ക്രിസ്‌ ഗോപാലകൃഷ്ണൻ പഠിപ്പിക്കുന്ന 8 ബിസിനസ്സ്‌ പാഠങ്ങൾ

Chris Gopalakrishnan Infosys Success Tips for Entrepreneurs

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനികളിലൊന്നായ ഇൻഫോസിസിൻ്റെ സ്ഥാപകരിലൊരാളാണ്‌ ക്രിസ്‌ ഗോപാലകൃഷ്ണൻ. അദ്ദേഹം സി.ഇ.ഒ ആയിരുന്ന നാലു വർഷം കൊണ്ട്‌ (2007- 2011) കമ്പനിയുടെ വരുമാനം 300 കോടിയിൽ നിന്ന് 600 കോടി ഡോളറായി ഇരട്ടിക്കുകയുണ്ടായി. ഫോബ്സിൻ്റെ 2019ലെ ആഗോള സമ്പന്ന പട്ടികയനുസരിച്ച്‌ ഏതാണ്ട്‌ 220 കോടി ഡോളർ (15,600 കോടി രൂപ) ആണ്‌ അദ്ദേഹത്തിന്റെ ആസ്തി. 2013-14 കാലയളവിൽ കോൺഫെഡെറേഷൻ ഓഫ്‌ ഇന്ത്യൻ ഇൻഡസ്ട്രീസിൻ്റെ (CII) ദേശീയാധ്യക്ഷനായിരുന്നു. കൊച്ചിയിലെ സ്റ്റാർട്ട്‌ അപ്‌ വില്ലേജിൻ്റെ ചീഫ്‌ മെന്ററുമായിരുന്നു. 2011ൽ രാഷ്ട്രം അദ്ദേഹത്തെ പദ്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.

തൻ്റെ മൂന്ന് പതിറ്റാണ്ടുകൾ നീണ്ട സംരംഭകജീവിതത്തെക്കുറിച്ചും അതിൽ നിന്ന് താൻ പഠിച്ച മൂല്യവത്തായ പാഠങ്ങളെക്കുറിച്ചും ഒരു അഭിമുഖത്തിൽ അദ്ദേഹം സംസാരിക്കുകയുണ്ടായി. അതിലൂടെ അദ്ദേഹം പുതിയ സംരംഭകർക്കായി പകർന്നു തരുന്ന സന്ദേശങ്ങൾ ഇപ്രകാരമാണ്‌.

1. ബിസിനസ്സിൽ ധാർമ്മികതയും മൂല്യങ്ങളും കാത്തുസൂക്ഷിക്കുക എന്നത്‌ വളരെ പ്രധാനമാണ്‌. ബിസിനസ്സ്‌ ഒരു 100 മീറ്റർ ഓട്ടപ്പന്തയമല്ല; അതൊരു മാരത്തോണാണ്‌. ആ മാരത്തോണിൽ വിജയിക്കണമെങ്കിൽ ധാർമ്മികത എന്ന ബാറ്റൺ മുറുകെ പിടിക്കേണ്ടതുണ്ട്‌. അതുണ്ടെങ്കിൽ ജീവനക്കാരും ഇടപാടുകാരും സർക്കാരും സമൂഹവുമൊക്കെ എപ്പോഴും കൂടെ നിൽക്കും.

2. മികച്ച ആശയങ്ങളിലൂടെയാണ്‌ വലിയ സംരംഭങ്ങൾ പിറക്കുന്നത്‌. ബിസിനസ്സിൽ മുന്നേറാൻ എപ്പോഴും പുതിയ പുതിയ ആശയങ്ങൾ ആവിഷ്കരിച്ചു കൊണ്ടേയിരിക്കണം.

3. മാറ്റങ്ങളിലൂടെ മാത്രമേ മുന്നേറ്റം സാധ്യമാവുകയുള്ളൂ. അതിനാൽ പുതിയ വിഷയങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ തുടർപ്രക്രിയയാക്കണം.

4. ചെയ്യുന്ന കാര്യങ്ങൾ അങ്ങേയറ്റം ആത്മാർത്ഥതയോടെ ചെയ്യണം. ചുറ്റുമുള്ള എന്തിനെയും ആദരവോടെ വേണം സമീപിക്കാൻ. എങ്കിലേ തിരിച്ചും ആദരം നേടിയെടുക്കാൻ സാധിക്കുകയുള്ളൂ.

5. അർഹമായ വേതനം നൽകിയും മികച്ച തൊഴിലന്തരീക്ഷം സൃഷ്ടിച്ചും ജീവനക്കാർക്ക്‌ ഊർജ്ജം പകർന്നു കൊണ്ടേയിരിക്കുക.

6. കൃത്യമായി നികുതിയടച്ചും മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും സർക്കാരിൻ്റെ ആദരവും നേടിയെടുക്കുക.

7. ആഗോളനിലവാരത്തിൽ കാര്യങ്ങൾ ചെയ്യണം. മത്സരം എവിടെനിന്നാണ്‌ ഉണ്ടാവുക എന്ന് പറയാനാകില്ല. ആഗോളതലത്തിൽ മത്സരക്ഷമമാകണം ഇന്ത്യൻ കമ്പനികൾ.

8. അവസാനത്തേതും എന്നാൽ ഏറെ പ്രധാനപ്പെട്ടതുമായ ഒരു കാര്യം – എത്ര ഉന്നതങ്ങളിലും വിനയം കാത്തുസൂക്ഷിക്കുന്നവരാകുക.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share