നിങ്ങളുടെ ഉൽപന്നം ഉപഭോക്താവിനൊരു പുതിയ അനുഭവമാക്കി മാറ്റൂ

Dough Dietz - MRI Scanning Machine

ചിപ്പ്‌ (Chip), ഡാൻ ഹീത്ത്‌ (Dan Heath) എന്നിവർ ചേർന്നെഴുതിയ ‘The Power of Moments’ എന്ന പുസ്തകത്തിൽ വളരെ രസകരമായ ഒരു സംഭവം വിവരിക്കുന്നുണ്ട്‌.

ജനറൽ ഇലക്ട്രിക്കൽസിൻ്റെ ഹെൽത്ത്‌ കെയർ ഡിവിഷനിലെ പ്രഗൽഭനായ ഒരു ഇൻഡസ്ടിയൽ ഡിസൈനറായിരുന്നു ഡഗ്‌ ഡീറ്റ്‌സ്‌ (Doug Dietz). ഇരുപത്‌ വർഷങ്ങൾ നീണ്ട കഠിനപ്രയത്നത്തിൻ്റെ ഫലമായി 2007ൽ അദ്ദേഹം ഒരു പുതിയ തരം എം.ആർ.ഐ മെഷീൻ വികസിപ്പിച്ചെടുത്തു. പരീക്ഷണാർത്ഥം ഈ മെഷീൻ ഒരു ഹോസ്പിറ്റലിൽ സ്ഥാപിക്കുകയും ചെയ്തു.

തൻ്റെ പുതിയ മെഷീനിൻ്റെ പ്രവർത്തനം നേരിട്ട്‌ കണ്ട്‌ വിലയിരുത്തുന്നതിനായി ഒരു ദിവസം ഡഗ്‌ ആ ആശുപത്രിയിലേക്കെത്തി. ആ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ ശീതീകരിച്ച മുറിയിലെ പളുങ്കു പോലെ മിന്നുന്ന തറയിൽ തൻ്റെ ചിരകാല സ്വപ്നം ഗാംഭീര്യത്തോടെ നിലയുറപ്പിച്ചിരിക്കുന്നത്‌ തൻ്റെ മകൻ ഒരു ഉന്നതപദവിയിലിരിക്കുന്നത്‌ കണ്ടാസ്വദിക്കുന്ന പിതാവിനെ പോലെ ഡഗ്‌ അഭിമാനത്തോടെ നോക്കിനിന്നു. അതിൻ്റെ യാന്ത്രികമായ മുരൾച്ച ഡഗിൻ്റെ കാതുകൾക്ക്‌ ഇമ്പമൂട്ടി. ഇതിനു വേണ്ടിയാണല്ലോ താൻ കഴിഞ്ഞ ഇരുപത്‌ വർഷം ഉറക്കമിളച്ചത്‌ എന്ന ചിന്ത അദ്ദേഹത്തിൻ്റെ രോമകൂപങ്ങളെ ത്രസിപ്പിച്ചു.

അപ്പോഴാണ്‌ എം.ആർ.ഐ ടെക്നീഷ്യൻ അദ്ദേഹത്തിൻ്റെ ചുമലിൽ കൈവെച്ച്‌ ചിന്തയിൽ നിന്നുണർത്തി, പുറത്തൊരു പേഷ്യന്റ്‌ സ്കാനിംഗിനായി എത്തിയിട്ടുണ്ടെന്നും അതിനാൽ അൽപനേരം അദ്ദേഹം പുറത്തിരിക്കണമെന്നും ആവശ്യപ്പെട്ടത്‌. അദ്ദേഹം പുറത്തേക്ക്‌ നടക്കാനൊരുങ്ങുമ്പോൾ ഒരു കൊച്ചു പെൺകുട്ടി അവളുടെ അച്ഛൻ്റെ കൈപിടിച്ചു കൊണ്ട്‌ അകത്തേക്ക്‌ പ്രവേശിച്ചു. അകത്തുകടന്ന പാടേ ചുറ്റും നോക്കിയ ആ പെൺകുട്ടി പെട്ടെന്ന് വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി.

“ഇവിടെ വേണ്ടച്ഛാ. വാ നമുക്ക്‌ പോകാം.” എന്ന് പറഞ്ഞുകൊണ്ട്‌ അവൾ അച്ഛൻ്റെ കോട്ടിൽ പിടിച്ചു വലിക്കുകയും പുറത്തേക്കൊടാൻ ശ്രമിക്കുകയും ചെയ്തു.

ഇതു കണ്ട്‌ ഡഗ്‌ ആ കുഞ്ഞിനുനേർക്ക്‌ കുനിഞ്ഞുകൊണ്ട്‌ ചോദിച്ചു.

“എന്തു പറ്റി മോളേ. മോളെന്തിനാ കരയുന്നത്‌?”

“എനിക്ക്‌….. എനിക്ക്‌ ഇവിടെ നിന്നിട്ട്‌ പേടിയാകുന്നു…” അവൾ വിക്കി വിക്കിക്കൊണ്ട്‌ പറഞ്ഞു.

ഡഗ്‌ അടിയേറ്റത്‌ പോലെ നിന്നു പോയി. അപ്പോഴാണ്‌ ഡഗ്‌ ആ കൊച്ചുകുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ ആ മുറിയാകെ ഒന്ന് നിരീക്ഷിച്ചത്‌.

ആളുകൾ എം.ആർ.ഐ മെഷീനിനടുത്തേക്ക്‌ പോകാതിരിക്കാനായി നിലത്ത്‌ പതിച്ചിരുന്ന മഞ്ഞയും കറുപ്പും വരകളുള്ള സ്റ്റിക്കർ ആ മുറിക്ക്‌ ഒരു ആക്സിഡണ്ട്‌ നടന്ന സ്ഥലത്തിൻ്റെ പ്രതീതി നൽകി. ചുവരിൽ ‘ഡേഞ്ചർ’ എന്ന് വലിയ അക്ഷരത്തിൽ പ്രകാശിക്കുന്ന ലൈറ്റ്‌ ബോർഡ്‌ ആരുടെയുള്ളിലും ഭയത്തിൻ്റെ വിത്തുവാരിയുടും. പോരാത്തതിന്‌ സ്കാനിംഗ്‌ മെഷീനിൻ്റെ രാക്ഷസീയമായ മുരൾച്ചയും……

കുട്ടികളെ കുറ്റം പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല. ഇതൊക്കെ കണ്ടാൽ ആരായാലും ഭയന്ന് നിലവിളിക്കും….

ആ കൊച്ചു പെൺകുട്ടി അപ്പോഴും അവിടെ കിടന്ന് കൈകാലിട്ടടിച്ച്‌ നിലവിളിക്കുകയാണ്‌. അവളുടെ അച്ഛനും ലാബ്‌ ടെക്നീഷ്യന്മാരും എത്രയൊക്കെ നിർബന്ധിച്ചിട്ടും അവൾ സ്കാനിംഗ്‌ ബെഡിലേക്ക്‌ കയ്യറിക്കിടക്കാൻ സമ്മതിക്കുന്നില്ല.

“ഇനിയിപ്പോൾ എന്തു ചെയ്യും?” ഡഗ്‌ ടെക്നീഷ്യൻ്റെ നേർക്ക്‌ തിരിഞ്ഞുകൊണ്ട്‌ ചോദിച്ചു.

“സെഡേഷൻ കൊടുത്ത്‌ മയക്കിക്കിടത്തേണ്ടി വരും സർ.” ടെക്നീഷ്യൻ പറഞ്ഞു. “ഇവിടെ വരുന്ന എൺപത്‌ ശതമാനം കുട്ടികളുടെയും അവസ്ഥ ഇതാണ്‌. ഇതിനകത്തോട്ട്‌ കയറിയാൽ എല്ലാവരും ഇതുപോലെ പേടിച്ചു നിലവിളിക്കാൻ തുടങ്ങും. പിന്നെ സെഡേഷൻ നൽകി ബോധം കെടുത്തിയിട്ട്‌ വേണം സ്കാൻ ചെയ്യാൻ…”

ഡഗ്‌ ചേതനയറ്റവനെ പോലെ അവിടെ മരവിച്ചു നിന്നു. ഇരുപത്‌ വർഷത്തെ കഠിന തപസ്സിനൊടുവിൽ താൻ സൃഷ്ടിച്ചെടുത്തുന്നത്‌ ഭീതിപ്പെടുത്തുന്ന ഒരു രാക്ഷസയന്ത്രത്തെയാണെന്ന ചിന്ത അദ്ദേഹത്തെ തളർത്തിക്കളഞ്ഞു….

പാടേ മനസ്സു തളർന്നു കൊണ്ടാണ്‌ ഡഗ്‌ അന്ന് വീട്ടിലേക്ക്‌ മടങ്ങിയത്‌. തുടർന്നുള്ള രാത്രികളിൽ ഡഗിന്‌ ഉറങ്ങാനേ സാധിച്ചില്ല. കണ്ണടച്ചാൽ കൺമുന്നിൽ തെളിയുന്നത്‌ ആ കരയുന്ന കുഞ്ഞുങ്ങളുടെ ഭയന്നു വിറച്ച മുഖമാണ്‌. കാതിൽ കേൾക്കുന്നത്‌ ഒരു രാക്ഷസയന്ത്രത്തിൻ്റെ ഭീതിദമായ മുരൾച്ചയാണ്‌. സെഡേഷൻ മരുന്നിൻ്റെ വീര്യത്തിൽ മയക്കത്തിലേക്കാണ്ടു കൊണ്ടിരിക്കുന്ന കുരുന്നുശരീരങ്ങളുടെ ദീനമായ ഞരക്കങ്ങളാണ്‌….

ഇതിനൊരു പ്രതിവിധി ആലോചിച്ച്‌ ഡഗ്‌ രാവും പകലും ഊണും ഉറക്കവുമില്ലാതെ ഉഴറി നടന്നു.

അങ്ങനെയിരിക്കെയാണ്‌ അദ്ദേഹം ഒരു ദിവസം തൻ്റെ മകൾ പഠിക്കുന്ന പ്ലേ സ്കൂൾ സന്ദർശിക്കാനിടയായത്‌. അവിടുത്തെ പഠനരീതികളും കുട്ടികളെ ആകർഷിക്കുന്നതിനായി ചുവരിലും നിലത്തുമെല്ലാം വരച്ചു വെച്ചിരിക്കുന്ന ഗ്രാഫിക്‌ രൂപങ്ങളുമെല്ലാം അദ്ദേഹത്തിൻ്റെ തലച്ചോറിലേക്ക്‌ പുതിയ പ്രകാശം നിറച്ചു.

ആ പുതിയ വെളിപാടിൽ നിന്ന് കിട്ടിയ നൂതനമായ ആശയങ്ങൾ ചേർത്തുവെച്ച്‌ ഡഗ്‌ തൻ്റെ എം.ആർ.ഐ മെഷീൻ അടിമുടി മാറ്റിപ്പണിതു. യൂണിവേഴ്സിറ്റി ഓഫ്‌ പിറ്റ്സ്ബർഗിലെ മെഡിക്കൽ ഹോസ്പിറ്റലിൽ ആ പുതിയ മെഷീൻ സ്ഥാപിക്കപ്പെട്ടു. ഒരു അഡ്വഞ്ചർ പാർക്കിൻ്റെ മാതൃകയിലായിരുന്നു എം.ആർ.ഐ റൂം സജ്ജീകരിച്ചത്‌. അവിടേക്ക്‌ പ്രവേശിക്കുന്ന കുട്ടികൾക്ക്‌ കിട്ടുന്നത്‌ ഒരു അത്ഭുതലോകത്തേക്ക്‌ പ്രവേശിച്ച അനുഭൂതിയായിരുന്നു. മഞ്ഞയും കറുപ്പും വരകളുള്ള അപകടമേഖലയെ ഓർമ്മപ്പെടുത്തുന്ന സ്റ്റിക്കറുകൾക്ക്‌ പകരം നടക്കല്ലുകളുടെ രൂപത്തിലുള്ള ത്രീഡി സ്റ്റിക്കറുകൾ പതിപ്പിച്ചു. ഇരുഭാഗത്തും മത്സ്യങ്ങൾ നീന്തിത്തുടിക്കുന്ന തടാകത്തിൻ്റെ മാതൃകയിലുള്ള ഗ്രാഫിക്‌ സ്റ്റിക്കറുകൾ. കുട്ടികൾ വെള്ളത്തിലേക്ക്‌ വീഴാതെ നടക്കല്ലുകളിൽ കാൽ വെച്ച്‌ വളരെ കരുതലോടെ വേണം സ്കാനിംഗ്‌ മെഷീനിനടുത്തേക്കെത്തുവാൻ. ഇത്‌ സ്കാനിംഗ്‌ ഉപകരണങ്ങളിൽ നിന്നും മറ്റും കുട്ടികളുടെ ശ്രദ്ധ തിരിക്കുവാൻ സഹായിച്ചു. ഡേഞ്ചർ ലൈറ്റുകൾ മാറ്റി അവിടെ ഒരു കൃത്രിമമായ വെള്ളച്ചാട്ടം സ്ഥാപിച്ചു. അപ്പോൾ യന്ത്രത്തിൻ്റെ നേരിയ മുരൾച്ചപോലും കുട്ടികൾക്ക്‌ ആ വെള്ളച്ചാട്ടത്തിൻ്റെ ഇരമ്പലായി അനുഭവപ്പെട്ടു. അരോമ തെറപ്പി ഉപയോഗിച്ച്‌ ആ മുറിയിൽ ലാവെണ്ടറിൻ്റെ സുഗന്ധം നിറച്ചതിനാൽ ഫ്ലോർ ക്ലെൻസറിൻ്റെയും സാനിറ്റൈസറിൻ്റെയും ഗന്ധം പാടെ മങ്ങിപ്പോയി. ഫ്ലാറ്റ്‌ ബെഡിനുപകരം ഒരു തെളിനീർച്ചോലയുടെ രൂപത്തിലുള്ള ബെഡ്‌ ഉണ്ടാക്കി വെച്ചു. കുട്ടികളെ അതിൽ കിടത്തിയ ശേഷം അനങ്ങാതെ കിടന്നാൽ മീനുകൾ കുറുകെ ചാടുന്നത്‌ കാണാം എന്ന് പറഞ്ഞാൽ കുട്ടികൾ സന്തോഷത്തോടെ അനുസരിക്കും. തലയിൽ ഹെഡ്ഫോൺ പിടിപ്പിച്ച്‌ അതിൽ നിന്ന് കേൾക്കുന്ന ജലധാരയുടെ ശബ്ദത്തിൽ മാത്രം ശ്രദ്ധിക്കാൻ ആവശ്യപ്പെടുന്നത്‌ കൊണ്ട്‌ യന്ത്രത്തിൻ്റെ മുരൾച്ചയും അവർ കേൾക്കാതായി.

ചുരുക്കിപ്പറഞ്ഞാൽ, സ്കാനിംഗ്‌ എടുക്കുക എന്നത്‌ കുട്ടികൾക്ക്‌ ഏറെ രസകരമായ ഒരു അനുഭവമാക്കിയങ്ങ്‌ മാറ്റി. ഇതോട്‌ കൂടി കുട്ടികൾ കരച്ചിലും കലാപരിപാടികളുമൊക്കെ അവസാനിപ്പിച്ചു. അവർ ഉത്സാഹപൂർവ്വം ടെക്നീഷ്യന്മാരുമായി സഹകരിക്കാൻ തയ്യാറായി. അതിൽ പിന്നെ ഒരു കുട്ടിയെ പോലും സെഡേഷൻ കൊടുത്ത്‌ മയക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല, ആദ്യമൊക്കെ ഒരു കുട്ടിയെ സ്കാനിംഗിനൊരുക്കാൻ പത്ത്‌ മുതൽ പതിനഞ്ച്‌ മിനിട്ടും സ്കാൻ ചെയ്യാൻ നാല്‌ മിനിട്ടും എടുത്തിരുന്ന സ്ഥാനത്ത്‌ അഞ്ച്‌ മിനിട്ടിൽ താഴെ സമയം കൊണ്ട്‌ എല്ലവരും സ്കാനിംഗ്‌ കഴിഞ്ഞ്‌ മടങ്ങാനും തുടങ്ങി.

അങ്ങനെ സ്കാനിംഗെല്ലാം കഴിഞ്ഞ്‌ മടങ്ങിപ്പോകുകയായിരുന്ന ഒരു കൊച്ചുമിടുക്കി തൻ്റെ അമ്മയോട്‌ പറഞ്ഞത്‌ കേട്ട്‌ ഡഗ്‌ ഡീറ്റ്സിൻ്റെ കണ്ണു നിറഞ്ഞു പോയി.

“നമുക്ക്‌ നാളെയും വരണംട്ടോ അമ്മേ…..”

ഇത്‌ ഒരു സംഭവകഥ എന്നതിലുപരി എല്ലാ സംരംഭകർക്കും ഒരു സന്ദേശം കൂടിയാണ്‌.

തങ്ങൾക്ക്‌ എളുപ്പത്തിൽ നിർമ്മിക്കാൻ സൗകര്യമുള്ള, തങ്ങളുടെ താൽപര്യങ്ങൾക്കിണങ്ങുന്ന ഉൽപന്നങ്ങളല്ല ഒരു കമ്പനി നിർമ്മിക്കേണ്ടത്‌. മറിച്ച്‌ ഉപഭോക്താക്കൾക്ക്‌ അനായാസേന ഉപയോഗിക്കുവാൻ കഴിയുന്നതും അവരുടെ ആവശ്യങ്ങൾക്കനുയോജ്യവുമായ ഉൽപന്നങ്ങളാണ്‌. ഡഗ്‌ ആ പെൺകുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ തൻ്റെ യന്ത്രത്തെ നോക്കിക്കാണാൻ ശ്രമിച്ചപ്പോഴാണ്‌ അതിൻ്റെ ന്യൂനതകൾ മനസ്സിലാക്കി, കുറവുകൾ നികത്തി, കുട്ടികൾക്കിഷ്ടപ്പെടുന്ന രീതിയിൽ അതിനെ കുറ്റമറ്റതാക്കിയെടുക്കാൻ സാധിച്ചത്‌. അതു പോലെ ഏതൊരു ഉത്പാദകനും ഉപഭോക്താവിന്റെ വീക്ഷണകോണിലൂടെ നോക്കിക്കണ്ടുവേണം തൻ്റെ ഉൽപന്നത്തെ രൂപപ്പെടുത്തിയെടുക്കാൻ. മാത്രമല്ല, ഡഗ്‌ തൻ്റെ ഉൽപന്നത്തിൻ്റെ പ്രവർത്തനം നേരിട്ടു കണ്ട്‌ വിലയിരുത്താൻ ഇറങ്ങിത്തിരിച്ചതു കൊണ്ടാണ്‌ അതിൻ്റെ ന്യൂനതകൾ തിരിച്ചറിഞ്ഞ്‌ അതിനെ യഥോചിതം പുന:സൃഷ്ടിക്കാൻ സാധിച്ചത്‌. തൻ്റെ യന്ത്രത്തിന്മേലുള്ള അമിതവിശ്വാസവും കെട്ടിപ്പിടിച്ച്‌ തൻ്റെ ഓഫീസിൽ തന്നെയിരുന്നിരുന്നെങ്കിൽ അത്‌ സാധിക്കുമായിരുന്നില്ല എന്ന് മാത്രമല്ല, ആ ഉൽപന്നം ഒരു വൻ പരാജയമായിത്തീരുകയും ചെയ്യുമായിരുന്നു. അതു പോലെ എല്ലാ ഉൽപാദകരും തങ്ങളുടെ ഉൽപന്നങ്ങളുടെ പ്രകടനം ഫീൽഡിലിറങ്ങി നേരിട്ടു കണ്ട്‌ മനസ്സിലാക്കാൻ ശ്രമിക്കണം. ഇന്നത്തെ മത്സരാധിഷ്ടിതമായ ബിസിനസ്സ്‌ ലോകത്ത്‌ ഇത്തരം ഫീൽഡ്‌ വിസിറ്റുകളുടെ പ്രസക്തി വാക്കുകൾക്കും അതീതമാണ്‌.

©️ #ഡോ_കെ_പി_നജീമുദ്ദീൻ

#dr_kp_najeemudeen #customerrelationshipmanagement #Business_Management #businesssuccesstips #management #stories #entrepreneur #entrepreneurship #startup #productdesign #productivity

Share