ആത്മാർത്ഥതക്ക് ലഭിച്ച അംഗീകാരം

SD Shibulal Infosys Narayana Murthy

വർഷം 1980.

ആലപ്പുഴക്കാരനായ ആ യുവാവ്‌ ഇന്ത്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ സൊലൂഷൻസ്‌ കമ്പനികളിലൊന്നായ പട്നി കമ്പ്യൂട്ടേഴ്സിൽ (Patni Computers) സോഫ്റ്റ്‌വെയർ എഞ്ചിനിയറായി ജോലിക്ക്‌ ചേർന്നിട്ട്‌ ഏതാനും മാസങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളൂ. താൻ പുതുതായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന സോഫ്റ്റ്‌വെയറിൻ്റെ പുരോഗതികൾ കാണിച്ച്‌ ബോധ്യപ്പെടുത്തുന്നതിന്‌ വേണ്ടിയാണ്‌ അയാൾ തൻ്റെ മേലുദ്യോഗസ്ഥനായ നാരായണമൂർത്തിയുടെ ക്യാബിനിലേക്ക്‌ കയറിച്ചെന്നത്‌. പക്ഷെ ആ സമയത്ത്‌ നാരായണമൂർത്തി അത്ര നല്ല മൂഡിലായിരുന്നില്ല. പ്രോജക്ട്‌ പരിശോധിച്ചു നോക്കിയ അദ്ദേഹം അതിൽ ചില തെറ്റുകൾ കണ്ടെത്തുകയും തിരുത്തലുകൾ ആവശ്യപ്പെടുകയും ചെയ്തു.

അതിൻ്റെ അവസാനം ചില കടുത്ത വാക്കുകൾ കൂടി അദ്ദേഹത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടു.

“ഇത്‌ മുഴുവൻ കുറ്റവും കുറവും തീർത്ത്‌ ചെയ്തു പൂർത്തിയാക്കിയിട്ടിനി ഇവിടുന്ന് പോയാൽ മതി.”

മറുത്തൊന്നും പറയാതെ തലയാട്ടി നിന്ന ആ ചെറുപ്പക്കാരനെ നോക്കി മുറുമുറുത്തുകൊണ്ട്‌ അദ്ദേഹം മുറിവിട്ടു പുറത്തു പോകുകയും ചെയ്തു.

ഏതാണ്ട്‌ നാൽപത്തെട്ട്‌ മണിക്കൂറുകൾക്ക്‌ ശേഷമാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌. മറന്നു വെച്ചതെന്തോ എടുക്കാനായി മൂന്നാം ദിവസം അർദ്ധരാത്രിയോടടുപ്പിച്ച്‌ ഓഫീസിലേക്കെത്തിയ നാരായണമൂർത്തി കണ്ടത്‌ ഒരു കൈലിമുണ്ടുടുത്തുകൊണ്ട്‌ തൻ്റെ ജോലിയിൽ മുഴുകിയിരിക്കുന്ന ആ ചെറുപ്പക്കാരനെയാണ്‌.

“മിസ്റ്റർ ഷിബു, നിങ്ങൾ ഇതുവരെ വീട്ടിൽ പോയില്ലേ?” അദ്ദേഹം അമ്പരപ്പോടെ ചോദിച്ചു.

“ഇല്ല സർ. സർ ആവശ്യപ്പെട്ടത്‌ പ്രകാരം ഞാൻ ഇവിടെയിരുന്ന് ആ പ്രോജക്ടിലെ കറക്ഷൻസ്‌ എല്ലാം തീർത്തു. സർ വന്നാൽ കാണിച്ച്‌ അപ്രൂവൽ വാങ്ങിയിട്ട്‌ പോകാം എന്ന് കരുതി കാത്തിരുന്നതാണ്‌.”

നാരായണമൂർത്തി അക്ഷരാർത്ഥത്തിൽ വാ പൊളിച്ച്‌ നിന്നുപോയി.

രണ്ട്‌ ദിവസമാണ്‌ തൻ്റെ മേലുദ്യോഗസ്ഥൻ്റെ വാക്കുകൾക്ക്‌ വില കൽപ്പിച്ചുകൊണ്ടയാൾ കാത്തിരുന്നത്‌….

ആ ആത്മസമർപ്പണം മൂർത്തിക്ക്‌ നന്നേ ബോധിച്ചു.

അടുത്ത വർഷം തൻ്റെ ജോലി രാജിവെച്ച്‌ സ്വന്തമായൊരു ഐ.ടി കമ്പനി തുടങ്ങാൻ തീരുമാനിച്ച നാരായണമൂർത്തി അപ്പോഴേക്കും തൻ്റെ വലംകൈ ആയിക്കഴിഞ്ഞിരുന്ന ആ ചെറുപ്പക്കാരന്‌ മുമ്പാകെ ഒരു ഓഫർ വെച്ചു.

“പോരുന്നോ എൻ്റെ കൂടേ?”

ഇങ്ങോട്ട്‌ വന്ന് താൽപര്യം പ്രകടിപ്പിച്ച പല സഹപ്രവർത്തകരെയും നിരാശരാക്കി വിട്ടയാളാണ്‌ ഒരാളെ അങ്ങോട്ട്‌ ചെന്നു ക്ഷണിക്കുന്നത്‌. ഒരാളെ മാത്രം….

ഉറപ്പിച്ചൊരു ഉത്തരം നൽകാൻ ആ യുവാവിന്‌ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

അങ്ങനെ ആലപ്പുഴ ജില്ലയിലെ മുഹമ്മ സ്വദേശി എസ്‌.ഡി ഷിബുലാൽ പിൽക്കാലത്ത്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസിൻ്റെ സഹസ്ഥാപകരിൽ ഒരാളായി. അർപ്പണബോധം കൊണ്ടും ആത്മാർത്ഥതകൊണ്ടും ഏവരുടെയും പ്രീതിയാർജ്ജിച്ചു കൊണ്ട്‌ പടിപടിയായി കയറി വന്ന ഷിബുലാൽ 2011ൽ ക്രിസ്‌ ഗോപാലകൃഷ്ണൻ്റെ പിൻഗാമിയായി ഇൻഫോസിസിൻ്റെ സി.ഇ.ഒ പദവി ഏറ്റെടുക്കുകയും ചെയ്തു. 2019 ഏപ്രിലിലെ സ്ഥിതിവിവരക്കണക്കനുസരിച്ച്‌ അദ്ദേഹത്തിൻ്റെ ആസ്തി ഏതാണ്ട്‌ 1.4 ബില്ല്യൺ ഡോളറാണ്‌.

ജോലിയിലായാലും ബിസിനസ്സിലായാലും ഉയർച്ചയിലേക്കുള്ള പാത പ്രശ്നങ്ങളും പ്രയാസങ്ങളും നിറഞ്ഞതായിരിക്കും. എന്നാൽ ആത്മാർത്ഥമായി സ്വയം സമർപ്പിച്ചു കൊണ്ടും മുതിർന്നവരെ ബഹുമാനിച്ചുകൊണ്ടും അവരിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്‌ കൊണ്ടും മുന്നേറാൻ മനസ്സുള്ളവരുടെ വഴിയിൽ നിന്ന് എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും മാറി നിൽക്കും. അത്‌ അവരെ അവർ സ്വപ്നം കണ്ടതിലും വലിയ ഉയർച്ചകളിലേക്ക്‌ എത്തിക്കുകയും ചെയ്യും.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share