Work from Home – എങ്ങനെ പ്രൊഡക്ടിവിറ്റി കൂട്ടാം?

How to make Work from Home more productive?

ഇപ്പോൾ വർക്ക് ഫ്രം ഹോം ഒരു ട്രെന്ഡായിക്കൊണ്ടിരിക്കുകയാണല്ലോ?

വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ പലപ്പോഴും ശ്രദ്ധ മറ്റുകാര്യങ്ങളിലേക്ക് വഴുതിപ്പോകാനും ജോലിയിലുള്ള താല്പര്യം കുറയാനും സാധ്യതയുണ്ട്.

വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ പ്രൊഡക്ടിവിറ്റി കൂട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.

1. Establish a morning routine

ഓഫീസിലേക്ക് പോകേണ്ടതില്ലെന്ന് കരുതി രാവിലെ മടി പിടിച്ച് കിടന്നുറങ്ങരുത്. കഴിവതും നേരത്തെ ഉണരുക. ജീവിതത്തിന് ഒരു ക്രമം ഉണ്ടാക്കുകയും അത് വിടാതെ പിന്തുടരുകയും ചെയ്യുക. പ്രാർത്ഥന, വ്യായാമം, നടത്തം പോലുള്ള പതിവ് പ്രഭാത ശീലങ്ങൾക്കൊന്നും മാറ്റം വരാതെ നോക്കുക. ഓഫീസിലേക്ക് പോകേണ്ടതില്ലാത്തതിനാൽ യാത്രാ സമയവും യാത്രയോടനുബന്ധിച്ച ക്ലേശങ്ങളും നമുക്ക് ലാഭമാണ്. ഈ സമയം പ്രാർത്ഥന, വായന, വ്യായാമം, യോഗ, നടത്തം, ജോഗ്ഗിംഗ് പോലുള്ള കാര്യങ്ങൾക്കുപയോഗിക്കുക. ശരീരം അനങ്ങാതിരിക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് ഇത് അയവ് വരുത്തും. രാവിലെ എഴുന്നേറ്റ പാടെ, രാത്രി ഉടുത്ത അതേ വസ്ത്രത്തോടെ, ഉറക്കച്ചടവോടെ ജോലി ആരംഭിക്കരുത്. ഓഫീസിലേക്ക് പോകുമ്പോൾ പതിവായി ചെയ്യാറുള്ളത് പോലെ കുളിച്ച്, ഷേവ് ചെയ്ത്, നല്ല വസ്ത്രങ്ങൾ ധരിച്ച് ഉന്മേഷത്തോടെ ജോലിക്ക് കയറുക.

2. Create a designated work area

കിടക്കയിൽ കിടന്നു കൊണ്ടോ വീടിൻ്റെ കിച്ചണിലിരുന്നു കൊണ്ടോ ജോലി ചെയ്യാതിരിക്കുക. ഓഫീസിലെ നിങ്ങളുടെ ഇരിപ്പിടത്തിനോട് സമാനമായ രീതിയിൽ ഒരു ജോലിസ്ഥലം വീട്ടിൽ ഒരുക്കുക. മേശയും കസേരയും ഫയലുകളുമൊക്കെയായി ഒരു ഓഫീസ് അന്തരീക്ഷം ഒരുക്കിയെടുക്കുന്നത് നിങ്ങൾ ചെയ്യുന്ന വർക്കിൻ്റെ ക്വാളിറ്റി കൂട്ടാൻ സഹായിക്കും. നല്ല വൃത്തിയും വെളിച്ചവുമുള്ള ഒരു സ്ഥലം തന്നെ ഇതിനായി കണ്ടെത്തുക. ജോലി ചെയ്യാനാവശ്യമായ ഉപകരണങ്ങളും, ഇന്റർനെറ്റ് കണക്ഷൻ പോലുള്ള സാങ്കേതിക സൗകര്യങ്ങളും സജ്ജമാക്കിവെക്കുക. ഈ സ്ഥലം ജോലിക്കായി വേണ്ടി മാത്രം മാറ്റിവെക്കുക. ഒരിക്കലും ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുകയോ മറ്റോ ചെയ്യാതിരിക്കുക.

3. Create a To-Do List

ഓരോ ദിവസവും ഓരോ ആഴ്ചയും ചെയ്തു തീർക്കേണ്ട ജോലികൾ മുൻകൂട്ടി പ്ലാൻ ചെയ്ത് ഒരു ലിസ്റ്റ് തയ്യാറാക്കുക. ആ ജോലികളെ prioritize ചെയ്യുക. ഓരോന്നിനും സമയം നിശ്ചയിക്കുക. ആ സമയക്രമം വളരെ കൃത്യമായി പാലിക്കുക.

4. Stay Connected

ഓഫീസിലെ മേലധികാരികളുമായും സഹപ്രവർത്തകരുമായുമൊക്കെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുക. ഫോൺ, ഇന്റർനെറ്റ്, വീഡിയോ കാൾ, കോൺഫറൻസ് കാൾ, വീഡിയോ കോൺഫെറെൻസിങ് മുതലായ മാർഗ്ഗങ്ങളിലൂടെ സഹജീവനക്കാരുമായി ബന്ധപ്പെടുകയും ജോലി സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും പരസ്പരം പുരോഗതികൾ വിലയിരുത്തുകയും ചെയ്യുക. ഇത് ഓഫീസിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനും, ചെയ്യുന്ന ജോലിയിൽ നിന്ന് മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ വഴുതിപ്പോകാതിരിക്കാനും, നിങ്ങളുടെ പ്രൊഡക്ടിവിറ്റി കൂട്ടാനും ഉപകരിക്കും. മാത്രമല്ല മാനേജ്‌മെന്റും സഹപ്രവർത്തകരുമായുള്ള ബന്ധം നിലനിർത്താനും പരസ്പരം മോട്ടിവേറ്റ് ചെയാനും ഇത് ഉപകരിക്കും.

5. Work your normal hours

നിങ്ങളുടെ ഓഫീസിലെ പ്രവൃത്തി സമയത്തിനനുസരിച്ച് പ്രവർത്തിക്കുക. നിങ്ങൾ പതിവായി ജോലി തുടങ്ങുന്ന അതേ സമയത്ത് വീട്ടിലിരുന്നും ജോലി തുടങ്ങുക. ഓഫീസ് സമയം അവസാനിക്കുന്ന അതേ സമയത്ത് തന്നെ ജോലി നിർത്തുക. സാധാരണ എട്ട് മണിക്കൂർ ഓഫിസിൽ ജോലി ചെയ്യുന്ന ആൾ അതേ എട്ട് മണിക്കൂർ തന്നെ വീട്ടിലിരുന്നും പ്രവർത്തിക്കുക. വീട്ടിലാണെന്ന് കരുതി കൂടുതൽ സമയമോ വളരെ കുറച്ചു സമയമോ ജോലി ചെയ്യാതിരിക്കുക. ഓഫിസിലെ ലഞ്ച് സമയത്ത് വീട്ടിലും ലഞ്ച് കഴിക്കുക. ടീ / കോഫീ ബ്രേക്കുകളും അതെ പ്രകാരം പാലിക്കുക. വർഷങ്ങളായി നിങ്ങൾ ഈ രീതിയിലാണ് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ മനസ്സും ശരീരവും ഈ രീതിയിലാണ് ട്യൂൺ ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാൽ അതേ സമയക്രമം തന്നെ വീട്ടിലും പാലിക്കുന്നതാണ് ഉത്തമം.

6. Take short breaks

വീട്ടിലാണെന്ന് കരുതി തുടർച്ചയായി ജോലി ചെയ്തുകൊണ്ടേയിരിക്കുകയോ തുടർച്ചയായി വിശ്രമിച്ചു കൊണ്ടേയിരിക്കുകയോ ചെയ്യരുത്. ഇടക്കൽപം വിശ്രമമാകാം. വെറുതെ ഇരുന്നും കിടന്നുമുള്ള വിശ്രമത്തിന് പകരം ജോലി ഒന്ന് മാറ്റിപ്പിടിക്കുന്ന രീതിയായിരിക്കും നല്ലത്. ഉദാ: കുറേനേരം ജോലി ചെയ്തു കഴിഞ്ഞാൽ ഇടക്കൽപം പുസ്തക വായനയോ ചെറിയ രീതിയിലുള്ള വ്യായാമമോ നടത്തമോ ആകാം. ഇത് നിങ്ങളുടെ മനസ്സിനെ റിഫ്രഷ് ചെയ്യാനും പ്രൊഡക്ടിവിറ്റി കൂട്ടാനും സഹായിക്കും.

7. Involve your family

അത്യാവശ്യം വേണ്ട കാര്യങ്ങൾക്ക് വീട്ടിലുള്ളവരുടെ സഹായം സ്വീകരിക്കാം. ഉദാ: ഭാര്യ നല്ല വിദ്യാഭ്യാസമുള്ള ആളാണെങ്കിൽ ഏതെങ്കിലും ഡോക്യുമെന്റ് വായിച്ച് തരാനോ ടൈപ്പ് ചെയ്യാനോ അവരുടെ സഹായം സ്വീകരിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജോലിയുടെ സ്വഭാവവും മറ്റു പ്രയാസങ്ങളും നിങ്ങളുടെ കുടുംബത്തിലുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും ഉപകരിക്കും.

ഒന്നു മനസ്സുവെച്ചാൽ വർക്ക് ഫ്രം ഹോം ഓഫീസ് ജോലിയെക്കാൾ കൂടുതൽ ആനന്ദകരവും ആയാസരഹിതവും അതുപോലെ തന്നെ കാര്യക്ഷമവുമാക്കിത്തീർക്കാൻ നമുക്ക് സാധിക്കും. അതിന് നമ്മൾ മനസ്സ് വെക്കണം എന്ന് മാത്രം….

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share