ജീവനക്കാരുടെ Work-Life Balanceന്‌ പ്രാധാന്യം നൽകുന്ന കമ്പനി

work life balance Dwayne G. Honoré Honorè Constructions Dwayne Honorè

അമേരിക്കയിലെ ലൂസിയാന എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഹോണോർ കൺസ്ട്രക്ഷൻസ്‌ (Honorè Constructions) എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ്‌ ഡ്വെയ്ൻ ഹോണോർ (Dwayne G Honorè). നല്ലൊരു എഞ്ചിനിയർ കൂടിയായ അദ്ദേഹത്തിന്‌ പൈതൃക സ്വത്തായി ലഭിച്ചതായിരുന്നു ആ കമ്പനി. തികഞ്ഞ മനുഷ്യസ്നേഹിയും വിശാലമനസ്കനുമായ അദ്ദേഹത്തിൻ്റെ എച്ച്‌.ആർ പോളിസികൾ വളരെയധികം പ്രത്യേകതകൾ ഉള്ളവയാണ്‌. അവയിൽ ഏറ്റവും ശ്രദ്ധേയമാണ്‌ അവിടുത്തെ ചെക്ക്‌ ഇൻ ആൻഡ്‌ ചെക്ക്‌ ഔട്ട്‌ ടൈം.

തൊഴിലാളികൾ ജോലിയോടൊപ്പം തന്നെ അവരുടെ കുടുംബജീവിതത്തിനും പ്രാധാന്യം കൽപ്പിക്കണം എന്ന് പ്രത്യേക നിഷ്കർഷയുണ്ടായിരുന്ന ഡ്വെയ്ൻ ഹോണോർ ഒരു പ്രത്യേക രീതിയിലായിരുന്നു തൻ്റെ സ്ഥാപനത്തിലെ പ്രവർത്തന സമയം നിശ്ചയിച്ചിരുന്നത്‌. ജീവനക്കാർക്ക്‌ രാവിലെ 8 മണി മുതൽ 8.30 വരെ എപ്പോൾ വേണമെങ്കിലും ജോലിക്കെത്തിയാൽ മതിയാകും. അതു പോലെ വൈകുന്നേരം 5 നും 5.30 നുമിടയിൽ അവർ ജോലി തീർത്ത്‌ ചെക്ക്‌ ഔട്ട്‌ ചെയ്തിരിക്കണം. അഥവാ 5.30ന്‌ ശേഷം ആരെങ്കിലും ഓഫീസിലിരുന്ന് ജോലി ചെയ്യുന്നത്‌ കണ്ടാൽ അവർ ബോണസ്‌ പൂളിൽ നിന്ന് പുറത്താകും. പിന്നെ അവർക്കാ വർഷം ബോണസ്‌ കിട്ടില്ല. യാതൊരു കാരണവശാലും ഓഫീസ്‌ ജോലികൾ വീട്ടിലേക്കെടുത്തുകൊണ്ട്‌ പോകാൻ പാടില്ല. ഓഫീസ്‌ ജോലി ഓഫീസിനകത്ത്‌. വീടിനകത്ത്‌ കുടുംബജീവിതം. ഇത്‌ രണ്ടും യാതൊരു കാരണവശാലും കൂട്ടിക്കലർത്തരുത്‌. ഇതായിരുന്നു ഡ്വെയ്ൻ ഹോണോറിൻ്റെ പോളിസി.

ഇതുമൂലം ജീവനക്കാരെല്ലാം ഒട്ടും സമയം പാഴാക്കാതെ ആത്മാർത്ഥമായി ജോലി ചെയ്യുകയും തങ്ങളുടെ പരമാവധി കഴിവുകൾ പുറത്തെടുക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത്‌ അവരുടെ കാര്യക്ഷമത കൂട്ടാനും വളരെയധികം സഹായിക്കുന്നു. അടുത്ത ദിവസം മുതൽ വെക്കേഷന്‌ പോകുന്നവർ എത്ര മാത്രം ശുഷ്കാന്തിയോടെയിരുന്ന് തങ്ങളുടെ ജോലികൾ ചെയ്ത്‌ തീർക്കുമോ അത്രയും ആത്മാർത്ഥതയോടെയാണ്‌ തൻ്റെ ജീവനക്കാർ ഒരോ ദിവസവും ജോലി ചെയ്യുന്നതെന്ന് ഡ്വെയ്ൻ സാക്ഷ്യപ്പെടുത്തുന്നു.

തൊഴിലാളിക്ഷേമം, ജീവനക്കാരുടെ മാനസികാരോഗ്യം എന്നതൊക്കെ പല മുതലാളിമാർക്കും വെറും അധരവ്യായാമം മാത്രമാണ്‌. എന്നാൽ ജീവനക്കാരോടുള്ള കരുതലും സ്നേഹവും വെറും വാക്കുകളിലൊതുക്കാതെ അത്‌ പ്രവൃത്തിപഥത്തിലെത്തിച്ച ഡ്വെയ്ൻ ഹോണോറിനെ പോലുള്ളവർ എല്ലാ സംരംഭകർക്കും ഒരു മാതൃകയാണ്‌.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share