്പോൾ ജപ്പാനിൽ പയറ്റി വിജയിച്ച അതേ വാർപ്പ്‌ മാതൃകയിലുള്ള ഒരു കാർ വിപണിയിലിറക്കുകയല്ല ചെയ്തത്‌. അതേസമയം, യൂറോപ്യൻ രൂപലാവണ്യമുള്ള ബോഡിയിൽ ജാപ്പനീസ്‌ എഞ്ചിൻ ഘടിപ്പിക്കുകയുമല്ല ചെയ്തത്‌. പകരം ഒരു സംഘം വാഹന ഡിസൈനർമാരെ അവർ യൂറോപ്പിലേക്ക്‌ അയച്ചു. വിമാനമിറങ്ങിയ ശേഷം അവർ ഓരോരുത്തരും വിവിധ തരം കാറുകൾ വാടകക്കെടുത്ത്‌ ആയിരക്കണക്കിന്‌ കിലോമീറ്ററുകൾ യൂറോപ്പിൽ തലങ്ങും വിലങ്ങും ഓടിച്ചു. യൂറോപ്പിൽ വാഹനമോടിക്കുന്ന അനുഭവം എന്താണെന്ന് മനസ്സിലാക്കുന്നതിനായിരുന്നു ഇത്‌. ഒന്നിനൊന്ന് വ്യത്യസ്ഥമായ പാതകളിലൂടെ – ഫ്രഞ്ച്‌ പർവ്വതനിരകളിലൂടെയും, ഇറ്റലിയിലെ ഗ്രാമാന്തരങ്ങളിലൂടെയും, ജർമ്മനിയിലെ അതിവേഗ ഹൈവേകളിലൂടെയും – വാഹനമോടിച്ച്‌ ആവശ്യമായ ധാരണ അവർ സ്വന്തമാക്കി.

എന്നിട്ട്‌ അവർ തിരിച്ചുവന്ന് യൂറോപ്പിലെ ഡ്രൈവർമാർക്ക്‌ അനുയോജ്യമായ ഒരു കാർ രൂപകൽപന ചെയ്തു. യൂറോപ്പിലെ കാർ ഉപഭോക്താവിന്‌ എന്താണ്‌ ആവശ്യം എന്ന് അനുഭവിച്ചറിഞ്ഞ്‌ അതിനനുസരിച്ചുള്ള ഒരു ഉൽപന്നം നിർമ്മിക്കുകയായിരുന്നു നിസാൻ ചെയ്തത്‌. മാർക്കറ്റ്‌ റിസർച്ചിലും പ്രൊഡക്ട്‌ ഡിസൈനിംഗിലും ഇന്നൊവേഷനിലുമുള്ള ഈ ഒരു ശ്രദ്ധയും ശുഷ്കാന്തിയും തന്നെയാണ്‌ നിസാൻ എന്ന പേരിനെ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിലൊന്നായി മാറ്റിയതും.

നമ്മൾ എത്രത്തോളം ഒരു ഉപഭോക്താവിൻ്റെ ഹൃദയം തൊട്ടറിയാൻ ശ്രമിക്കുന്നോ അത്രത്തോളം നമ്മുടെ ഉൽപന്നവും മികച്ചതാക്കാൻ സാധിക്കും. നാം എത്ര ആഴത്തിലേക്കിറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പഠിച്ചെടുക്കാൻ ശ്രമിക്കുന്നോ അതിൻ്റെ പതിന്മടങ്ങ്‌ ഉയരങ്ങളിൽ നമ്മുടെ ബ്രാൻഡും എത്തിച്ചേരും. അതിനാൽ നിങ്ങളുടെ കസ്റ്റമറിനെ അടുത്തറിയാൻ പഠിക്കൂ. കാരണം ഉപഭോക്താവിനേക്കാൾ മികച്ച പാഠപുസ്തകം മറ്റൊന്നുമില്ല.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share