ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് എങ്ങനെ തടയാൻ സാധിക്കും?

How to reduce high employee turnover in your company?

നിങ്ങളുടെ സ്ഥാപനത്തിൽ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് (Employee Turnover) വളരെ കൂടുതലാണോ? ജോലിക്ക് ചേർന്ന് അധികം താമസിയാതെ അവരിൽ പലരും രാജി വെച്ച് പുറത്ത് പോകുന്നുണ്ടോ?

എങ്കിൽ കുഴപ്പം അവരുടേതല്ല, നിങ്ങളുടേതാണ്.

ഇനി പറയുന്ന കാര്യങ്ങൾ ചെയ്‌താൽ ഈ കൊഴിഞ്ഞു പോക്കിന് വലിയ ഒരളവോളം കടിഞ്ഞാണിടാൻ സാധിക്കും.

1. Pay them well

ഓരോ ജീവനക്കാരനും അവർ നിങ്ങളുടെ കമ്പനിയുടെ വളർച്ചയിൽ വഹിക്കുന്ന പങ്കിനനുസരിച്ചും അവർ എടുക്കുന്ന എഫർട്ടിനനുസരിച്ചുമുള്ള മാന്യമായ ശമ്പളം നൽകുക. ശമ്പളത്തിൻ്റെ കാര്യത്തിൽ അനാവശ്യമായ പിശുക്കോ കടുംപിടിത്തമോ കാണിക്കാതിരിക്കുക. മാന്യമായ ശമ്പളം നല്കുന്നത് ജീവനക്കാരുടെയുള്ളിൽ ജോലിയോടുള്ള ആത്മാർത്ഥതയും കാര്യശേഷിയും സ്ഥാപനത്തോടുള്ള കൂറും വർദ്ധിക്കാനിടയാക്കും. ശമ്പളത്തിൻ്റെ കാര്യത്തിൽ അനാവശ്യമായ പക്ഷഭേദവും കാണിക്കാതിരിക്കുക. എല്ലാവരെയും ഒരു പോലെ പരിഗണിക്കുക. നിങ്ങൾ അവർക്ക് എത്ര നല്കുന്നുവോ അത് ഇരട്ടിയായി നിങ്ങളിലേക്ക് തന്നെ തിരികെയെത്തും.

2. Mentor them

ഒരു ജീവനക്കാരനും എല്ലാം തികഞ്ഞ ആളായിക്കൊണ്ടല്ല ജോലിക്ക് ചേരുന്നത്. അനുഭവങ്ങളിലൂടെയും തെറ്റുകളിലൂടെയുമാണ് അവർ പഠിക്കുന്നത്. അവരെക്കാൾ അനുഭവശാലി എന്ന നിലയിൽ അവരെ mentoring ചെയ്യുകയാണ് ഒരു സംരംഭകൻ ചെയ്യേണ്ടത്. എങ്ങനെയാണോ ഒരു ശില്പി ഒന്നിനും കൊള്ളാത്ത ഒരു കല്ലിൽ നിന്ന് തികവൊത്ത ഒരു ശില്പം വാർത്തെടുക്കുന്നത് അതുപോലെ അവരെ ആ ജോലിക്കായി പാകപ്പെടുത്തിയെടുക്കേണ്ടത് നിങ്ങളുടെ കടമയാണ്. ആ ജോലി ഒരു പഠനപ്രക്രിയ കൂടിയാണെന്ന് നിങ്ങൾ സ്വയം മനസ്സിലാക്കുകയും അവരെ കൂടി ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക. അവരിൽ ആത്മവിശ്വാസവും കാര്യബോധവും വളർത്തിയെടുക്കുക. നിങ്ങളിൽ നിന്ന് അവർക്ക് ഒരു പാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അതവർക്ക് ഭാവിയിൽ ഒരു പാട് ഗുണം ചെയ്യുമെന്നും ബോധ്യമായാൽ അവർ പിന്നെ ഒരിക്കലും നിങ്ങളെ വിട്ടു പോകില്ല.

3. Challenge them

ഒരിക്കലും ഒരാൾക്ക് ഒരേ വാർപ്പ് മാതൃകയിലുള്ള ജോലി തുടരെ തുടരെ നല്കിക്കൊണ്ടിരിക്കരുത്. അവർ ചെയ്യുന്ന ജോലിയിൽ പുതുമ കണ്ടെത്തുവാനും പുതിയ പരീക്ഷണങ്ങൾ നടത്തുവാനും അവരെ പ്രോത്സാഹിപ്പിക്കുക. അവർക്ക് വെല്ലുവിളി ഉയർത്തുന്നതും അവരുടെ കാര്യശേഷി മുഴുവൻ പുറത്തെടുക്കാൻ ഉതകുന്നതുമായ വ്യത്യസ്തവും പുതുമയുള്ളതുമായ ഉത്തരവാദിത്തങ്ങൾ നൽകുക. ഇത് അവർക്ക് സ്വന്തം ജോലിയോടുള്ള ഇഷ്ടവും, താല്പര്യവും, ആത്മാർത്ഥതയും വർദ്ധിപ്പിക്കും. അവർക്ക് പിന്നീടൊരിക്കലും ജോലിക്ക് വരുന്നത് ഒരു ശിക്ഷയായിട്ടോ മുഷിച്ചിലായോ തോന്നുകയില്ല.

4. Involve them

ഒരു പ്രസ്ഥാനവും വൺമാൻ ഷോ അല്ല. കൂട്ടായ പ്രവർത്തനങ്ങളാണ് ഏതൊരു സംരംഭത്തെയും വളർത്തിക്കൊണ്ടുവരുന്നത്. നിങ്ങൾ നിങ്ങളുടെ ജീവനക്കാരെ ഓരോരുത്തരുടെയും വ്യക്തിഗതമായ കഴിവുകൾക്കനുസരിച്ച് സ്ഥാപനത്തിൻ്റെ ദൈനംദിന കാര്യങ്ങളിൽ involve ചെയ്യിക്കുക. ഒരു വലിയ ലക്ഷ്യത്തിൻ്റെ ഭാഗമാണ് തങ്ങളെന്ന ബോധം അവരിലുണ്ടാക്കുക. അവരെ കമ്പനിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളിലും ചർച്ചകളിലും മറ്റും ഉൾപ്പെടുത്തുക. അവർക്ക് ക്രിയയാത്മകമായി ചിന്തിക്കുവാനും നല്ല ആശയങ്ങൾ പ്രകടിപ്പിക്കുവാനുമുള്ള സാഹചര്യമൊരുക്കി കൊടുക്കുക. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും നല്ലത് നടപ്പിൽ വരുത്തുകയും ചെയ്യുക. അവരെ പരമാവധി കാര്യങ്ങളിൽ engage ചെയ്യിക്കുക.

5. Appreciate them

അവർ ആ സ്ഥാപനത്തിന് വേണ്ടി ചെയ്യുന്ന ഓരോ നല്ല കാര്യങ്ങൾക്കും അവരെ അഭിനന്ദിക്കുക. Appreciation എന്നത് ഒരു തരം ടോണിക്കാണ്. അത് ജീവനക്കാരിൽ ഊർജ്‌ജം നിറയ്ക്കും. ഇനിയും കൂടുതൽ പ്രവർത്തിക്കാനും തൻ്റെ മുഴുവൻ കാര്യശേഷിയും പുറത്തെടുക്കാനുമുള്ള പ്രചോദനം അവർക്കതിൽ നിന്ന് ലഭിക്കും. അവർ നൽകുന്ന ഒരു ചെറിയ ആശയത്തിന് പോലും വേണ്ട വിധമുള്ള അംഗീകാരം നൽകിയാൽ അവർക്ക് നിങ്ങളോടും സ്ഥാപനത്തോടുമുള്ള ആത്മാർത്ഥത വർദ്ധിക്കാനിടയാക്കും.

6. Promote them

കൃത്യമായ സമയത്ത് അർഹമായ രീതിയിൽ അവരെ പ്രൊമോട്ട് ചെയ്യുക. അവരുടെ കഴിവുകൾക്കനുസരിച്ച് അവരെ അടുത്ത ഘട്ടത്തിലേക്ക് കൈപിടിച്ചു കൊണ്ട് പോകുക. കഴിവതും ഉയർന്ന തസ്തികകളിലേക്ക് പുറത്തുനിന്ന് പുതിയ ആളുകളെ നിയമിക്കാതെ നിലവിലുള്ള ജീവനക്കാരിൽ നിന്ന് തന്നെ ഏറ്റവും യോഗ്യനായ ആളെ കണ്ടെത്തി പ്രൊമോട്ട് ചെയ്യുക. കമ്പനിയുമായി ദീർഘകാല ബന്ധമുള്ള, നിങ്ങളെക്കുറിച്ചും നിങ്ങളുടെ vision, mission എന്നിവയെക്കുറിച്ചും വ്യക്തമായ ബോധമുള്ള ഒരാൾ ആ സ്ഥാനത്തേക്ക് വരുന്നതാവും യാതൊരു ധാരണയുമില്ലാത്ത പുതിയ ഒരാളെ കൊണ്ടുവരുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത്. പ്രൊമോഷൻ പോലുള്ള കാര്യങ്ങളിൽ യാതൊരു വിധ പക്ഷഭേദവും കാണിക്കാതെ അർഹതപ്പെട്ടവരെ വേണ്ട വിധം പരിഗണിക്കുക. കമ്പനിക്ക് വേണ്ടി കഷ്ടപ്പെട്ടാൽ അതിനുള്ള ഫലം അവർക്ക് ലഭിക്കും എന്ന വിശ്വാസം അവരിലുണ്ടാക്കുക. അതവർക്ക് ഏറ്റവും നന്നായി പ്രവർത്തിക്കാനുള്ള പ്രചോദനം നൽകും.

7. Value them

ഓരോ വ്യക്തിക്കും ഒരു മൂല്യമുണ്ട്. അത് മനസ്സിലാക്കി അവരോട് ഇടപഴകുക. ആരോടും അമിതമായ അടുപ്പവും അകാരണമായ അകൽച്ചയും കാണിക്കാതിരിക്കുക. എല്ലാവരെയും സമഭാവനയോടെ കാണുക. എല്ലാവരും ആ പ്രസ്ഥാനത്തിൻ്റെ ഭാഗമാണെന്നും അവരുടെയെല്ലാം സേവനം അതിൻ്റെ വളർച്ചക്ക് അത്യാവശ്യമാണെന്നും മനസിലാക്കി പ്രവർത്തിക്കുക.

8. Empower them

നിർണ്ണായകമായ തീരുമാനങ്ങളും അടിയന്തര നടപടികളും സ്വയം എടുക്കാവുന്ന തലത്തിലേക്ക് ജീവനക്കാരെ ശാക്തീകരിക്കുക. എന്തിനും ഏതിനും അവർ നിങ്ങളെ തന്നെ ആശ്രയിച്ചുകൊണ്ടിരുന്നാൽ അവർക്കും വളർച്ചയുണ്ടാകില്ല, സ്ഥാപനത്തിനും വളർച്ചയുണ്ടാകില്ല. നിങ്ങളുടെ അഭാവത്തിലും ആ സ്ഥാപനം ഒരു മുടക്കവും കൂടാതെ മുമ്പോട്ട് പോകാവുന്ന തരത്തിൽ അതുമായി ബന്ധപ്പെട്ട ഓരോ ജീവനക്കാരനെയും ശക്തിപ്പെടുത്തുക.

9. Trust them

അനാവശ്യമായി അവരെ സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്യാതിരിക്കുക. പല സ്ഥാപനങ്ങളിലും ജീവനക്കാർ കൊഴിഞ്ഞു പോകുന്നതിനുള്ള പ്രധാന കാരണം മേലാധികാരികളുടെ ഭാഗത്ത് നിന്നുള്ള സംശയദൃഷ്ടിയോട് കൂടിയുള്ള പെരുമാറ്റമാണ്. പകരം പരസ്പര വിശ്വാസം വളർത്തിയെടുക്കുക. അവരെ സ്വതന്ത്രമായി പ്രവർത്തിക്കാനനുവദിക്കുക. അനാവശ്യമായ policing ഒഴിവാക്കുക. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുള്ള അനാവശ്യമായ സംശയങ്ങളും വിശ്വാസക്കുറവും അവരുടെ കാര്യക്ഷമതയെ കാര്യമായി ബാധിക്കും.

10. Communicate with them

ഏതൊരു ബന്ധത്തിൻ്റെയും സുസ്ഥിരമായ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ് ആശയവിനിമയം എന്നത്. ഏതൊരു കാര്യവും പരസ്പരം തുറന്ന് പറയാനും ചോദിച്ചറിയാനുമുള്ള സാഹചര്യം ഉണ്ടാക്കുക. സുതാര്യമായ ആശയവിനിമയം ജീവനക്കാർക്ക് കമ്പനിയോടുള്ള മാനസികമായ അടുപ്പവും വിശ്വാസവും വർദ്ധിക്കാനിടയാക്കും. അതവരിൽ ആത്മവിശ്വാസവും സുരക്ഷിതബോധവും വളർത്തും.

ഇത്രയും കാര്യങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെയും ശ്രദ്ധയോടെയും ഒന്ന് ചെയ്തു നോക്കൂ. പിന്നെ ഒരു ജീവനക്കാരനോ ജീവനക്കാരിയോ നിങ്ങളെ വിട്ടു പോകില്ല എന്ന് മാത്രമല്ല, അവർ എക്കാലവും നിറഞ്ഞ മനസ്സോടെ നിങ്ങളോടൊപ്പം നിൽക്കുകയും നിങ്ങളുടെ സ്ഥാപനത്തിന് വേണ്ടി ആത്മസമർപ്പണത്തോടെ പ്രവർത്തിക്കുകയും ചെയ്യും.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share