പഞ്ചേന്ദ്രിയങ്ങളിലൂടെ എങ്ങനെ ഉപഭോക്താവിൻ്റെ മനസ്സിൽ കയറിപ്പറ്റാം?

Sensory Marketing 5 Senses

പഞ്ചേന്ദ്രിയങ്ങളെ സ്വാധീനിച്ച് കൊണ്ട് ഉപഭോക്താക്കളിൽ ഒരു ഉത്പന്നമോ സേവനമോ വാങ്ങുവാനുള്ള പ്രചോദനം സൃഷ്ടിക്കുന്നതിനെയാണ് Sensory Marketing എന്ന് പറയുന്നത്. കാഴ്ച്ച, ശ്രവണം, ഗന്ധം, സ്പർശം, രുചി എന്നീ അഞ്ച് ഇന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒന്നിനെ ചോദിപ്പിക്കാൻ കഴിഞ്ഞാൽ പോലും നിങ്ങളുടെ ഉല്പന്നത്തിൻ്റെ വില്പന നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ സ്ഥാപനം ഒരു സൂപ്പർ മാർക്കറ്റോ, കാർ ഡീലർഷിപ്പോ, വിമാനക്കമ്പനിയോ എന്തുമാകട്ടെ മേൽപറഞ്ഞ അഞ്ച് ഇന്ദ്രിയങ്ങളുടെ സ്വാധീനശക്തിയെ ശരിയായ വിധം പ്രയോജനപ്പെടുത്തിയാൽ നിങ്ങളുടെ സെയിൽ വർദ്ധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

ഈ അഞ്ച് ഇന്ദ്രിയങ്ങളെ എങ്ങനെയാണ് സ്വാധീനിക്കേണ്ടത് എന്ന് പരിശോധിക്കാം.

1. കാഴ്ച്ച

Oklahama State Universityയിൽ നടന്ന ഒരു പഠനമനുസരിച്ച് ഏതൊരു മനുഷ്യനും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കാഴ്ച്ചയെ ആണ്. നാം 83% ഉപയോഗിക്കുന്നത് കാഴ്ച്ചയെയാണ്. ശ്രവണം 11%, സ്പർശം 3.5%, ഗന്ധം 1.5%, രുചി 1% എന്നിങ്ങനെയാണ് മറ്റു ഇന്ദ്രിയങ്ങളുടെ സ്വാധീനം. അതുകൊണ്ട് തന്നെയാണ് ഒരു വ്യക്തിയെ ഏറ്റവും കൂടുതൽ ആകർഷിക്കാനും സ്വാധീനിക്കാനും സാധിക്കുന്നതും കാഴ്ച്ചയിലൂടെയാണ്.

ഒരു സ്ഥാപനത്തിലേക്ക് ആളുകൾ കയറി വരുന്ന സ്ഥലത്തും, പെട്ടെന്ന് കാഴ്ച്ചയെത്തുന്ന സ്ഥലത്തും, ഏറ്റവും കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുള്ള സ്ഥലത്തും ഒരു ഉത്പന്നം പ്രദർശിപ്പിക്കുന്നത് അതിലേക്ക് പെട്ടെന്ന് ഉപഭോക്താക്കളെ ആകർഷിക്കും. പല സൂപ്പർമാർക്കറ്റുകളും ഇന്ന് ഈ ടെക്‌നിക് ഉപയോഗിക്കാറുണ്ട്. ഇന്ന് പല ഷോറൂമുകളും ആരംഭിക്കുമ്പോൾ ഏറ്റവും കൂടുതൽ പണവും സമയവും ചെലവിടുന്നത് store layout, interior decoration പോലുള്ളവക്കാണ്.

ഒരു ഉല്പന്നത്തിൻ്റെ രൂപഭംഗിക്കും, നിറത്തിനും, ഡിസൈനിനും വരെ ഉപഭോക്താക്കളെ സ്വാധീനിക്കാൻ കഴിയും. അതുകൊണ്ടാണ് പല സെയിൽസ് എക്സിക്യൂട്ടീവ്മാരും ഉപഭോക്താക്കളെ കാണാൻ പോകുമ്പോൾ ഉല്പന്നത്തിൻ്റെ മോഡലുമായി പോകുന്നത്. ഉദാ: Lexus കാർ കമ്പനി പ്രധാനമായും ടാർഗറ്റ് ചെയ്യുന്നത് മധ്യവയസ്സ് പിന്നിട്ടവരെയാണ്. അതുകൊണ്ട് തന്നെ അവരുടെ കാറുകളുടെ കളർ തൂവെള്ളയോ മറ്റേതെങ്കിലും തെളിമയുള്ള നിറങ്ങളോ ആയിരിക്കും. കാഴ്ച്ചക്കുറവുള്ളവരുടെ കൂടി സൗകര്യത്തിന് വേണ്ടിയാണിത്.

അതുപോലെ, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് നിറങ്ങൾ കൂടുതലായും സ്വാധീനിക്കുക. അത് കൊണ്ടാണ് സ്ത്രീകൾക്കുള്ള ഉത്പന്നങ്ങളുടെ പരസ്യങ്ങൾ പുരുഷന്മാരുടേതിനെ അപേക്ഷിച്ച് കൂടുതൽ കളർഫുൾ ആയിരിക്കുന്നത്.

2. ശ്രവണം

ഉപഭോക്താക്കളുടെ മനോഭാവത്തെ സ്വാധീനിക്കുന്നതിൽ രണ്ടാം സ്ഥാനം ശ്രവണേന്ദ്രിയത്തിനാണുള്ളത്. ഒരു സർവ്വേയിൽ പങ്കെടുത്ത 79% ആളുകളും പറഞ്ഞത്‌ സൂപ്പർമാർക്കറ്റുകളിൽ പതിഞ്ഞ ശബ്‍ദത്തിൽ സംഗീതം കേൾപ്പിക്കുന്നത് അവർക്ക് കൂടുതൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള പ്രേരണ നൽകാറുണ്ടെന്നാണ്. 20% ആളുകൾ അഭിപ്രായപ്പെട്ടത് അതവരെ കൂടുതൽ സമയം ഷോറൂമിനകത്ത് നിൽക്കാൻ പ്രേരിപ്പിക്കാറുണ്ടെന്നാണ്. പതിഞ്ഞ താളത്തിലുള്ള സംഗീതം ആളുകളിൽ mood correction വരുത്തുകയും അവരുടെ purchase കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യും.

അതുകൊണ്ടാണ് ഇന്ന് പല സൂപ്പർ മാർക്കറ്റുകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലുമൊക്കെ ഇങ്ങനെ പതിഞ്ഞ താളത്തിൽ സംഗീതം play ചെയ്യുന്നത്. ഏറ്റവും ആസ്വാദ്യകരമായ ഷോപ്പിങ്ങിനും ഡൈനിങ്ങിനുമുള്ള ambience സൃഷ്ടിക്കാൻ സംഗീതത്തിനാകും. പാട്ടിനേക്കാൾ കൂടുതൽ ഫലപ്രദം ഉപകരണ സംഗീതം (Instrumental Music) ആണ്.

ഉദാ: Delta Airlines ൻറെ വിമാനങ്ങളിലേക്ക് യാത്രക്കാർ കയറുന്ന സമയത്ത് അവർ വിമാനത്തിനകത്ത് ഏതെങ്കിലും ഫാസ്റ്റ് നമ്പർ മ്യുസിക് play ചെയ്യും. ഇത് യാത്രക്കാരുടെ നീക്കവും വേഗത്തിലാക്കാറുണ്ടെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്കയിലെയും യൂറോപ്പിലെയും ചില സൂപ്പർ മാർക്കറ്റുകൾ ക്രിസ്ത്മസ് സമയത്ത് ക്രിസ്ത്മസ് ജിംഗിളുകൾ പ്ലേ ചെയ്യാറുണ്ട്. ഇത് ഉപഭോക്താക്കളിൽ ക്രിസ്ത്മസ് ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ കൂടുതൽ വാങ്ങാനുള്ള പ്രചോദനം നല്കാറുള്ളതായി അവർ സാക്ഷ്യപ്പെടുത്തുന്നു. അവർ വാങ്ങേണ്ട എന്ന് കരുതിയിരുന്ന വസ്തുക്കൾ പോലും ഈ മ്യൂസിക് കേൾക്കുമ്പോൾ അറിയാതെ വാങ്ങിപ്പോകും.

3. സ്പർശം

കാഴ്ച്ചയും കേൾവിയും കഴിഞ്ഞാൽ പിന്നെ ആളുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിവുള്ളത് സ്പർശത്തിനാണ്. സ്പർശത്തിന് ഒരു ഉപഭോക്താവിൻ്റെയുള്ളിൽ ആ ഉത്പന്നം സ്വന്തമാക്കാനുള്ള താല്പര്യം ജനിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

അതുകൊണ്ടാണ് പല കാർ ഡീലർഷിപ്പുകാരും ഉപഭോക്താക്കളെ കൊണ്ട് നിർബന്ധിച്ച് കാറിൻ്റെ ടെസ്റ്റ് ഡ്രൈവ് എടുപ്പിക്കുന്നത്. ആ കാർ ഓടിച്ചു നോക്കുന്നത് ഉപഭോക്താവിൽ ആ കാറിനോടുള്ള താല്പര്യവും ആഗ്രഹവും പല മടങ്ങ് വർദ്ധിപ്പിക്കും. ഇത് എല്ലാ ഉത്പന്നങ്ങളുടെ കാര്യത്തിലും ബാധകമാണ്. പ്രത്യേകിച്ച് തുണിത്തരങ്ങളുടെയും, കോസ്‌മെറ്റിക് ഉത്പന്നങ്ങളുടെയും, ഫാഷൻ ആക്സസറികളുടെയും, ഫിറ്റ്നസ് ഉപകരണങ്ങളുടെയും കാര്യത്തിൽ. ഉപഭോക്താക്കളോട് ഉത്പന്നം തൊട്ട് നോക്കാനും ഉപയോഗിച്ച് നോക്കാനും ആവശ്യപ്പെടുന്നത് മികച്ച ഫലം ചെയ്യും.

4. ഗന്ധം

നമ്മുടെ തലച്ചോറിനുള്ളിലെ limbic system ആണ് ഗന്ധങ്ങൾ തിരിച്ചറിയുന്നത്. ഇതേ ഭാഗം തന്നെയാണ് നമ്മുടെ വികാരങ്ങളെയും ചോദനകളെയും നിയന്ത്രിക്കുന്നതും. അതുകൊണ്ട് തന്നെ ഗന്ധങ്ങൾക്ക് നമ്മുടെ ചോദനകളെ ഉണർത്താൻ കഴിയും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. Sense of Smell Institute നടത്തിയ പഠനം കണ്ടെത്തിയത് മനുഷ്യർക്ക് ഒരു ഗന്ധം നുകർന്ന് ഒരു വർഷത്തോളം അത് തിരിച്ചറിയാനും ഓർത്തെടുക്കാനും സാധിക്കും എന്നാണ്. ഈ രീതിയിൽ 10000 ഗന്ധങ്ങൾ ഒരേ സമയം തിരിച്ചറിയാനും ഓർത്തെടുക്കാനും നമുക്ക് സാധിക്കും.

നല്ല ഗന്ധങ്ങളിലൂടെ ആളുകളിലെ ഉപഭോക്‌തൃ ചോദനകളെയും ഉദീപിപ്പിക്കാൻ സാധിക്കും. ഇന്ന് പല സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തിനകം Automatic Perfume Sprayer വെച്ച് സുഗന്ധപൂരിതമാക്കുന്നത് ഇത് കൊണ്ടാണ്. ഇത് ഉപഭോക്താക്കളുടെ മനസ്സിന് ഒരു freshness നൽകുകയും അവർ ഷോറൂമിനകത്ത് കൂടുതൽ സമയം ചെലവഴിച്ച് കൂടുതൽ സാധനങ്ങൾ വാങ്ങാനുള്ള പ്രേരണ നൽകുകയും ചെയ്യും.

വിശപ്പില്ലാത്ത സമയത്തും ചില ഭക്ഷ്യവസ്തുക്കളുടെ ഗന്ധം മൂക്കിലടിച്ചാൽ നമുക്ക് വിശപ്പുണ്ടാകാറില്ലേ? ഉദാ: Starbucks ൻ്റെ എല്ലാ കഫേകളിലും അന്നന്നത്തേക്കുള്ള കോഫി ബീനുകൾ അതെ ദിവസം രാവിലെയാണ് ഗ്രൈൻഡ് ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ അവിടെ രാവിലെ മുതൽ വൈകുന്നേരം വരെ ആ കാപ്പിക്കുരുവിൻ്റെ ഗന്ധം താങ്ങി നിൽക്കും. ഇത് അവിടെ ഒരു പ്രത്യേക ambience ഉണ്ടാക്കുകയും കയറി വരുന്ന ആരിലും ഒരു കപ്പ് കോഫി ഓർഡർ ചെയ്യാനുള്ള പ്രേരണയുണ്ടാക്കുകയും ചെയ്യും.

അത് പോലെ, സിംഗപ്പൂർ എയർലൈൻ കമ്പനിക്ക് സ്വന്തമായി ഒരു സിഗ്നേച്ചർ സ്മെൽ തന്നെയുണ്ട്. അവരുടെ വിമാനത്തിനകത്തും ഫ്ലൈറ്റ് അറ്റെൻഡന്റ്മാരുടെ ദേഹത്തും യാത്രക്കാർക്ക് നൽകുന്ന ടവ്വലുകളിലുമെല്ലാം അവർ ഈ ഗന്ധം സ്പ്രേ ചെയ്തിരിക്കും. അത് യാത്രക്കാർക്ക് വളരെ വ്യത്യസ്തമായ ഒരു ഫീൽ നൽകും. ആ ഗന്ധം മറ്റെങ്ങും ഉണ്ടാകില്ല. ഈ വിമാനത്തിൽ ഒരിക്കൽ സഞ്ചരിച്ച ആളുകൾക്ക് പിന്നീട് സിംഗപ്പൂർ എയർലൈൻസിൻ്റെ പരസ്യമോ ലോഗോയോ കാണുന്ന മാത്രയിൽ, അവരുടെ പേര് കേൾക്കുന്ന മാത്രയിൽ തന്നെ ഈ ഗന്ധം സിരകളിലേക്ക് ഒഴുകിയെത്തും.

ഇങ്ങനെ ഗന്ധങ്ങളിലൂടെ ഉപഭോക്താക്കളെ പ്രലോഭിക്കുന്ന സ്ഥാപനങ്ങളും ബ്രാൻഡുകളും നിരവധിയാണ്.

5. രുചി

ഇന്ദ്രിയങ്ങളിൽ ഏറ്റവും കുറഞ്ഞ സ്വാധീനമുള്ളത് രുചിക്കാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഒരു സർവ്വേയിൽ പങ്കെടുത്ത 79% ആളുകളും അഭിപ്രായപ്പെട്ടത് പുതുമയുള്ളതും വ്യത്യസ്തവുമായ രുചികൾക്ക് ഏത് റെസ്റ്റോറണ്ടിൽ നിന്ന് ഭക്ഷണം കഴിക്കണം എന്ന അവരുടെ തീരുമാനത്തെ സ്വാധീനിക്കാൻ കഴിയാറുണ്ടെന്നാണ്.

ഇന്ന് പല ഗ്രോസറി ഷോപ്പുകളും സൂപ്പർ മാർക്കറ്റുകളും ആളുകൾക്ക് ഫ്രീ സാമ്പിളുകൾ നൽകുന്നത് ഈ ചോദനയെ ഉണർത്താൻ വേണ്ടിയാണ്. ഉദാ: Fritto Lays കമ്പനി ഇടയ്ക്കിടെ ‘Do us a flavour’ എന്ന പേരിൽ ഒരു ക്യാമ്പയിൻ നടത്താറുണ്ട്. അവരുടെ ഏറ്റവും പുതിയ ഫ്ലേവറിലുള്ള ചിപ്സുകൾ രുചിച്ചു നോക്കാൻ ആളുകൾക്ക് അവസരം നൽകുന്ന പരിപാടിയാണിത്. ഇതിനായി ആളുകൾ കൂടുന്നയിടങ്ങളിൽ അവർ കിയോസ്കുകൾ സ്ഥാപിക്കും. ഇവിടെ നിന്ന് ഇതിൻ്റെ സാമ്പിളുകൾ വാങ്ങിക്കഴിക്കുന്ന ആളുകൾ ഉറപ്പായും തൊട്ടടുത്ത കടയിൽ ചെന്ന് ഈ ചിപ്സ് പാക്കറ്റുകൾ വാങ്ങിയിരിക്കും.

അത് പോലെ. Nestle കമ്പനി അവരുടെ Milo എന്ന എനർജി ഡ്രിങ്ക് ആദ്യമായി ഇന്ത്യൻ വിപണിയിലിറക്കിയപ്പോൾ പ്രധാനപ്പെട്ട ചില സ്‌കൂളുകളിൽ ചെന്ന് അവിടുത്തെ വിദ്യാർത്ഥികൾക്ക് ഒരു കപ്പ് വീതം Milo സൗജന്യമായി നൽകുകയുണ്ടായി. അതിൻ്റെ ടേസ്റ്റ് അറിഞ്ഞ കുട്ടികൾ പിന്നീട് ഇത് വാങ്ങിത്തരാൻ അവരുടെ മാതാപിതാക്കളിൽ സമ്മർദ്ദം ചെലുത്തുകയുണ്ടായി.

ഇങ്ങനെ പഞ്ചേന്ദ്രിയങ്ങളുടെ ചോദനകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയാൽ നിങ്ങളുടെ സെയിൽ വർദ്ധിപ്പിക്കാനും, ബിസിനസ്സ് വിജയിപ്പിക്കാനും സാധിക്കും.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share