വാർപ്പുമാതൃകകളെ പൊളിച്ചടുക്കി പുതിയ ബിസിനസ്സ്‌ സാമ്രാജ്യം കെട്ടിപ്പടുത്ത വനിതാസംരഭക

Christina Ann Harbridge Bridgeport Financial

1993ൽ അമേരിക്കയിലെ സാൻ ജോസിലാണ്‌ സംഭവം.

കോളേജ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു ജോലി അന്വേഷിച്ച്‌ നടന്ന ക്രിസ്റ്റീന ആൻ ഹാർബ്രിഡ്ജ്‌ (Christina Ann Harbridge) എന്ന പെൺകുട്ടി ഒടുവിൽ എത്തിപ്പെട്ടത്‌ ഒരു ഡെബ്റ്റ്‌ കളക്ഷൻ ഏജൻസിയിലാണ്‌. വിവിധ പണമിടപാട്‌ സ്ഥാപനങ്ങൾക്ക്‌ വേണ്ടി അവരിൽ നിന്ന് പണം വായ്പയെടുത്ത്‌ തിരിച്ചടക്കാതിരിക്കുന്നവരെ ഫോണിൽ വിളിച്ച്‌ ഓർമ്മപ്പെടുത്തുകയും പണമടപ്പിക്കുകയും ചെയ്യുന്ന ഒരു തരം കോൾ സെന്ററായിരുന്നു അത്‌. ടെലികാളിംഗ്‌ തന്നെയായിരുന്നു ക്രിസ്റ്റീനയുടെയും ജോലി.

ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ ക്രിസ്റ്റീനക്ക്‌ അവിടുത്തെ പല കാര്യങ്ങളും വളരെ വിചിത്രമായി തോന്നി. നൂറൊളം ടെലികാളർമാർ ഒരൊറ്റ ഹാളിലാണ്‌ ഇരിക്കുന്നത്‌. ഒരാൾ ഫോണിൽ സംസാരിക്കുന്നത്‌ മറ്റുള്ളവർക്കും കേൾക്കാം. അത്രയും അടുപ്പിച്ചടുപ്പിച്ചാണ്‌ എല്ലാവരും ഇരിക്കുന്നത്‌. എന്നാലോ എല്ലാവരും ഇടപാടുകാരോട്‌ ഫോണിൽ വളരെ പരുഷമായാണ്‌ സംസാരിക്കുന്നത്‌. ചിലർ വായ്പയെടുത്തവരെ തെറി വരെ പറയുന്നുണ്ട്‌. അപ്പോഴാണ്‌ ക്രിസ്റ്റീനക്ക്‌ തൻ്റെ ജോലിയുടെ സ്വഭാവം പിടികിട്ടിയത്‌. പണം വായ്പ്പയെടുത്ത്‌ തിരിച്ചടക്കാതെ മുങ്ങി നടക്കുന്നവരെയും തിരിച്ചടവ്‌ താമസിച്ചവരെയുമെല്ലാം ഫോണിൽ വിളിച്ച്‌ ഭീഷണിപ്പെടുത്തിയും, തെറി വിളിച്ചും, താക്കീത്‌ നൽകിയും പണമടപ്പിക്കുകയായിരുന്നു മറ്റുള്ളവരെ പോലെ അവളുടെയും ജോലി. തെറി വിളിയും ഭീഷണിയും സഹിക്കാവുന്നതിലും അപ്പുറമാകുമ്പോൾ വേറെ വഴിയില്ലാതെ മിക്കയാളുകളും വേഗം വന്ന് കുടിശ്ശിക അടച്ചുതീർക്കും. ഈ രീതിയിൽ ഒരു ടെലികാളർ എത്ര കുടിശ്ശിക തിരിച്ചടപ്പിക്കുന്നുവോ അതിനാനുപാതികമായ ഒരു നല്ല തുക ഇൻസന്റീവിനത്തിലും അവർക്ക്‌ ലഭിക്കുന്നുണ്ട്‌. അതിനവർക്ക്‌ ടാർഗറ്റുമുണ്ട്‌. അതുകൊണ്ട്‌ തന്നെ മിക്ക ടെലികാളർമാരും ടാർഗറ്റ്‌ തികക്കുന്നതിനും ഇൻസന്റീവ്‌ കൂടുതൽ ലഭിക്കുന്നതിനും വേണ്ടി ഏതറ്റം വരെയും പോകും. ഇടപാടുകാരെ എത്ര വലിയ മുട്ടൻ തെറിയും വിളിക്കും.

സത്യത്തിൽ ആ സ്ഥാപനത്തിൻ്റെ ഉടമയും അവിടുത്തെ ജീവനക്കാരുമെല്ലാം വളരെ നല്ല മനുഷ്യരായിരുന്നു. അവർ പരസ്പരം വളരെയധികം സ്നേഹത്തോടെയും കരുതലോടെയുമായിരുന്നു സംസാരിച്ചിരുന്നതും ഇടപെട്ടിരുന്നതും. അവർ എല്ലാവരും ചേർന്ന് ഒരു പാവപ്പെട്ട കുടുംബത്തിന്‌ ദിവസവും ആഹാരമെത്തിച്ചു കൊടുക്കുന്നുണ്ടായിരുന്നു. അത്രയും കനിവുള്ളവരും ലോലഹൃദയരുമായിരുന്നു അവരെല്ലാവരും. എന്നാൽ ഇടപാടുകാരോട്‌ സംസാരിക്കുമ്പോൾ മാത്രം ആ സ്നേഹവും കരുതലും ബഹുമാനവുമെല്ലാം എവിടെയൊക്കെയോ ചെന്നൊളിക്കും. പകരം ഓരോരുത്തരുടെയും നാക്കിൽ വികടസരസ്വതി പൂണ്ടുവിളയാടും.

കുറച്ചുകാലം ആ സ്ഥാപനത്തിൽ ജോലി ചെയ്തപ്പോഴേക്കും ക്രിസ്റ്റീനക്ക്‌ മടുത്തു തുടങ്ങി. തൻ്റെ വ്യക്തിത്വത്തിന്‌ ഒട്ടും ചേരാത്ത ഒരു ജോലിയാണ്‌ അതെന്ന് അവൾക്ക്‌ തോന്നി. ഇങ്ങനെ തെറി പറഞ്ഞും, ഭീഷണിപ്പെടുത്തിയുമല്ലാതെ ഈ ആളുകളെ കൊണ്ട്‌ വായ്പ തിരിച്ചടപ്പിക്കാൻ സാധിക്കില്ലേ? നല്ല രീതിയിൽ സ്നേഹത്തോടെയും വിനയത്തോടെയും പറഞ്ഞാൽ ആളുകൾ കേൾക്കില്ലേ? ഈ ചിന്തകൾ അവളുടെയുള്ളിൽക്കിടന്ന് നീറിപ്പുകഞ്ഞതിൻ്റെ ഫലമായി ഒരു സുപ്രഭാതത്തിൽ രാജിക്കത്ത്‌ നൽകി അവൾ ആ സ്ഥാപനത്തിൻ്റെ പടിയിറങ്ങി.

തൊട്ടടുത്ത വർഷം അവൾ സ്വന്തമായി ഒരു ഡെബ്റ്റ്‌ കളക്ഷൻ ഏജൻസി തുടങ്ങി. ബ്രിഡ്ജ്ഫോർട്ട്‌ ഫിനാൻഷ്യൽസ്‌ (Bridgefort Financials). ഉപഭോക്താക്കളോട്‌ പരുഷമായി സംസാരിക്കാതെ, ഒട്ടും പരിധി വിടാതെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വായ്പ തിരിച്ചടപ്പിക്കുന്ന ഒരു സ്ഥാപനം. പണമിടപാട്‌ സ്ഥാപനങ്ങൾക്ക്‌ വേണ്ടി സംസാരിക്കുന്ന ഒരു ദല്ലാളിൻ്റെ രൂപത്തിലല്ല, ഇരുകൂട്ടർക്കുമിടയിൽ മധ്യസ്ഥ സ്ഥാനത്ത്‌ നിന്നു കൊണ്ട്‌ സംസാരിക്കുന്ന ഒരു തേർഡ്‌ പാർട്ടി എന്ന രീതിയിലാണ്‌ ക്രിസ്റ്റീന തൻ്റെ സ്ഥാപനത്തെ വളർത്തിക്കൊണ്ടുവന്നത്‌. ഇടപാടുകാരോട്‌ സൗമ്യമായ രീതിയിൽ കാര്യങ്ങൾ ചോദിച്ചറിയുകയും, അവർക്ക്‌ പറയാനുള്ളതുകൂടി ചെവി കൊടുത്ത്‌ ക്ഷമാപൂർവ്വം കേൾക്കുകയും ചെയ്യുന്ന ഒരു മാതൃകാ കളക്ഷൻ ഏജൻസി. ഒരിക്കലും ഒരു കസ്റ്റമറോട്‌ മൂന്ന് മിനിട്ടിൽ കൂടുതൽ സംസാരിക്കരുത്‌ എന്ന് അവൾ തൻ്റെ ടെലികാളേഴ്സിനെ ശട്ടം കെട്ടിയിരുന്നു. മാത്രമല്ല, കാൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ ഓരോ ഉപഭോക്താവിനും ടെലികാളർമാർ കമ്പനിയുടെ പേരിൽ ഒരു താങ്ക്സ്‌ കാർഡ്‌ കൂടി അയക്കണമായിരുന്നു. ഒരു ടെലികാളർ ഒരു മാസം എത്ര താങ്ക്സ്‌ കാർഡുകൾ അയച്ചിട്ടുണ്ട്‌ എന്നതിനെ മുൻനിർത്തിയായിരുന്നു അവർക്ക്‌ ഇൻസന്റീവുകളും മറ്റാനുകൂല്യങ്ങളും നൽകിയിരുന്നത്‌.

പതിവ്‌ തെറിപ്പാട്ടുകൾക്കും ഭീഷണി കാളുകൾക്കും പകരം സ്നേഹപൂർവ്വമുള്ള ഓർമ്മപ്പെടുത്തലുകളുടെ രൂപത്തിൽ വന്ന ഈ കാളുകൾ ഇടപാടുകാർക്ക്‌ ഒരു വലിയ അത്ഭുതം തന്നെയായിരുന്നു. അവർ അതിനോട്‌ വളരെ പോസിറ്റീവായി പ്രതികരിക്കാൻ തുടങ്ങി. ഫലമോ? ഒറ്റവർഷം കൊണ്ട്‌ തന്നെ മറ്റു ഏജൻസികളെ അപേക്ഷിച്ച്‌ 300 ശതമാനം കൂടുതൽ കുടിശ്ശിക തിരിച്ചടപ്പിക്കാൻ ക്രിസ്റ്റീനക്കും ടീമംഗങ്ങൾക്കും സാധിച്ചു. ഇതോട്‌ കൂടി പല പണമിടപാട്‌ സ്ഥാപനങ്ങളും പതിവുകാരെ കൈവിട്ട്‌ ബ്രിഡ്ജ്ഫോർട്ട്‌ ഫിനാൻഷ്യൽസിൻ്റെ പടികയറിവന്നു. ക്രിസ്റ്റീനയുടെ ബിസിനസ്സ്‌ നാൾക്കുനാൾ വർദ്ധിച്ചു വന്നു.

തെറി പറഞ്ഞും ഭീഷണിപ്പെടുത്തിയും പണം തിരിച്ചടപ്പിക്കുന്ന പതിവ്‌ ഗുണ്ടാശൈലിയിൽ നിന്ന് മാറി സഭ്യതയുടെ അതിരുകൾ ലംഘിക്കാത്ത ഒരു പുതിയ രീതിക്ക്‌ തുടക്കമിട്ടുകൊണ്ട്‌ 1994ൽ സാൻഫ്രാൻസിസ്കോ നഗരത്തിൽ പ്രവർത്തനമാരംഭിച്ച Bridgefort Financial, Inc. ഇന്ന് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഡെബ്റ്റ്‌ കളക്ഷൻ ഏജൻസികളൊന്നാണ്‌.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share