Wrigleys Chewing Gum – സോപ്പ് കമ്പനിയിൽ നിന്നൊരു ലോകോത്തര ബ്രാൻഡ് രൂപം കൊണ്ട കഥ

Wrigley's Chewing Gum William Wrigley Jr

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കം തൊട്ടേ യൂറോപ്പിലും അമേരിക്കയിലുമെല്ലാം ച്യൂയിങ്ങ് ഗം പ്രചാരത്തിലുണ്ടായിരുന്നു. അന്ന് പക്ഷെ വെറുതെ മുഖവ്യായാമത്തിന് മാത്രമുപകരിക്കുന്ന, പ്രത്യേകിച്ച് രുചിക്കൂട്ടുകളൊന്നും ചേർക്കാത്ത ബ്ലാൻഡ് റെസിൻസ് കൊണ്ടുണ്ടാക്കിയ ച്യുയിങ്ങ് ഗമ്മുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. പക്ഷേ ലോകത്താദ്യമായി ചിക്ലെ കൊണ്ടുണ്ടാക്കിയ വ്യത്യസ്ത രുചികളിലുള്ള ച്യൂയിങ്ങ് ഗം അവതരിപ്പിച്ചത് Wrigley Company ആണ്. സ്പിയർമൈൻറ്, ജ്യൂസിഫ്രൂട്ട് തുടങ്ങിയ ഫ്‌ളേവറുകളിലൂടെ ച്യൂയിങ്ങ് ഗം വിപണിയിൽ ഒരു വൻ വിപ്ലവത്തിന് പാതയൊരുക്കിയ William Wrigley Jr. ൻ്റെ കഥയാണ് ഇനി പറയാൻ പോകുന്നത്.

ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് 1861 സെപ്തംബർ 30 ന് ഫിലാഡല്ഫിയയിലാണ് William Wrigley Jr. ജനിച്ചത്. Wrigley Manufacturing Company എന്ന കമ്പനിയുടെ സ്ഥാപകനായ William Wrigley ആയിരുന്നു അദ്ദേഹത്തിൻ്റെ പിതാവ്. നിലം വൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്ന ഒരു തരം സോപ്പ് പൊടിയായിരുന്നു ഈ കമ്പനിയുടെ പ്രധാന ഉല്പന്നം. അച്ഛൻ്റെ ബിസിനസ്സിൽ താല്പര്യം തോന്നിയ William Wrigley Jr. തൻ്റെ പതിമൂന്നാം വയസ്സിൽ അച്ഛൻ്റെ കമ്പനിയിൽ സെയിൽസ്മാനായി ജോലിക്ക് ചേർന്നു. സോപ്പ് പാക്കറ്റുകൾ ഒരു കുട്ടയിലാക്കി തലയിൽ ചുമന്നു കൊണ്ടു പോയി ഫിലാഡൽഫിയയിലെ തെരുവുകളിൽ വിൽക്കലായിരുന്നു പ്രധാന ജോലി.

1891 ൽ തൻ്റെ മുപ്പതാം വയസ്സിൽ വിവാഹാനന്തരം ചിക്കാഗോയിലേക്ക് താമസം മാറ്റിയ William Wrigley Jr. അവിടെ തൻ്റെ അച്ഛൻ്റെ കമ്പനിയുടെ ഒരു ബ്രാഞ്ച് ഓഫീസ് സ്ഥാപിച്ചു. അവിടെ അദ്ദേഹം സോപ്പ് പൊടിക്ക് പുറമെ ബേക്കിംഗ് പൌഡർ കൂടി നിർമ്മിച്ച് വിൽക്കാൻ തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ Wrigley’s Baking Powder ചിക്കാഗോയിൽ മുഴുവൻ വൻ പ്രചാരം നേടി. ഇടക്ക് വിപണിയിൽ മത്സരം മുറുകിയപ്പോൾ അദ്ദേഹം ബേക്കിംഗ് പൗഡറിൻ്റെ കൂടെ ഫ്രീയായി ഒരു ചെറിയ പാക്കറ്റ് ച്യുയിങ്ങ് ഗം കൂടി നൽകാൻ തുടങ്ങി. അന്ന് വരെ ആളുകൾ ഉപയോഗിച്ച് നോക്കിയിട്ടുള്ളതിൽ വെച്ച് വളരെ വ്യത്യസ്തമായ ഒരു തരം ച്യുയിങ്ങ് ഗം ആയിരുന്നു അത്. പ്രത്യേകിച്ച് യാതൊരു രുചിയുമില്ലാത്ത, ബ്ലാൻഡ് റെസിൻസ് കൊണ്ടുണ്ടാക്കിയ ച്യുയിങ്ങ് ഗമ്മിന് പകരം കൂടുതൽ മൃദുവായതും രുചിയുള്ളതുമായ Wrigleyയുടെ ച്യുയിങ്ങ് ഗമ്മിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ഘട്ടത്തിൽ ബേക്കിംഗ് പൗഡറിനേക്കാൾ കൂടുതൽ ഡിമാൻഡ് ച്യുയിങ്ങ് ഗമ്മിനുണ്ടായി. ഇതിൻ്റെ ഫലമായി സോപ്പ് ബിസിനസ്സ് നിർത്തിവെച്ച് William Wrigley Jr. 1892 ഓട് കൂടി പൂർണ്ണമായും ച്യുയിങ്ങ് ഗം ബിസിനസ്സിലേക്ക് തിരിഞ്ഞു.

ലാറ്റിനമേരിക്കയിൽ നിന്നിറക്കുമതി ചെയ്ത ചിക്ലെ (Chikle) എന്ന പദാർത്ഥം കൊണ്ട് നിർമ്മിച്ച വ്യത്യസ്തമായ രുചിക്കൂട്ടുകളുള്ള Wrigley’s Chewing Gum ൻ്റെ ജനപ്രീതി നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരുന്നു. Wrigley Jr. ൻ്റെ അടുത്ത ലക്ഷ്യം വെറുമൊരു മുഖവ്യായാമത്തിനുള്ള ഉത്പന്നം എന്നതിനപ്പുറം ച്യൂയിങ്ങ് ഗമ്മിന് ഒരു പുതിയ പരിവേഷം നൽകുക എന്നതായിരുന്നു. 1893ൽ Spearmint, Juicy Fruit എന്നീ രണ്ട് പുതിയ ഫ്‌ളേവറുകൾ കൂടി പുറത്തിറക്കികൊണ്ടാണ് അദ്ദേഹം ഈ ലക്ഷ്യം നിറവേറ്റിയത്. വായ് നാറ്റമകറ്റാനും ശ്വാസത്തിന് സുഗന്ധം പകരാനുള്ള ഒരു ഉല്പന്നമായി അദ്ദേഹം ച്യുയിങ്ങ് ഗമ്മിൻ്റെ തലവര മാറ്റിയെഴുതി. ‘Refresh Your Taste’ എന്ന ടാഗ്‌ലൈനോട് കൂടി പുറത്തിറങ്ങിയ Wrigley’s Chewing Gum ൻ്റെ പരസ്യങ്ങൾ ച്യുയിങ്ങ് ഗം എന്ന ഉൽപ്പന്നത്തിന് ചില പുതിയ സമവാക്യങ്ങൾ എഴുതിച്ചേർത്തു. ഇതോട് കൂടി കടിഞ്ഞാൺ പൊട്ടിച്ച കുതിരകണക്കെ വില്പന കുതിച്ചുയരാൻ തുടങ്ങി. ച്യുയിങ്ങ് ഗമ്മിൻ്റെ കൂടെ സിഗററ്റ് ലൈറ്റർ, പേനാക്കത്തി, മീൻപിടിക്കാനുപയോഗിക്കുന്ന കൊളുത്ത് പോലുള്ള ചെറിയ സാധനങ്ങൾ ഫ്രീയായി നൽകുക കൂടി ചെയ്തപ്പോൾ Wrigley’s Chewing Gumൻ്റെ വില്പന പിടിച്ചാൽ കിട്ടാത്ത വിധം കുതിച്ചു കയറി.

പരസ്യതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ അഗ്രഗണ്യനായിരുന്ന Wrigley Jr. തുടർച്ചയായി വ്യത്യസ്തതയാർന്ന പരസ്യ പരിപാടികളിലൂടെ കമ്പനിയെ വളർത്തിക്കൊണ്ടിരുന്നു. അക്കാലത്ത് തന്നെ ഒരു വർഷം ഒരു മില്യൺ ഡോളറിൽ കുറയാതെ Wrigley Jr. പരസ്യത്തിനായി ചെലവിടുമായിരുന്നു. 1907ലെ സാമ്പത്തിക മാന്ദ്യ കാലത്ത് ആരും ധൈര്യപ്പെടാത്ത ഒരു സാഹസത്തിന് Wrigley Jr. മുതിർന്നു. തൻ്റെ സകല സ്ഥാവരജംഗമ സ്വത്തുക്കളും പണയപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരു വലിയ തോതിലുള്ള ഒരു പരസ്യ ക്യാമ്പയിൻ നടത്താൻ പദ്ധതിയിട്ടു. പലരും അതിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അദ്ദേഹത്തിന് പിഴച്ചില്ല. വലിയ റിസ്കെടുത്ത് ചെയ്ത ആ പരസ്യ ക്യാമ്പയിനിൻ്റെ ഫലമായി തൊട്ടടുത്ത വർഷം Wrigley’s Chewing Gumൻ്റെ വിറ്റുവരവ് $1,70,000ൽ നിന്നും മൂന്ന് മില്യൺ ഡോളറായി കുതിച്ചുയർന്നു. 1915ൽ ഫോൺ ബുക്കിൽ പേരുള്ള 85 ലക്ഷം ആളുകൾക്ക് Wrigley’s Chewing Gumൻ്റെ സൗജന്യ സാമ്പിളുകൾ അയച്ചു കൊടുത്തതും, രണ്ട് വയസ്സ് പൂർത്തിയാക്കിയ 7,50,000 കുട്ടികൾക്ക് പിറന്നാൾ സമ്മാനമായി Wrigley’s Chewing Gumൻ്റെ രണ്ട് സാമ്പിൾ പാക്കറ്റുകൾ വീതം പിറന്നാൾ സമ്മാനമായി അയച്ചു കൊടുത്തതുമായ Wrigley Jr. ൻ്റെ എല്ലാ മാർക്കറ്റിംഗ് തന്ത്രങ്ങളും വലിയ രീതിയിൽ വിജയം കണ്ടു.

വൈകാതെ Wrigley Jr. കാനഡ, ഓസ്ട്രേലിയ, ബ്രിട്ടൺ, ന്യൂസീലാൻഡ് പോലുള്ള രാജ്യങ്ങളിലും തൻ്റെ ഫാക്ടറികൾ സ്ഥാപിച്ചു. ക്രമേണ Wrigley’s Chewing Gum ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ബ്രാൻഡായി വളർന്നു. ഒരു സാധാരണ സോപ്പ് പൊടി നിർമ്മാണ ഫാക്ടറിയിൽ നിന്ന് ഒരു ലോകോത്തര ബ്രാൻഡ് വളർത്തിക്കൊണ്ടു വന്ന ക്രാന്തദർശിയായ ഈ സംരംഭകൻ 1932 ജനുവരി 26ന് തൻ്റെ കർമ്മനിരതമായ ജീവിതത്തിൽ നിന്ന് വിടവാങ്ങി നിത്യതയിൽ വിലയം പ്രാപിച്ചു.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share