മാരുതി 800 – പാവങ്ങളുടെ കാർ പിറവികൊണ്ട കഥ

First Maruti Car in India

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏതാണ്ട് നാൽപ്പത് വർഷത്തോളം റോഡുകൾ അടക്കിവാണിരുന്നത് മൂന്ന് കാർ കമ്പനികളായിരുന്നു. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്, പ്രീമിയർ ഓട്ടോമൊബൈൽസ്, സ്റ്റാൻഡേർഡ് മോട്ടോർ കമ്പനി എന്നിവയായിരുന്നു ആ മൂന്ന് കമ്പനികൾ. യഥാക്രമം അംബാസഡർ, പ്രീമിയർ പദ്‌മിനി, സ്റ്റാൻഡേർഡ് ഹെറാൾഡ് എന്നീ കാറുകളാണ് ഇവർ വിപണിയിലിറക്കിയിരുന്നത്. അംബാസഡർ തറവാടികളുടെയും, പ്രീമിയർ പദ്‌മിനി എക്സിക്യൂട്ടീവ് ക്ളാസിൻ്റെയും, ഹെറാൾഡ് അക്കാലത്തെ ഫ്രീക്കന്മാരുടെയും കാറുകളായി കരുതപ്പെട്ടു.

ഉദാരീകരണത്തിൻ്റെ വാതിലുകൾ കൊട്ടിയടച്ച് സാക്ഷയിട്ടു കഴിഞ്ഞ ഇന്ത്യൻ വിപണിയിൽ ഈ നാല്പത് വർഷക്കാലം ഇവരുടെ തേർവാഴ്ച്ച തന്നെയായിരുന്നു. ഇവർ മൂവരും ചേർന്ന് അക്കാലത്ത് ജനങ്ങളെ അക്ഷരാർത്ഥത്തിൽ ഊറ്റിപ്പിഴിയുകയായിരുന്നു എന്ന് തന്നെ പറയാം. ഉദാഹരണത്തിന്, ലക്ഷങ്ങൾ വിലകൊടുത്ത് വാങ്ങുന്ന അംബാസഡർ കാറുകൾ അറ്റകുറ്റപ്പണികൾ തീർത്ത ശേഷമേ നിരത്തിലിറക്കാൻ സാധിക്കുമായിരുന്നുള്ളൂ. സ്പോട്ട് വെൽഡിംഗ് മാത്രം നടത്തി ഒരു കോട്ട് പെയിൻറ് പൂശിയാണ് അംബാസഡർ കാറുകൾ വിറ്റഴിച്ചിരുന്നത്. കാർ വാങ്ങുന്ന ആൾ തൻ്റെ കൈയിലെ കാശ് മുടക്കി അത് വീണ്ടും വെൽഡിംഗ് ചെയ്ത്, ഒന്ന് കൂടി പെയിന്റിംഗ് തീർത്തിട്ടു വേണമായിരുന്നു ഉപയോഗിച്ചു തുടങ്ങാൻ. ഡാഷ് ബോർഡിലെ ഗ്ലോബോക്സുകൾ തുറന്നാൽ ഉള്ളിൽ കാർഡ് ബോർഡ് കൊണ്ടുള്ള അറകളാണ് ഉണ്ടായിരുന്നത്. അത് മാറ്റി തകിട് കൊണ്ടുള്ള അറകൾ ഫിറ്റ് ചെയ്യേണ്ടതും കാറുടമയുടെ ഉത്തരവാദിത്തമാണ്. തീർന്നില്ല..!! ഓരോ രണ്ടു വർഷം കൂടുമ്പോഴും പാച്ച് വർക്ക് ചെയ്യണം. 50000 – 60000 കി.മീ ഓടിക്കഴിയുമ്പോൾ എഞ്ചിൻ ഓവറോളിങ് ചെയ്യണം… അങ്ങനെയങ്ങനെ…..

ചുരുക്കിപ്പറഞ്ഞാൽ കാറിന് കൊടുത്ത വിലയേക്കാൾ കൂടുതൽ തുക അത് നിരത്തിലിറക്കാൻ ചെലവഴിക്കണം. അതുകൊണ്ട് തന്നെ അത്യാവശ്യം പണവും പ്രാപ്തിയും ഉള്ളവർക്ക് മാത്രമേ അക്കാലത്ത് ഒരു കാർ സ്വന്തമാക്കാനുള്ള പാങ്ങുണ്ടായിരുന്നുള്ളൂ. പ്രീമിയർ പദ്‌മിനിയുടെയും സ്റ്റാൻഡേർഡ് ഹെറാൾഡിൻ്റെയും അവസ്ഥ ഏതാണ്ട് ഇത് പോലെ തന്നെയായിരുന്നു. പാവം ഇന്ത്യക്കാർ…!! മറ്റു വഴികളില്ലാതെ ഒച്ചു പോലെ ഇഴഞ്ഞു നീങ്ങുന്ന ഈ കാറുകളിലിരുന്ന് നെടുവീർപ്പിട്ടുകൊണ്ടിരുന്നു. മാരുതി കാറിൻ്റെ വരവോടെയാണ് യഥാർത്ഥ കാറെന്താണെന്ന് ഇന്ത്യക്കാർ മനസ്സിലാക്കിത്തുടങ്ങിയത്.

First Maruti Car in India

1984 ലാണ് ഇന്ത്യയുടെ വാഹനവിപണിയിൽ പുതിയ വിപ്ലവം തീർത്തുകൊണ്ട് മാരുതി 800 കാർ അവതരിച്ചത്. ‘സാധാരണക്കാരന് വേണ്ടിയുള്ള ഒരു കാറാണ് തൻ്റെ സ്വപ്നം’ എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് 1982ൽ സഞ്ജയ് ഗാന്ധിയാണ് മാരുതി ഉദ്യോഗ് ലിമിറ്റഡിന് അടിത്തറ പാകിയത്. ഏതാണ്ട് ഒരു വർഷം കൊണ്ട് കമ്പനിയുടെ ഗുർഗാവനിലുള്ള പ്ലാൻറിൽ ആദ്യത്തെ മാരുതി 800 കാർ വില്പനക്ക് സജ്‌ജമായി. അങ്ങനെ 1983 ഡിസംബർ പതിനാലാം തിയതി ഡൽഹി സ്വദേശിയായ ഹർപാൽ സിംഗ് 47,500 രൂപ നൽകി അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയിൽ നിന്ന് ഈ കാറിൻ്റെ ചാവി ഏറ്റുവാങ്ങി. DIA 6479 എന്ന രജിസ്‌ട്രേഷൻ നമ്പറിട്ട ആ കാർ പിന്നീട് മൂന്ന് പതിറ്റാണ്ട് കാലം ഇന്ത്യൻ നിരത്തുകളിലൂടെ നിർത്താതെ സഞ്ചരിച്ചു കൊണ്ടിരുന്നു. ഹർപാൽ സിംഗിന് ഒരു ലക്ഷം രൂപയോളം ഓഫർ ചെയ്ത് ഈ കാർ സ്വന്തമാക്കുവാൻ പലരും ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല. 2010ൽ അദ്ദേഹം മരണപ്പെടുന്നത് വരെ അദ്ദേഹം അത് നിധി പോലെ കാത്തു സൂക്ഷിച്ചു.

മാരുതി കാറിൻ്റെ കടന്നുവരവ് ഇന്ത്യൻ നിരത്തുകളിൽ ഒരു പുതിയ വസന്തത്തിന് തുടക്കം കുറിച്ചു. വെറും 50000 രൂപക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ലക്ഷണമൊത്ത ഒരു കുഞ്ഞു കാർ..!! എല്ലാ ദിവസവും രാവിലെ ബോണറ്റ് തുറന്ന് റേഡിയേറ്ററിൽ വെള്ളം നിറക്കുക, തണുപ്പ് കാലത്ത് ഹീറ്റർ ഓൺ ചെയ്ത വണ്ടി സ്റ്റാർട്ട് ചെയ്യുക, ഇടക്കിടെ ബാറ്ററി ഡൗൺ ആകുക തുടങ്ങിയ തലവേദനകളൊന്നും തരാത്ത ശാന്തവും സ്വസ്ഥവുമായ ഒരു കാർ. ഇന്ത്യൻ ജനത ഇത് ശരിക്കും ഒരു ആഘോഷമാക്കി. സ്ത്രീകളും മുതിർന്നവരുമടക്കം ഈ കാറുമായി നിരത്തിലിറങ്ങി പ്രൗഢിയോടെ വിലസി നടന്നു. ഏത് സാധാരണക്കാരനും സ്വന്തമാക്കാവുന്ന വിധം വിലകുറഞ്ഞതും സൗകര്യപ്രദവും പ്രശ്നരഹിതവുമായ ഈ കാർ അധികം വൈകാതെ തന്നെ ജനകീയമായിത്തീർന്നു. ഇത് തങ്ങളുടെ വീടിന് മുന്നിൽ കിടക്കുന്നത് പലരും ഒരു അന്തസ്സായി കരുതി. പുതിയ വീട് പണിതാൽ അതിന് മുന്നിൽ ഒരു പുതിയ മാരുതി കാർ. ചെറുപ്പക്കാർക്ക് സ്ത്രീധനമായി വേണ്ടതും മാരുതി കാർ. എന്തിന് കേരളം സർക്കാർ ലോട്ടറിയുടെ ഒന്നാം സമ്മാനം പോലും മാരുതി കാർ.

മുപ്പത്തേഴ് വർഷങ്ങൾക്ക് മുമ്പ് അംബിയുടെയും, പദ്മിനിയുടെയും, ഹെറാൾഡിൻ്റെയും അപ്രമാദിത്വത്തെ വെല്ലുവിളിച്ചു കൊണ്ട് തലയെടുപ്പോടെ കടന്നു വന്ന മാരുതി ഇന്നും പകരക്കാരനില്ലാത്ത ഒറ്റക്കൊമ്പനായി ഇന്ത്യൻ റോഡുകളിൽ വിലസി നടക്കുന്നു. ഉദാരവത്കരണത്തിൻ്റെ ഫലമായി എത്രയോ ആഗോള കാർ കമ്പനികൾ ഇന്ത്യയിലേക്ക് പടയെടുത്ത് വന്നിട്ടും അവക്കൊന്നും മാരുതിയെ അണുവിട പോലും ഇളക്കാൻ സാധിച്ചിട്ടില്ല എന്നത് തന്നെ മാരുതി എന്ന ബ്രാൻഡിന് ഇന്ത്യൻ ജനതക്കിടയിലുള്ള സ്വീകാര്യതക്കും വിശ്വാസ്യതക്കുമുള്ള ഉത്തമ നിദർശനമാണ്.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share