നിങ്ങളുടെ കമ്പനിക്ക് ഒരു എഴുതിവെക്കപ്പെട്ട മൂല്യം (Value Statement) ഉണ്ടോ?

Importance of Value Statement for a Company

കഴിഞ്ഞ 25 വർഷത്തെ ബിസിനസ്സ് ചരിത്രത്തെ ആസ്പദമാക്കി ഈയിടെ നടന്ന ഒരു പഠനത്തിലൂടെ കണ്ടെത്തിയത് വളരെ അർത്ഥവത്തായ ഒരു കാര്യമാണ്. തങ്ങളുടെ ബിസിനസ്സ് മൂല്യങ്ങളും തത്വങ്ങളും കൃത്യമായി രേഖപ്പെടുത്തിവെക്കുകയും അത് തങ്ങളുടെ ജീവനക്കാരെ വേണ്ട രീതിയിൽ ബോധ്യപ്പെടുത്തുകയും ചെയ്ത കമ്പനികൾ കഴിഞ്ഞ 25 വർഷത്തിനിടെ അതേ രംഗത്ത് പ്രവർത്തിക്കുന്ന മറ്റു കമ്പനികളെ അപേക്ഷിച്ച് 700 ശതമാനം അധിക വളർച്ച കൈവരിച്ചിട്ടുണ്ട് എന്നാണ് ആ കണ്ടെത്തൽ.

പ്രശസ്ത പ്രചോദക പ്രഭാഷകനും എഴുത്തുകാരനുമായ ബ്രയാൻ ട്രേസി (Brian Tracy) തൻ്റെ ‘The Power of Self Confidence’ എന്ന പുസ്തകത്തിൽ ഒരു അനുഭവം പങ്കുവെക്കുന്നുണ്ട്.

വളരെ ചെറിയ ഒരു ആശയത്തിന്മേൽ രൂപം പ്രാപിച്ച് പിന്നീട് അവിശ്വസനീയമാം വിധം വളർച്ച പ്രാപിച്ച ഒരു മൾട്ടി നാഷണൽ കമ്പനിയുടെ ജീവനക്കാർക്ക് വേണ്ടി അദ്ദേഹം ഒരു ക്‌ളാസ് നടത്തുകയുണ്ടായി. ക്ലാസിൽ പങ്കെടുത്ത 150 ജീവനക്കാരും വളരെയധികം പോസിറ്റിവിറ്റിയുള്ളവരും, ഊർജ്ജസ്വലരും, സ്വയം പ്രചോദിതരുമായിരുന്നു. ഈ കാര്യം ആ കമ്പനിയുടെ പ്രസിഡണ്ടിൻ്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അദ്ദേഹം ഒരു പുഞ്ചിരിയോട് കൂടി തൻ്റെ പോക്കറ്റിൽ നിന്നൊരു ലാമിനേറ്റഡ് കാർഡ് എടുത്ത് കാണിച്ചുകൊണ്ട് പറഞ്ഞു – “അതിന് കാരണം ഇതാണ്.”

ആ കമ്പനിയുടെ മൂല്യങ്ങൾ ആലേഖനം ചെയ്ത കാർഡായിരുന്നു അത്. ആ കമ്പനി എന്തിന് വേണ്ടി നിലകൊള്ളുന്നു, അതിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങളെന്തൊക്കെ എന്നെല്ലാം വിവരിക്കുന്ന Value Statementൻ്റെ സംക്ഷിപ്തരൂപം. ആദ്യമെല്ലാം രണ്ട് A4 ഷീറ്റിൽ ഉൾക്കൊള്ളുന്നതായിരുന്നു അത്. പിന്നീടത് ചുരുക്കി ഒരു എടിഎം കാർഡിൻ്റെ രൂപത്തിലാക്കി എല്ലാ ജീവനക്കാർക്കും വിതരണം ചെയ്തു. ഒരാൾ പുതുതായി ജോലിക്ക് ചേരുമ്പോൾ തന്നെ ആ കാർഡ് നൽകും. എല്ലാവരും അത് നന്നായി വായിച്ച് മനഃപാഠമാക്കുകയും അത് സദാസമയവും പോക്കറ്റിലോ പേഴ്‌സിലോ സൂക്ഷിക്കുകയും വേണം. തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് എപ്പോൾ എന്ത് പ്രതിസന്ധി നേരിട്ടാലും അവർ ആ കാർഡ് പുറത്തെടുത്ത് വായിക്കണം. എന്നിട്ട് അതിനനുസരിച്ച രീതിയിൽ അടുത്ത ചുവടെടുത്ത് വെക്കുകയും വേണം.

അതു കൊണ്ട് തന്നെ ആ സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും ആ കമ്പനിയുടെ മൂല്യങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമുണ്ടാവുകയും അവർ അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. വളരെ ചെറിയ രീതിയിൽ തുടങ്ങിയ ആ കമ്പനി വിപണിയിലെ തീക്ഷണമായ കിടമത്സരങ്ങൾക്കിടയിലും വളർന്ന് ഇത്രയും വലിയ ഒരു പ്രസ്ഥാനമായി മാറിയതിൻ്റെ പ്രധാനകാരണം ഇതായിരുന്നു.

ഇനി ഒരു സ്ഥാപനത്തിന് വ്യവസ്ഥാപിതമായ മൂല്യങ്ങളും തത്വങ്ങളും ഉണ്ടായിരിക്കേണ്ടതിൻ്റെ ആവശ്യകത എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. ഒരു എഴുതപ്പെട്ട മൂല്യവ്യവസ്ഥ എന്ന് പറയുന്നത് ഒരു ദിശാസൂചി പോലെയാണ്. എങ്ങനെ, ഏത് മാർഗ്ഗത്തിൽ മുമ്പോട്ട് നീങ്ങണം എന്ന കാര്യത്തിൽ മാനേജ്‌മെന്റിനും ജീവനക്കാർക്കും വ്യക്തമായ ദിശാബോധം നൽകാൻ അത് ഉപകരിക്കും.

2. മാനേജ്‌മെന്റിനും ജീവനക്കാർക്കും ഓരോ സാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുക്കാൻ ഇത് വളരെയധികം ഉപകരിക്കും.

3. ഒരു സ്ഥാപനത്തിനകത്ത് മാനേജ്‌മെന്റും തൊഴിലാളികളും തമ്മിലുള്ളതും, തൊഴിലാളികൾ തമ്മിലുള്ളതുമായ ആശയവിനിമയം (Communication) കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ഇതിലൂടെ സാധിക്കുന്നു.

4. എല്ലാ തലത്തിലുമുള്ള ജീവനക്കാരെയും കമ്പനിയുടെ മൂല്യങ്ങളോട് ചേർത്തുനിർത്താനും, ഒരേ ലക്ഷ്യത്തിലേക്ക് അണിനിരത്തുവാനും ഇത് സഹായിക്കും.

5. ജീവനക്കാരെ പ്രചോദിപ്പിക്കുവാനും, അവർക്ക് ജോലിയോടുള്ള താല്പര്യവും കാര്യക്ഷമതയും വർദ്ധിപ്പിക്കുവാനും, അത് വഴി അവർക്ക് കമ്പനിയോടുള്ള അടുപ്പം കൂട്ടുവാനും സാധിക്കുന്നു.

6. കഴിവും കാര്യശേഷിയുമുള്ള, തങ്ങളുടെ ആശയങ്ങളോട് പൊരുത്തമുള്ള ജീവനക്കാരെ കണ്ടെത്തുവാനും അവരെ ഏറ്റവും ഉചിതമായ സ്ഥാനങ്ങളിൽ നിയമിക്കുവാനും ഇത് സഹായിക്കുന്നു.

7. ഇത് ഉപഭോക്താക്കളെ ആകർഷിക്കാനും അവർക്ക് ഏറ്റവും മികച്ച സേവനവും നൂറ് ശതമാനം സംതൃപ്തിയും ഉറപ്പുവരുത്താനും അത് വഴി അവരെ എക്കാലവും നിലനിർത്താനും സഹായിക്കുന്നു.

8. ഇത് സെയിൽസ്, മാർക്കറ്റിംഗ് പോലുള്ള ഡിപ്പാർട്മെന്റുകളുടെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയും ആയാസരഹിതമാക്കുകയും ചെയ്യുന്നു.

9. കമ്പനിയെ കുറിച്ച് പൊതുസമൂഹത്തിനുള്ള മതിപ്പും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു.

10. എല്ലാ ജീവനക്കാരുടെയും ഏകതാനമായ മനസ്സോട് കൂടിയുള്ള കൂട്ടായ പ്രവർത്തനം സ്ഥാപനത്തിൻ്റെ വളർച്ചക്കും, ഉത്പന്നങ്ങളുടെ ഗുണമേന്മ കൂട്ടുന്നതിനും, സേവനങ്ങളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിനും സഹായിക്കുന്നു.

ഇന്ന് മൂല്യാധിഷ്ടിതമായ പ്രവർത്തനങ്ങളിലൂടെ മികച്ച വിജയം കൈവരിച്ച കമ്പനികളുടെ നിരയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രണ്ട് പേരുകളാണ് KPMG & Marriott. വളരെ വസ്തുനിഷ്ഠവും വ്യതിരിക്തവുമായ രീതിയിൽ എഴുതപ്പെട്ടിട്ടുള്ള Value Statement തന്നെയാണ് ഇവരുടെ ഏറ്റവും വലിയ ബലം. മൂല്യാധിഷ്ടിതമായി പ്രവർത്തിക്കണം എന്നാഗ്രഹിക്കുന്ന ഏതൊരു സ്ഥാപനത്തിനും മാതൃകയാക്കാവുന്നതാണ് ഈ രണ്ട് കമ്പനികളുടെ മൂല്യങ്ങൾ.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share