ബിസിനസ്സും മനപ്പൊരുത്തവും തമ്മിലെന്ത്‌ ബന്ധം?

steve jobs steve wozniak walt disney roy disney bill gates paul allen

‘ഒറ്റമരം കാവാവില്ല’ എന്നൊരു ചൊല്ലുണ്ട്‌ പഴമക്കാർക്കിടയിൽ. പ്രത്യേകിച്ച്‌ ബിസിനസ്സിൽ ഇത്‌ നൂറ്‌ ശതമാനം സത്യമാണ്‌. ബിസിനസ്സിൽ ഒരിക്കലും ഒരാൾക്ക്‌ ഒറ്റക്ക്‌ എല്ലാം വെട്ടിപ്പിടിക്കാൻ സാധിക്കില്ല. ബിസിനസ്സിൽ ഉയരങ്ങൾ താണ്ടിയ ആരുടെ ജീവിതമെടുത്ത്‌ പരിശോധിച്ചാലും അവരുടെ വിജയങ്ങൾക്ക്‌ പിന്നിൽ ഒരു ചാലകശക്തിയായി പ്രവർത്തിച്ച ഒരു വ്യക്തിയെ നിങ്ങൾക്ക്‌ കാണാൻ സാധിക്കും.

ലോകം കണ്ടതിൽ വെച്ച്‌ ഏറ്റവും വലിയ വിഷണറി ആയിരുന്നു ബിൽ ഗേറ്റ്സ്‌ (Bill Gates). കമ്പ്യൂട്ടർ എന്നത്‌ ആർക്കും അനായാസം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഒരുപകരണമാക്കി മാറ്റണം, അതുവഴി ലോകത്തിലെ ഒരോ സാധാരണക്കാരൻ്റെയും മേശപ്പുറത്ത്‌ ഒരു കമ്പ്യൂട്ടർ എത്തിക്കണം എന്നതായിരുന്നു അദ്ദേഹത്തിൻ്റെ സ്വപ്നം. എന്നാൽ ആ സ്വപ്നം പൂവണിയിച്ചത്‌ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകനും മൈക്രോസോഫ്റ്റിൻ്റെ സഹസ്ഥാപകനുമായ പോൾ അല്ലെൻ (Paul Allen) ആണ്‌. ബിൽ ഗേറ്റ്സ്‌ മനസ്സിൽ കണ്ട ആശയം തെളിമ ചോരാതെ അതേ പടി ഉൾക്കൊണ്ട്‌ തൻ്റെ സാങ്കേതിക ജ്ഞാനമുപയോഗിച്ച്‌ യാഥാർത്ഥ്യമാക്കി മാറ്റുകയായിരുന്നു അല്ലെൻ ചെയ്തത്‌.

സ്റ്റീവ്‌ ജോബ്സ്‌ (Steve Jobs) ഒരു ക്രാന്തദർശിയായിരുന്നു. ഒരോ മനുഷ്യനും മറ്റുള്ളവരിൽ നിന്ന് സ്വയം വ്യത്യസ്ഥരായി നിൽക്കാനുള്ള ഒരു ത്വരയുണ്ടെന്നും വരുംകാലങ്ങളിൽ ഈ പ്രവണത കൂടുതലായി കണ്ടു വരുമെന്നും മനസ്സിലാക്കിയ അദ്ദേഹം അങ്ങനെ സ്വയം വേറിട്ട്‌ നിൽക്കാനാഗ്രഹിക്കുന്നവർക്കായി ഉയർന്ന ഗുണനിലവാരവും സാങ്കേതികത്തികവുമൊത്ത കമ്പ്യൂട്ടറുകളും സ്മാർട്ട്‌ ഫോണുകളും നിർമ്മിക്കാൻ തീരുമാനിച്ചു. പക്ഷെ അദ്ദേഹത്തിന്‌ അതിനുള്ള സാങ്കേതിക പരിജ്ഞാനം വളരെ കുറവായിരുന്നു. അദ്ദേഹത്തിൻ്റെ സുഹൃത്തും ആപ്പിൾ കമ്പ്യൂട്ടേഴ്‌സിൻ്റെ സഹസ്ഥാപകനുമായ സ്റ്റീവ്‌ വോസ്നിയാക്ക്‌ (Steve Wozniak) ആണ്‌ ജോബ്സിൻ്റെ ഉൾക്കാഴ്ച്ചകൾ പിടിച്ചെടുത്ത്‌ അതിനിണങ്ങുന്ന ഉൽപന്നങ്ങൾ അദ്ദേഹത്തിന്‌ നിർമ്മിച്ചു നൽകിയത്‌. സ്റ്റീവ്‌ ജോബ്സിൻ്റെ ദീർഘ വീക്ഷണവും സ്റ്റീവ്‌ വോസ്നിയാക്കിൻ്റെ എഞ്ചിനിയറിംഗ്‌ പാടവവും കൂടി ചേർന്നാണ്‌ ആ കമ്പനിയെ ഒരു ആഗോള പ്രതിഭാസമാക്കിത്തീർത്തത്‌.

വാൾട്ട്‌ ഡിസ്നി (Walt Disney) അസാമാന്യ പ്രതിഭാവിലാസമുള്ള ഒരു കാർട്ടൂണിസ്റ്റും ആനിമേറ്ററുമായിരുന്നു. മനുഷ്യൻ്റെ ഭാവനാശേഷിക്കുമപ്പുറമുള്ള ദൃശ്യങ്ങൾ വരകളിലൂടെയും വർണ്ണങ്ങളിലൂടെയും പ്രേക്ഷകർക്ക്‌ മുന്നിലെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. അതിൽ അദ്ദേഹം അങ്ങേയറ്റം പ്രാവീണ്യമുള്ളയാളുമായിരുന്നു. പക്ഷെ തൻ്റെ പ്രതിഭയുപയോഗിച്ച്‌ വളരെ കഷ്ടപ്പെട്ടുണ്ടാക്കുന്ന ആ സർഗ്ഗസൃഷ്ടികൾ വേണ്ടരീതിയിൽ മാർക്കറ്റ്‌ ചെയ്യാനുള്ള പാടവമോ സങ്കേതികജ്ഞാനമോ അദ്ദേഹത്തിന്‌ തീരെയുണ്ടായിരുന്നില്ല. ഇവിടെയാണ്‌ അദ്ദേഹത്തിൻ്റെ മുതിർന്ന സഹോദരനായ റോയ്‌ ഡിസ്നി (Roy Disney) അദ്ദേഹത്തിൻ്റെ സഹായത്തിനെത്തിയത്‌. വാൾട്ട്‌ ഡിസ്നിയുടെ ക്രിയാത്മക സൃഷ്ടികൾക്ക്‌ പ്രചുരപ്രചാരം നേടിക്കൊടുത്തതും വാൾട്ട്‌ ഡിസ്നി കമ്പനി എന്ന കമ്പനിക്ക്‌ രൂപം നൽകി ഡിസ്നിയുടെ പ്രവർത്തനങ്ങളെ അതിൻ്റെ കുടക്കീഴിലേക്ക്‌ ഏകോപിപ്പിച്ചു കൊണ്ടുവന്നതുമെല്ലാം റോയ്‌ ആയിരുന്നു. ഡിസ്നി കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള കളിപ്പാട്ടങ്ങളും വീഡിയോ ഗെയ്മുകളുമെല്ലാം തന്നെ റോയിയുടെ ആശയമായിരുന്നു.

ഏത്‌ സാധാരണക്കാരനും വിമാനയാത്ര പ്രാപ്യമാകുന്ന വിധം ഒരു ബഡ്ജറ്റ്‌ എയർലൈൻസ്‌ സ്ഥാപിക്കണം എന്നത്‌ റോളിൻ കിംഗ്‌ (Rollin King) എന്ന സംരംഭകൻ്റെ ചിരകാല സ്വപ്നമായിരുന്നു. എന്നാൽ സൗത്ത്‌വെസ്റ്റ്‌ എയർലൈൻസ്‌ എന്ന ബാനറിലൂടെ ആ സ്വപ്നങ്ങൾക്ക്‌ ചിറക്‌ നൽകിയത്‌ ഹേർബ്‌ കെല്ലഹർ (Herb Kelleher) എന്ന സി.ഇ.ഒ ആണ്‌.

ഇത്‌ പോലെ ഒന്നോ അതിലധികമോ പേർ ചേർന്നു കണ്ട സ്വപ്നങ്ങളാണ്‌ പിൽക്കാലത്ത്‌ ലോകശ്രദ്ധയാർജ്ജിച്ച മഹാസംരംഭങ്ങളായിത്തീർന്നിട്ടുള്ളത്‌. അവിടെ സ്വപ്നം കാണുന്നവൻ്റെയും അത്‌ യാഥാർത്ഥ്യമാക്കുന്നവൻ്റെയും കാഴ്ച്ചപ്പാട്‌ ഒരേ ദിശയിൽ ഒരേ ഭാവത്തിൽ സഞ്ചരിക്കേണ്ടതുണ്ട്‌. അതിന്‌ അവർക്കിടയിലെ അന്തർദ്ധാര സജീവമായിരിക്കണം. അവർ തമ്മിലൊരു മാനസികമായ പൊരുത്തം വേണം.

ഇവിടെ വാൾട്ട്‌ ഡിസ്നിയും റോയ്‌ ഡിസ്നിയും സഹോദരന്മാരായിരുന്നു. ബിൽ ഗേറ്റ്സും പോൾ അല്ലെനും സ്കൂൾ കാലം തൊട്ടേ ഒരുമിച്ചു പഠിച്ചവരായിരുന്നു. സ്റ്റീവ്‌ ജോബ്സും സ്റ്റീവ്‌ വോസ്നിയാക്കും ഹൈസ്കൂൾ തലം തൊട്ടേ സഹപാഠികളും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഹേർബ്‌ കെല്ലഹർ റോളിൻ കിംഗിൻ്റെ ഉറ്റസുഹൃത്തും കുടുംബവക്കീലുമായിരുന്നു. ഈ രീതിയിലുള്ള ഇഴയടുപ്പത്തിലൂടെ ഇവർക്കിടയിൽ വളർന്നു വന്ന സ്വരച്ചേർച്ചയും മനപ്പൊരുത്തവുമാണ്‌ ഇവരുടെ വിജയത്തിന്‌ കാരണം.

നമ്മുടെ ആശയങ്ങളും സ്വപ്നങ്ങളും അതേപടി ഉൾക്കൊണ്ട്‌ അതിനുവേണ്ടി സമർപ്പിതഭാവത്തോടെ ഇറങ്ങിത്തിരിക്കാൻ മനസ്സുള്ള ഒരു പങ്കാളിയെ കിട്ടുക എന്നത്‌ ഏതൊരു സംരംഭകൻ്റെയും മഹാഭാഗ്യം തന്നെയാണ്‌.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share