കോവിഡാനന്തര ലോകത്ത് ബിസിനസ്സിൽ വിജയിക്കാൻ 7 ന്യൂജെൻ മാർക്കറ്റിംഗ്‌ തന്ത്രങ്ങൾ

Business Success Post Covid 19

ഈ കോവിഡ് 19 എന്ന മഹാമാരി ഏറ്റവും കൂടുതൽ നാശം വിതച്ച ഒരു മേഖലയാണ് വാണിജ്യ മേഖല. ഇനി ഈ കോവിഡ്‌ പ്രതിസന്ധി വിട്ടൊഴിഞ്ഞാലും ജനങ്ങളുടെ മനസ്സിൽ നിന്ന് അതിനെക്കുറിച്ചുള്ള ഭീതി വിട്ടൊഴിയാൻ വളരെയധികം സമയമെടുക്കും. അതുകൊണ്ട്‌ തന്നെ ഇനിയങ്ങോട്ട്‌ ബിസിനസ്സ്‌ മേഖലയിൽ പിടിച്ചു നിൽക്കണമെങ്കിൽ സംരംഭകർ കാലത്തിനനുസരിച്ച്‌ മാറേണ്ടതുണ്ട്‌.

പഴയ പോലെ ഉൽപന്നങ്ങൾ മാർക്കറ്റിംഗ്‌ ചെയ്യുന്നതിനും, ഡെമോ കാണിക്കുന്നതിനും മറ്റും ഉപഭോക്താക്കളെ അവരുടെ വീടുകളിൽ ചെന്ന് കാണുക എന്നത്‌ പ്രായോഗികമല്ല. രോഗഭീതി മൂലം പലരും പുറത്തു നിന്നുള്ളവരെ തങ്ങളുടെ വീടുകളിലേക്ക്‌ അനുവദിക്കാറില്ല. അതുപോലെ അവശ്യസാധനങ്ങൾക്കൊഴികെ ഉപഭോക്താക്കൾ ഷോറൂമുകളോ കടകളോ സന്ദർശിക്കുന്നതും പരമാവധി ഒഴിവാക്കാനാണ്‌ സാധ്യത കൂടുതൽ.

എന്നാൽ വിവരസാങ്കേതിക രംഗത്തെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച്‌ ഇതിന്‌ വളരെ അനായാസേനയും പഴയതിലും കാര്യക്ഷമമായും പരിഹാരം കാണാൻ സാധിക്കും. ഇതിന്‌ സഹായിക്കുന്ന പുതിയ മാർക്കറ്റിംഗ്‌ ട്രെൻഡുകൾ നമുക്ക്‌ പരിചയപ്പെടാം.

1. Social Media Marketing

നിങ്ങളുടെ ക്ലയന്റുകളും ഉപഭോക്താക്കളും ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ആണ് സോഷ്യൽ മീഡിയ. ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് അവർക്ക് ആവശ്യമുള്ളതെന്തൊക്കെയോ നിങ്ങളുടെ പക്കലുണ്ടെന്ന വിശ്വാസം ജനിപ്പിക്കാൻ സാധിച്ചാൽ നിങ്ങൾ പറയുന്നതെന്തും അവർ അനുസരിക്കും. അവർ നിങ്ങളുടെ ബ്ലോഗ് വായിക്കുന്നതും, നിങ്ങളുടെ ലീഡ് മാഗ്നറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതും, നിങ്ങളുടെ വെബ്‌സൈറ്റിൽ സൈൻ അപ്പ് ചെയ്യുന്നതും, നിങ്ങളുടെ ഗ്രൂപ്പിൽ ചേരുന്നതുമെല്ലാം ഈ വിശ്വാസത്തിൻ്റെ ബലത്തിലാണ്.

Facebook, Instagram, WhatsApp, Telegram, Twitter മുതലായ പ്ലാറ്റ്‌ഫോമുകൾ ഇതിനായി ഉപയോഗിക്കാം. അവർ നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ അവരുമായുള്ള ബന്ധം പരിപോഷിപ്പിക്കുക എന്നത് നിങ്ങളുടെ ജോലിയാണ്. അവർക്ക് പതിവായി ഇമെയിലുകൾ അയയ്ക്കുകയും, ബ്ലോഗ് ലേഖനങ്ങൾ പോസ്റ്റുചെയ്യുകയും, പ്രശ്നപരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും വേണം.

നിങ്ങളുടെ ഉത്പന്നം ഉപയോഗിക്കാൻ സാധ്യതയുള്ളവരുടെ ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പും വാട്സ്ആപ് ഗ്രൂപ്പും തുടങ്ങാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾ ഒരു ട്രാവൽ ഏജന്റ് ആണെങ്കിൽ യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ ഒരു ഗ്രൂപ്പ് തുടങ്ങുന്നത് അവരിലേക്ക് നിങ്ങളുടെ ബ്രാൻഡിനെ കൊണ്ടെത്തിക്കുന്നതിന് സഹായിക്കും.

2. Content Marketing

നിങ്ങളുടെ സോഷ്യൽ മീഡിയ പേജിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിന് നിങ്ങൾ നിരന്തരമായ content stream സൃഷ്ടിക്കേണ്ടതുണ്ട്. നിങ്ങൾ ഏത് വ്യവസായത്തിലാണെങ്കിലും, നിങ്ങളുടെ ഉള്ളടക്കം നിങ്ങളുടെ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും, ബോധവൽക്കരിക്കുകയും വേണം. അവരുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം നിങ്ങളുടെ കൈയിലുണ്ടെന്ന തോന്നലുണ്ടാക്കണം.

നിങ്ങളുടെ നിലവിലുള്ളതും സാധ്യതയുള്ളതുമായ ഉപഭോക്താക്കളുടെ ജീവിതത്തിന് മൂല്യം നൽകുന്ന ഉപയോഗപ്രദമായ ലേഖനങ്ങൾ, വീഡിയോകൾ, പോസ്റ്റുകൾ എന്നിവ പങ്കിടുന്ന പ്രക്രിയയാണ് ഉള്ളടക്ക വിപണനം (Content Marketing). ഉദാഹരണത്തിന്, നിങ്ങൾ ഇൻവെസ്റ്റ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന ആളാണെങ്കിൽ, എങ്ങനെ നിക്ഷേപിക്കണം, ഒരു റിട്ടയർമെന്റ് ഫണ്ട് എങ്ങനെ സൃഷ്ടിക്കാം തുടങ്ങിയവയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നിങ്ങളുടെ ബ്ലോഗ് വഴി നൽകാം. നിങ്ങൾ ഒരു ട്രാവൽ ഏജന്റ് ആണെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട സ്ഥലങ്ങൾ, കുറഞ്ഞ ചെലവിൽ സന്ദർശിക്കാവുന്ന ടൂറിസ്റ്റ് സ്പോട്ടുകൾ എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ പങ്കുവെക്കാം.

നിങ്ങളുടെ വെബ്‌സൈറ്റിലേക്കും ബ്ലോഗിലേക്കും ട്രാഫിക് വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് വെബിനാറുകളും ഫേസ്ബുക്ക് ലൈവും വാഗ്ദാനം ചെയ്യാം. കൂടാതെ പോഡ്കാസ്റ്റുകൾ, വീഡിയോകൾ, ഗസ്റ്റ് പോസ്റ്റുകൾ, സ്ക്രീൻഷോട്ടുകൾ, ഇൻഫോഗ്രാഫുകൾ എന്നിവയും ഉൾപ്പെടുത്താവുന്നതാണ്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ പോസ്റ്റുകൾക്ക് സത്തയും ലക്ഷ്യവും ഉണ്ടായിരിക്കണം. നിങ്ങളുടെ ഉള്ളടക്കത്തിൻ്റെ കരുത്തും ഗുണനിലവാരവും അടിസ്ഥാനമാക്കിയായിരിക്കും ആളുകൾ നിങ്ങളുടെ ബിസിനസ്സിനെ വിലയിരുത്തുന്നത്. നിങ്ങളുടെ ഉള്ളടക്കം മികച്ചതാകുമ്പോൾ, നിങ്ങളുടെ പ്രേക്ഷകർക്ക് കൂടുതൽ വിശ്വാസ്യത തോന്നുകയും അവർ നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും തിരഞ്ഞെടുക്കാൻ സന്നദ്ധരാകുകയും ചെയ്യും. സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (SEO) വഴി ഓർഗാനിക് ട്രാഫിക് നേടുന്നതിനുള്ള ഒരു വലിയ മാർഗ്ഗം കൂടിയാണ് ഉള്ളടക്കം.

നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകൾ എഴുതുമ്പോൾ, 1,500 – 3,000 വാക്കുകളുള്ള പോസ്റ്റുകൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. (1,500 വാക്കുകളോ അതിൽ കൂടുതലോ ഉള്ള ബ്ലോഗ് പോസ്റ്റുകൾക്ക് കൂടുതൽ ഷെയറുകൾ ലഭിക്കുമെന്ന് ഒന്നിലധികം പഠനങ്ങൾ കാണിക്കുന്നു.)

നിങ്ങളുടെ ബിസിനസ്സ്‌ സംബന്ധമായ സൗജന്യ ഇ-ബുക്കുകൾ, ന്യൂസ്‌ ലെറ്ററുകൾ എന്നിവ വഴിയും നല്ല രീതിയിൽ ഉപഭൊക്താക്കളെ നിങ്ങളിലേക്ക്‌ ആകർഷിക്കാൻ കഴിയും.

3. Online Reviews

ഓൺലൈൻ അവലോകനങ്ങൾ Digital Word of Mouth പോലെ പ്രവർത്തിക്കുന്നു. Just Dial, Sulekha, AskLaila തുടങ്ങിയവയാണ് ഇതിനുപയോഗിക്കാവുന്ന പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമുകൾ. ബിസിനസുകൾ, ഉൽപ്പങ്ങൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള അവലോകനങ്ങൾക്കായി ദശലക്ഷക്കണക്കിന് ആളുകൾ ഈ സൈറ്റുകൾ സന്ദർശിക്കുന്നു. ഒരു നല്ല റേറ്റിംഗും ശ്രദ്ധേയമായ അവലോകനങ്ങളും വഴി നിങ്ങൾക്ക് ധാരാളം ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയും.

4. Direct Chat

വാട്സ്ആപ്പ്, ഫേസ്‌ബുക്ക് മെസ്സഞ്ചർ, ചാറ്റ് ബോട്ട് എന്നിവ വഴി ഓരോ ഉപഭോക്താവിലേക്കും നേരിട്ടെത്തി വ്യക്തിപരമായ രീതിയിൽ അവരുമായി സംവദിക്കുക. ഇത്തരത്തിലുള്ള നേരിട്ടുള്ള ഇടപെടലിന് 19 ശതമാനം കൂടുതൽ കസ്റ്റമേഴ്‌സിനെ സൃഷ്ടിക്കാൻ കഴിയുമെന്ന് E Consultancy എന്ന സ്ഥാപനം നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു.

5. Live Streaming

ഉപഭോക്താക്കൾ നിങ്ങളുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും, സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതും, അഭിപ്രായപ്പെടുന്നതുമെല്ലാം ലൈവ് സ്ട്രീമിംഗിലൂടെ കൂടുതൽ ആളുകളിലേക്കെത്തിക്കുക. ഫേസ്‌ബുക്ക് (Facebook), യൂട്യൂബ് (YouTube) മുതലായ പ്ലാറ്റ്‌ഫോമുകളാണ് ഇതിന് ഏറെ ഉപകാരപ്രദം. 80 ശതമാനത്തോളം ആളുകൾ ബ്ലോഗുകളെക്കാളും, മറ്റു സോഷ്യൽ മീഡിയ പോസ്റ്റുകളെക്കാളും ലൈവ് വീഡിയോ ഇഷ്ടപ്പെടുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. വെർട്ടിക്കൽ വീഡിയോകളാണ് ഇതിൽ കുറേ കൂടി ഫലപ്രദം.

6. Search Engine Marketing

നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട കീവേഡുകളും ഹാഷ്‌ടാഗുകളും കണ്ടെത്തുക. സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ ഈ ഹാഷ്‌ടാഗ് ടൈപ്പുചെയ്തുകഴിഞ്ഞാൽ, അതുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന നിരവധി ആളുകളെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. നിങ്ങൾക്ക് അത്തരം സംഭാഷണങ്ങളിൽ സജീവമാകുക വഴി നിങ്ങളുടെ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുവാനും ഉപഭോക്താക്കളെ ആകർഷിക്കുവാനും സാധിക്കും.

7. Influencer Marketing

നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് നന്നായി പഠിച്ച് ആധികാരികമായി സംസാരിക്കുന്നവരെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ബിസിനസ്സിൽ ഇവരെ Influencers എന്നാണ് വിളിക്കുന്നത്. ഇവർക്ക് ഒരു വലിയ കൂട്ടം അനുയായികളുണ്ടായിരിക്കും. ആ അനുയായികളുടെ ഉപഭോഗശീലങ്ങൾക്കു മേൽ ഇവർക്ക് നല്ല സ്വാധീനവും ഉണ്ടായിരിക്കും. സോഷ്യൽ മീഡിയയിൽ നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട Influencersമായി ഇടപഴകുന്നത് നിങ്ങൾക്ക് മികച്ച എക്സ്പോഷർ നൽകുകയും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ സഹായിക്കുകയും ചെയ്യും. Influencer, Fromote, VURoll, TRIBE എന്നിവയാണ് Influencersനെ കണ്ടെത്താൻ ഉപയോഗപ്പെടുത്താവുന്ന ചില പ്ലാറ്റ്‌ഫോമുകൾ.

മുകളിൽ പറഞ്ഞതെല്ലാം ചെയ്യണമെന്ന് നിർബന്ധമില്ല. നിങ്ങളുടെ ബിസിനസിന് ഏറ്റവും അനുയോജ്യമായ രണ്ടോ മൂന്നോ രീതികൾ അവലംബിക്കുക. സമയമുണ്ടെങ്കിൽ മാത്രം മറ്റുള്ളവയും പരീക്ഷിക്കുക.

NB: മേല്പറഞ്ഞ സേവനങ്ങൾ മിതമായ നിരക്കിൽ ലഭിക്കാൻ ഉടൻ ബന്ധപ്പെടുക – Crea Insights (Ph: 9169166621)

©️ ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #productdesign #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #socialmediamarketing

Share