4 വർഷം കൊണ്ട് എങ്ങനെ 100% വിജയസാധ്യതയുള്ള ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാം?

How to start a business in 4 years

ഒരു ബിസിനസ്സ് തുടങ്ങുക എന്ന് പറയുന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ അത് വിജയിപ്പിച്ചെടുക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രയാസകരവുമാണ്. ശക്തമായ ഒരു അടിത്തറ ഊട്ടിയുറപ്പിക്കാതെ പെട്ടെന്ന് ഒരാവേശത്തിന് മുകളിൽ കെട്ടിയുയർത്തുന്ന സംരംഭങ്ങളാണ് പലപ്പോഴും വിപണിയിൽ മൂക്ക് കുത്തി വീഴുന്നത്.

നാല് വർഷം കൊണ്ട് നൂറ് ശതമാനം വിജയസാധ്യതയുള്ള ഒരു ബിസിനസ്സ് എങ്ങനെ കെട്ടിപ്പടുക്കാം എന്ന് നമുക്ക് പരിശോധിക്കാം.

1. ഒന്നാം വർഷം

സംരംഭകത്വമാണ് നിങ്ങളുടെ വഴി എന്നുറപ്പിച്ച് കഴിഞ്ഞാൽ പിന്നെ ആദ്യം ചെയ്യേണ്ടത് നിങ്ങൾക്കനുയോജ്യമായ ഒരു ബിസിനസ്സ് മേഖല കണ്ടെത്തുക എന്നതാണ്. മറ്റൊരാൾ ചെയ്ത് വിജയിച്ച ബിസിനസ്സിനെ അനുകരിക്കുവാനോ നിങ്ങൾക്ക് ചെയ്യാൻ ഏറ്റവും എളുപ്പമുള്ള ഒരു ബിസിനസ്സ് നോക്കി തെരഞ്ഞെടുക്കുകയോ ചെയ്യരുത്. പകരം കുറഞ്ഞത് ഒരു അഞ്ച് വർഷമെങ്കിലും മുൻകൂട്ടിക്കണ്ട്, വിപണിയിലെ പുതിയ മാറ്റങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച ഒരു മേഖല വേണം തെരഞ്ഞെടുക്കാൻ.

അത് കൊണ്ട് തന്നെ ആദ്യത്തെ ഒരു വർഷം നിങ്ങൾ ചെലവഴിക്കേണ്ടത് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായതും ഭാവിയിൽ വലിയ വിപണി സാധ്യതകൾ ഉള്ളതുമായ ഒരു ഉൽപന്നം / സേവനം കണ്ടെത്താനുള്ള ഗവേഷണത്തിനാണ്. ബിസിനസ്സ് സംബന്ധമായ പുസ്തകങ്ങളും, ജേർണലുകളും, മാസികകളും, പത്രങ്ങളും, ബ്ലോഗുകളും മറ്റും ധാരാളമായി വായിക്കുക. ഇൻറർനെറ്റിൽ നിന്നും മറ്റും ഇത് സംബന്ധമായ ലേഖനങ്ങളും, സ്ഥിതി വിവരക്കണക്കുകളും, പ്രമുഖരുടെ അഭിമുഖങ്ങളും, റിസർച്ച് പേപ്പറുകളും മറ്റും ശേഖരിക്കുക. ടെലിവിഷനിലെയും മറ്റും ബിസിനസ്സ് സംബന്ധമായ പരിപാടികൾ മുടങ്ങാതെ കാണുക. ബിസിനസ്സ് രംഗത്തെ പരിചയ സമ്പന്നരായ ആളുകളുമായി ഇടപഴകി അവരിൽ നിന്നും മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുക. കിട്ടാവുന്നയിടങ്ങളിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിക്കുക. അതോടൊപ്പം തന്നെ ഒരു സംരംഭകനെന്ന നിലയിൽ നിങ്ങൾക്കാവശ്യമായ വ്യക്തിപരവും തൊഴില്പരവുമായ കഴിവുകൾ (skills) പരിപോഷിപ്പിച്ചെടുക്കുകയും ചെയ്യുക. ഈ വർഷം അവസാനിക്കാറാകുമ്പോഴേക്കും നിങ്ങളുടെ മേഖല ഏതാണെന്ന കാര്യത്തിൽ നിങ്ങൾക്ക് വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ടാകും.

ചുരുക്കിപ്പറഞ്ഞാൽ നിങ്ങളിലെ സംരംഭകനും നിങ്ങൾ തുടങ്ങാൻ പോകുന്ന സംരംഭത്തിനുമുള്ള ശക്തമായ അടിത്തറ പണിയുന്ന വർഷമാണ് ആദ്യത്തേത്. അടിത്തറ ഉറച്ചതാണെങ്കിൽ കെട്ടിടത്തിനും ഉറപ്പ് കൂടും.

2. രണ്ടാം വർഷം

രണ്ടാമത്തെ വർഷം നിങ്ങൾ ചെലവഴിക്കേണ്ടത് നിങ്ങൾ തെരഞ്ഞെടുത്ത മേഖലയെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിന് വേണ്ടിയാകണം. ഈ വർഷവും ഗവേഷണത്തിന് വേണ്ടി തന്നെയാണ് ചെലവഴിക്കേണ്ടത്. പക്ഷെ ഒരു ചെറിയ വ്യത്യാസം മാത്രം. കഴിഞ്ഞ വർഷം നിങ്ങൾ പല പല ബിസിനസ്സുകളുടെ സാധ്യതകളെ കുറിച്ച് പഠിച്ചു. എന്നാൽ ഈ വർഷം നിങ്ങൾ പഠിക്കാൻ പോകുന്നത് നിങ്ങൾ തെരഞ്ഞെടുത്ത ഒരു മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനാണ്.

ആ മേഖലയുടെ വിവിധ വശങ്ങളെ കുറിച്ചും, ഭാവി സാധ്യതകളെ കുറിച്ചും, പുതിയ ട്രെൻഡുകളെ കുറിച്ചും, അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും, അതിനാവശ്യമായ സ്കില്ലുകളെ കുറിച്ചും, അതിന് എത്ര മൂലധനം ആവശ്യമാകും എന്നതിനെക്കുറിച്ചുമെല്ലാം വിശദമായി പഠിക്കണം. നേരത്തെ പറഞ്ഞ അതെ മാധ്യമങ്ങൾ തന്നെയാണ് ഇതിനും ഉപയോഗിക്കേണ്ടത്. അതോടൊപ്പം തന്നെ ആ ബിസിനസ്സിൽ വിജയിക്കാനാവശ്യമായ സ്കില്ലുകൾ സ്വായത്തമാക്കുകയും, അതിന് വേണ്ട മൂലധനം സ്വരുക്കൂട്ടുകയും വേണം.

ഇതോട് കൂടി നിങ്ങളുടെ ബിസിനസ്സിൻ്റെ അസ്ഥിവാരം ഡബിൾ സ്ട്രോങ്ങ് ആയി. മാത്രമല്ല, നിങ്ങൾ ആ മേഖലയിൽ ഒരു theoretical expert ആകുകയും ചെയ്യും.

3. മൂന്നാം വർഷം

ഈ വർഷമാണ് നിങ്ങൾ നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കാൻ പോകുന്നത്. മുൻ വർഷങ്ങളിൽ നിങ്ങൾ നേടിയ അറിവിൻ്റെയും സ്വായത്തമാക്കിയ സ്കില്ലുകളുടെയും പിൻബലത്തിൽ നിങ്ങൾ ഒരു സംരംഭത്തിന് തുടക്കമിട്ടു. എന്നാൽ ഈ വർഷം നിങ്ങൾക്ക് വിജയിക്കാനുള്ളതല്ല, പരാജയപ്പെടാനുള്ളതാണ്. കാരണം നിങ്ങൾക്ക് ആ മേഖലയെ കുറിച്ച് theoretical ആയിട്ടുള്ള അറിവേ ഉള്ളൂ. പ്രായോഗിക ജ്ഞാനം തീരെയില്ല. ഈ വർഷം പ്രായോഗിക ജ്ഞാനം നേടാനുള്ളതാണ്. പുസ്തകങ്ങളിൽ നിന്നും ഇൻറ്റർനെറ്റിൽ നിന്നും നേടിയ അറിവിനപ്പുറം real life market situationൽ നിന്നുകൊണ്ട് കാര്യങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമാണ് ഇത്.

ഈ വർഷം നിങ്ങൾ കഠിനമായി പ്രയത്നിക്കണം. എങ്കിലും നിങ്ങൾ ഉദ്ദേശിച്ച ഫലം കിട്ടില്ല. ഉപഭോക്താക്കളെ ആകർഷിക്കാനും, അവരെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കാനുമൊക്കെ നിങ്ങൾ നന്നേ പാടുപെടും. ആദ്യത്തെ സെയിൽ നടത്താൻ പോലും നിങ്ങൾ ചക്രശ്വാസം വലിക്കും. പലയിടങ്ങളിലും നിങ്ങൾക്ക് നിരാസങ്ങളും അവഗണനകളും അപമാനങ്ങളും നേരിടേണ്ടി വരും. എത്ര തന്നെ പരസ്യം ചെയ്താലും പണം മുടക്കി മാർക്കറ്റിംഗ് ചെയ്താലും നിങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ള ഒരു പ്രതികരണം നിങ്ങൾക്ക് ലഭിക്കില്ല. എല്ലായിടത്തും നിങ്ങൾ പരാജയപ്പെടും. പലയിടത്തും നിങ്ങൾ കാലിടറി വീഴും.

നിങ്ങൾ ഒരു ദുർബലഹൃദയനാണെങ്കിൽ അടുത്ത ആറ് മാസത്തിനുള്ളിൽ തന്നെ നിങ്ങൾ എല്ലാം ഇട്ടെറിഞ്ഞു നിങ്ങളുടെ വഴിക്ക് പോകും. നിങ്ങൾ നിശ്ചയദാർഢ്യമുള്ള ആളാണെങ്കിൽ നിങ്ങൾ അതുമായി സധൈര്യം മുമ്പോട്ട് പോകും. ഓരോ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ട് തെറ്റുകൾ തിരുത്തി മുമ്പോട്ട് പോകാൻ നിങ്ങൾ തയ്യാറാകും. ഓരോ അനുഭവങ്ങളും നിങ്ങൾക്കോരോ യൂണിവേഴ്സിറ്റികളായിരിക്കും. വീണും, എഴുന്നേറ്റും, ഓടിയും, വീണ്ടും വീണും, എഴുന്നേറ്റും, ഓടിയും, കിതച്ചും, തളർന്നും നിങ്ങൾ മുമ്പോട്ട് പോയിക്കൊണ്ടേയിരിക്കും.

അവസാനം ചെറിയ രീതിയിലാണെങ്കിലും നിങ്ങൾ ലക്ഷ്യം കണ്ടു തുടങ്ങും. ആളുകൾ നിങ്ങളോട് പോസിറ്റീവ് ആയി പ്രതികരിക്കാൻ തുടങ്ങും. പതുക്കെ നിങ്ങളുടെ ഉൽപന്നം / സേവനം ശ്രദ്ധിക്കപ്പെട്ട് തുടങ്ങും. ഈ വർഷം നിങ്ങൾക്ക് ഒരു വിധം പിടിച്ചു നിൽക്കാൻ സാധിക്കുന്ന വിധമുള്ള ബിസിനസ്സ് നിങ്ങൾക്ക് ലഭിക്കും. പക്ഷെ അപ്പോഴേക്കും നിങ്ങൾ ആ മേഖലയിൽ ഒരു പണ്ഡിതനായിട്ടുണ്ടാകും. കഴിഞ്ഞ രണ്ടു വർഷത്തെ വായിച്ചറിവും മൂന്നാം വർഷത്തെ അനുഭവിച്ചറിവും ചേർന്ന് നിങ്ങളെ ആ ബിസിനസ്സിനിണങ്ങുന്ന വിധം പാകപ്പെടുത്തിയെടുത്തിട്ടുണ്ടാകും.

4. നാലാം വർഷം

ഈ വർഷമാണ് നിങ്ങളുടെ ശുക്രൻ തെളിയാൻ പോകുന്നത്. മുൻവർഷങ്ങളിൽ നിങ്ങൾ നേടിയ അറിവും അനുഭവസമ്പത്തും കൈമുതലാക്കിക്കൊണ്ട് ബിസിനസ്സിൽ ജയിച്ചു കയറാൻ നിങ്ങൾക്ക് സാധിക്കും. ആദ്യത്തെ ക്വാർട്ടറിൽ നിങ്ങൾ ചെറിയ ലാഭമുണ്ടാക്കും. രണ്ടാമത്തെ ക്വാർട്ടറിൽ നിങ്ങൾ ഒരു നാലക്ക സംഖ്യ ലാഭം നിശ്ചയിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. അടുത്ത ക്വാർട്ടറിൽ അത് അഞ്ചക്ക സംഖ്യയായി ഉയർത്തുക. ആ വർഷത്തെ അവസാന ക്വാർട്ടറിൽ നിങ്ങൾ ലക്ഷ്യം വെക്കുന്നത് ആറക്ക സംഖ്യയായിരിക്കണം. എന്നുവെച്ചാൽ ഏതാണ്ട്, ഒരു മില്യൺ…! ഇങ്ങനെ പടിപടിയായി നിങ്ങൾ ജയിച്ചു കയറും.

എല്ലാവരും ധരിച്ച് വച്ചിരിക്കുന്നത് സംരംഭകത്വത്തിൻ്റെ ആദ്യ പടി ഒരു ബിസിനസ്സ് ആരംഭിക്കുന്നതാണെന്നാണ്. എന്നാൽ അല്ല. സംരംഭകത്വം ആരംഭിക്കുന്നത് അതിനായി നടത്തുന്ന മുന്നൊരുക്കങ്ങളിൽ നിന്നും ഗവേഷണത്തിൽ നിന്നുമാണ്. ഈ നാല് വർഷങ്ങളിലൂടെ കടന്നു പോകുന്ന ഒരു സംരംഭകൻ തീയിൽ പഴുപ്പിച്ചെടുത്ത ഇരുമ്പ് പോലെ ശക്തനും ജ്ഞാനിയുമായിത്തീർന്നിട്ടുണ്ടാകും. തീയിൽ കുരുത്ത അയാൾ പിന്നെ ഒരു വെയിലത്തും വാടില്ല.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share