ബിസിനസ്സിൽ നന്മയാണ്‌ യഥാർത്ഥ മൂലധനം

Business Ethics

ഒരാൾ ഒരു ഫ്രൂട്ട്‌ കടയിലേക്ക്‌ കയറിവന്ന് ആപ്പിളിന്‌ വില ചോദിച്ചു.

“180 രൂപ.” കടക്കാരൻ പറഞ്ഞു.

അതിനിടയിൽ പർദ്ധ ധരിച്ച ഒരു സ്ത്രീ ആ കടയിലേക്ക് വന്നു കടക്കാരനോട് ചോദിച്ചു.

“ഒരു കിലോ ആപ്പിൾ എന്താണ് വില?”

കടക്കാരൻ പറഞ്ഞു,“120 രൂപ.”

അത് കേട്ടപ്പോൾ നേരത്തെ അവിടെയുണ്ടായിരുന്ന ആൾ കടക്കാരനെ ദേഷ്യത്തോടെ തുറിച്ചു നോക്കി. ആ ആൾ കടക്കാരനോട് എന്തെങ്കിലും പറയുന്നതിന്ന് മുമ്പ് കടക്കാരൻ ആ ആളോട് കണ്ണ് കൊണ്ട് കാത്തിരിക്കാൻ ആംഗ്യം കാണിച്ചു.

ആപ്പിൾ വാങ്ങി പോകുന്നതിനിടയിൽ ആ സ്ത്രീ പറഞ്ഞു.

“ദൈവത്തിനു സ്തുതി. ഇന്നെങ്കിലും എൻ്റെ മക്കളുടെ ആഗ്രഹം പൂർത്തിയാകുമല്ലോ!”

അവർ പോയിക്കഴിഞ്ഞതും കടക്കാരൻ അവിടെയുണ്ടായിരുന്ന വ്യക്തിയോട് പറഞ്ഞു.

“ദൈവം സാക്ഷി. ഞാൻ നിങ്ങളെ വഞ്ചിട്ടില്ല. ആ സ്ത്രീ നാല് അനാഥക്കുഞ്ഞുങ്ങളുടെ ഉമ്മയാണ്. ഞാൻ പലപ്പോഴും അവരെ സഹായിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഞാൻ പരാജയപ്പെട്ടു പോയി. അവർ ആരിൽ നിന്നും സഹായം സ്വീകരിക്കാൻ തയ്യാറല്ലായിരുന്നു. അത് കൊണ്ട് ഞാൻ ഇപ്പോൾ ഇങ്ങിനെയാണ് ചെയ്യുന്നത്. അവർ എന്ത് വാങ്ങിക്കുവാൻ വന്നാലും എത്രത്തോളം കുറയ്ക്കാൻ പറ്റുമോ അത്ര കണ്ടു വില കുറച്ച് ഞാൻ അവർക്ക് സാധനങ്ങൾ നൽകുന്നു. അങ്ങിനെയെങ്കിലും അവർക്ക് ഒരു സഹായമായിക്കോട്ടെ എന്ന് കരുതി. എന്നാൽ അവരെ ഞാനത് അറിയിക്കാറില്ല. കാരണം അവർ കരുതിക്കോട്ടെ, അവർ ആരുടേയും സഹായത്തിലല്ല ജീവിക്കുന്നതെന്ന്.”

ഒന്ന് നിർത്തി ഒരു ദീർഘ നിശ്വാസമെടുത്തുകൊണ്ടയാൾ തുടർന്നു.

“ഞാൻ ഈ കച്ചവടം ചെയ്യുമ്പോൾ വളരെ സൂക്ഷിച്ച് ദൈവത്തെ ഭയപ്പെട്ട് ചെയ്യുന്നു. അതിൻ്റെ ഗുണവും ഈ‌ കച്ചവടത്തിലൂടെ എനിക്ക് ലഭിക്കുന്നു. നിങ്ങൾക്കറിയാമോ? ഈ സ്ത്രീ ഏത് ദിവസം എൻ്റെ കടയിൽ വന്ന് എന്തെങ്കിലും വാങ്ങിക്കുന്നുവോ, അന്ന് എൻ്റെ കടയിൽ രണ്ടിരട്ടിയെങ്കിലും കൂടുതൽ കച്ചവടം ഉണ്ടാകാറുണ്ട് എന്നതാണ് സത്യം.”

ഇത് കേട്ട ആ വ്യക്തിയുടെ കണ്ണുകൾ‌ നിറഞ്ഞു. ആ കടക്കാരനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

“മറ്റുള്ളവരെ സഹായിക്കുമ്പോൾ കിട്ടുന്ന സന്തോഷം അത് അനുഭവിച്ചവർക്കേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.”

ഓർക്കുക..! ഒരു ബിസിനസ്സുകാരൻ തൻ്റെ ബിസിനസ്സിലേക്ക്‌ മുതലിറക്കുന്ന പണം മാത്രമല്ല അവൻ്റെ മൂലധനം. ആ ബിസിനസ്സിലൂടെ അവൻ അനുദിനം ചെയ്യുന്ന ഓരോ നന്മകളും അവൻ്റെ മൂലധനം തന്നെയാണ്‌. അയാൾ ചെയ്യുന്ന ഒരോ നന്മയും അയാളുടെ സംരംഭത്തെ ഉയർച്ചയിലേക്ക്‌ നയിക്കുന്ന പടിക്കല്ലുകളാകും. ആളുകൾ അയാളെ ഇഷ്ടപ്പെടുകയും അവർ അയാളിൽ നിന്ന് സ്ഥിരമായി സാധനങ്ങൾ വാങ്ങിക്കാൻ തയ്യാറാവുകയും ചെയ്യും. മറ്റുള്ളവരുടെ പ്രാർത്ഥനകളിലൂടെയും ദൈവകൃപയാലും അയാളുടെ ബിസിനസ്സിൽ നാൾക്കു നാൾ അഭിവൃദ്ധിയുണ്ടാകും.

അതിനാൽ നന്മ നിറഞ്ഞ സേവനം..! അതാകട്ടേ നിങ്ങളുടെ ബിസിനസ്സിൻ്റെ ഏറ്റവും വിലപ്പെട്ട മൂലധനം.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share