എന്താണ് ‘പേപ്പർ ക്ലിപ് സ്ട്രാറ്റജി’ (Paper Clip Strategy)..?

Paper Clip Strategy Trent Dyrsmid

കാനഡയിലെ വാൻകൂവറിലുള്ള മെറിൽ ലിഞ്ച് (Merill Lynch) ബാങ്ക് അബട്സ്ഫോർഡ് എന്ന കുഗ്രാമത്തിൽ ജനിച്ചുവളർന്ന് ചില്ലറ സ്റ്റോക്ക് ബ്രോക്കിങ് ജോലികളും മറ്റുമായി കഴിഞ്ഞുകൂടിയിരുന്ന ട്രെൻറ്റ് ഡിസ്‌മിഡ്‌ (Trent Dyrsmid) എന്ന ഇരുപത്തിമൂന്നുകാരനെ തങ്ങളുടെ റീട്ടെയിൽ ടീമിലേക്കെടുത്ത വിവരമറിഞ്ഞപ്പോൾ പലരും മൂക്കത്ത് വിരൽ വെച്ച് നിന്നു പോയി. അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്‌? അവർ പരസ്പരം ചോദിച്ചു. പക്ഷെ, ആ സന്ദേഹപ്പെട്ടവരുടെയെല്ലാം വായടപ്പിക്കുന്ന രീതിയിലായിരുന്നു ട്രെന്റിൻ്റെ തുടർന്നുള്ള പ്രകടനവും അതിലൂടെയുള്ള അയാളുടെ വളർച്ചയും.

1995ൽ ജോലിക്ക് ചേർന്ന് ഒന്നര വർഷമായപ്പോഴേക്കും 5 മില്യൺ ഡോളറിൻ്റെ അധിക ബിസിനസ്സാണ് ട്രെന്റ് ആ ബാങ്കിന് നേടിക്കൊടുത്തത്. ഇരുപത്തിനാലാം വയസ്സിൽ ഈ ചെറുപ്പക്കാരൻ്റെ വാർഷിക വരുമാന ഏതാണ്ട് 75,000 ഡോളറായിരുന്നു. അത് ഇന്നത്തെ കണക്കിൽ ഏതാണ്ട് അമ്പത്തെട്ട്‍ ലക്ഷം രൂപയോളം വരും. അധികം താമസിയാതെ മറ്റൊരു പ്രമുഖ വെൽത്ത് മാനേജ്മെന്റ് കമ്പനിയായ Dundee Wealth ആറക്ക ശമ്പളം ഓഫർ ചെയ്ത് ട്രെന്റിനെ റാഞ്ചിക്കൊണ്ടുപോയി. തൻ്റെ കർമ്മവൈഭവം കൊണ്ട് ഈ സ്ഥാപനത്തിൻ്റെ ബിസിനസ്സ് പല മടങ്ങ് വർദ്ധിപ്പിച്ച ട്രെന്റ് ഡിസ്‌മിഡ്‌ 1999ൽ ഈ സ്ഥാപനത്തിൻ്റെ Vice President – Sales & Marketing എന്ന പദവിയിലേക്കുയർന്നു. ഏതാണ്ട് രണ്ട് വർഷത്തോളം നീണ്ട മികവുറ്റ സേവനത്തിന് ശേഷം ആ ജോലി രാജിവെച്ചിറങ്ങിയ ട്രെന്റ് 2001ൽ Dyrant Systems Inc. എന്ന കമ്പനി സ്ഥാപിച്ചു. 2008 ൽ ഈ കമ്പനി ഒരു വൻതുകക്ക് വിറ്റ ശേഷം ഇദ്ദേഹം 2011 ൽ Groove Digital Marketing എന്ന കമ്പനിക്ക് തുടക്കമിട്ടു. 2016 ൽ ഈ കമ്പനിയും അദ്ദേഹം ഒരു വലിയ തുകക്ക് വിറ്റു. തുടർന്ന് അതെ വർഷം TLK Sourcing എന്ന പേരിൽ ഒരു ഇ-കൊമേഴ്‌സ് കമ്പനി സ്ഥാപിച്ചു. അതും വലിയ വിജയമായതിനെ തുടർന്ന് വൻ സാമ്പത്തിക ലാഭത്തിന് കൈമാറിയ ശേഷം 2018ൽ Flowster എന്ന ഇ കൊമേഴ്‌സ് കമ്പനിക്കും മൊബൈൽ ആപ്പിനും ജന്മം നൽകി അതിൻ്റെ സി.ഇ.ഒ പദവിയലങ്കരിക്കുന്ന ട്രെന്റ് ഇന്ന് അറിയപ്പെടുന്ന ഒരു പ്രചോദക പ്രഭാഷകൻ കൂടിയാണ്. 2010ൽ അദ്ദേഹം തുടങ്ങിയ Bright Ideas എന്ന ഇ-കൊമേഴ്‌സ് പോഡ്കാസ്റ്റ് ഇന്ന് അമേരിക്കയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള പോഡ്‌കാസ്റ്റുകളിൽ ഒന്നാണ്.

എന്താണ് ഇദ്ദേഹത്തിൻ്റെ ഈ വിജയ രഹസ്യം? ഇന്ന് പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഒരിക്കൽ ഒരു ഇന്റർവ്യൂവിനിടെ ഈ ചോദ്യം അവതാരക ട്രെന്റിനോട് തന്നെ ചോദിക്കുകയുണ്ടായി. ‘പേപ്പർ ക്ലിപ് സ്ട്രാറ്റജി’ എന്നായിരുന്നു ട്രെന്റിന്റെ മറുപടി. എന്താണ് ഈ ‘പേപ്പർ ക്ലിപ് സ്ട്രാറ്റജി’ എന്ന ചോദ്യത്തിന് ട്രെന്റ് നൽകിയ വിശദീകരണം ഇങ്ങനെയാണ്.

മെറിൽ ലിഞ്ച് ബാങ്കിൻറെ റീട്ടെയിൽ ഡിവിഷനിൽ ജോലിക്ക് കയറിയ കാലത്ത് ട്രെൻഡ് ഡിസ്‌മിഡ്‌ ആവിഷ്കരിച്ച ഒരു പുതിയ ടെക്നിക്കായിരുന്നു ‘പേപ്പർ ക്ലിപ് സ്ട്രാറ്റജി’. അദ്ദേഹം എല്ലാ ദിവസവും രാവിലെ തൻ്റെ മേശപ്പുറത്ത് രണ്ട് ഗ്ലാസ്സ് ജാറുകൾ എടുത്തുവെക്കും. അതിൽ ഒന്നിൽ 120 പേപ്പർ ക്ലിപ്പുകൾ ഉണ്ടായിരിക്കും. രണ്ടാമത്തെ ജാർ കാലിയായിരിക്കും. പിന്നെ അദ്ദേഹം ടെലികാൾ ചെയ്യാനുള്ള കസ്റ്റമർ ലിസ്റ്റ്‌ എടുത്തുവെച്ച് ഓരോരുത്തരെയായി വിളിക്കാൻ തുടങ്ങും. ഓരോ കസ്റ്റമറിനെ ഫോണിൽ വിളിച്ച് സംസാരിച്ച് കഴിയുമ്പോഴും അദ്ദേഹം ആദ്യത്തെ ജാറിൽ നിന്ന് ഒരു പേപ്പർ ക്ലിപ്പെടുത്തു രണ്ടാമത്തെ ജാറിലിടും. അങ്ങനെ അദ്ദേഹം ഒരു ദിവസം 120 കസ്റ്റമർമാരുമായി ഫോണിൽ ബന്ധപ്പെടും. വൈകുന്നേരമാകുമ്പോഴേക്കും ആദ്യത്തെ ജാർ കാലിയാകുകയും രണ്ടാമത്തെ ജാർ പേപ്പർ ക്ലിപ്പുകൾ കൊണ്ട് നിറയുകയും ചെയ്യും. അടുത്ത ദിവസവും ഇത് തന്നെ ആവർത്തിക്കും. ഇങ്ങനെ ഓരോ ദിവസവും ചെയ്തത് കൊണ്ടാണ് അദ്ദേഹത്തിന് ഇത്രയധികം ബിസിനസ്സ് ഉണ്ടാക്കാൻ സാധിച്ചത് എന്ന് ട്രെന്റ് അഭിപ്രായപ്പെടുന്നു.

ആദ്യത്തെ ജാറിൽ ക്ലിപ്പുകളുടെ എണ്ണം കുറഞ്ഞുവരുന്നതും രണ്ടാമത്തെ ജാർ നിറഞ്ഞുകൊണ്ടിരിക്കുന്നതുമായ കാഴ്ച്ച തന്നിൽ ആവേശം നിറക്കാറുണ്ടെന്നും, അപ്പോൾ കൂടുതൽ ആവേശത്തോടെ തൻ്റെ ജോലി തുടരാൻ തനിക്ക് പ്രചോദനം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. 1995ൽ ഒരു സാധാരണ റീട്ടെയിൽ സെയിൽസ്മാനായിരിക്കുമ്പോൾ തുടങ്ങിയ ഈ ശീലം ഇന്ന് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ സി.ഇ.ഒ പദവിയിലിരിക്കുമ്പോഴും അദ്ദേഹം തുടർന്ന് കൊണ്ടേയിരിക്കുന്നു. ഈ ടെക്നിക്കിന് അദ്ദേഹം സ്വയം നൽകിയ പേരാണ് ‘പേപ്പർ ക്ലിപ് സ്ട്രാറ്റജി’.

ഇത് പോലെ സ്വയം പ്രചോദിപ്പിക്കാനുള്ള ടെക്നിക്കുകൾ നമുക്കും സ്വയം ആവിഷ്കരിക്കാവുന്നതാണ്. ഇത്തരം ടെക്നിക്കുകൾ നമ്മെ നമ്മുടെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിപ്പിക്കാതെ ഉറപ്പിച്ചു നിർത്തുകയും കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യും. നിങ്ങളിൽ ആവേശം നിറക്കുന്നതും കൂടുതൽ ആർജ്ജവത്തോടെ പ്രവർത്തിക്കാൻ പ്രചോദിപ്പിക്കുന്നതും എന്താണോ അതു തന്നെ സ്വയം ഉദ്ദീപനത്തിനായി വിനിയോഗിക്കുക. ട്രെന്റ് ഡിസ്മിഡിന് ‘പേപ്പർ ക്ലിപ് സ്ട്രാറ്റജി’ പോലെ നിങ്ങൾക്കും ഏറ്റവും ഇണങ്ങുന്ന ഒരു അളവുകോൽ ഉപയോഗിച്ച് പ്രവർത്തിക്കുക. ചെയാനുള്ള ജോലികളുടെ അളവ് കുറഞ്ഞു വരുന്നതും, ചെയ്തു കഴിഞ്ഞ ജോലികളുടെ എണ്ണം കൂടി വരുന്നതുമായ ആ കാഴ്ച്ച നിങ്ങളെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കും. അത് അനന്തരം നിങ്ങളെ വിജയത്തിൻ്റെ ഉത്തുംഗശൃംഖത്തിലേക്കും ഉയർത്തും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share