ഒരോ ഉൽപാദകനും സ്വയം ചോദിക്കേണ്ട 6 ചോദ്യങ്ങൾ

6 questions an entrepreneur should ask himself

1970 കളിൽ അമേരിക്കയിലെ മോട്ടോറോള കമ്പനി Total Quality Management (TQM) എന്ന ആശയം ആദ്യമായി ലോകത്തിന്‌ മുന്നിൽ അവതരിപ്പിച്ചു. ഇതിലൂടെ അവർക്ക്‌ അമേരിക്കയിൽ ഗുണമേന്മയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന മാൽക്കം ബാൽറിഡ്ജ്‌ (Malcolm Balridge) പുരസ്കാരം നേടാനായി എന്ന് മാത്രമല്ല, ഇത്തരമൊരു മികച്ച ആശയം മറ്റു കമ്പനികൾക്കിടയിൽ പ്രചരിപ്പിക്കാനും സാധിച്ചു.

TQM ഉപയോഗിച്ച്‌ മോട്ടോറോള രൂപം നൽകിയ സിക്സ്‌ സിഗ്മ (Six Sigma) എന്ന ആശയം പിന്നീട്‌ അലൈഡ്‌ സിഗ്നൽ, ജനറൽ ഇലക്ട്രിക്കൽസ്‌ തുടങ്ങിയ പല പ്രമുഖ കമ്പനികളും പിന്തുടർന്നു. തങ്ങളുടെ സ്ഥാപനത്തിലെ ഓരോരുത്തരും സിക്സ്‌ സിഗ്മ പിന്തുടരുന്നുണ്ട്‌ എന്ന് ഉറപ്പുവരുത്തുന്നതിനായി മോട്ടോറോള കണക്ക്‌ അറിയാത്തവർക്കും മനസ്സിലാക്കാവുന്ന രീതിയിൽ അടിസ്ഥാന വിവരങ്ങൾ ഉപയോഗിച്ചുള്ള ഒരു പുതിയ ചട്ടക്കൂടിന്‌ രൂപം നൽകി. തുടർച്ചയായ മെച്ചപ്പെടലിനുള്ള പ്രവർത്തനപദ്ധതിയായിരുന്നു അത്‌.

അതിനായി താഴെ പറയുന്ന ചോദ്യങ്ങൾക്ക്‌ കമ്പനിയിലെ ഓരോരുത്തരും ഉത്തരം പറയേണ്ടതുണ്ടായിരുന്നു.

1. എൻ്റെ ഉൽപന്നവും സേവനവും എന്താണ്‌?

2. എൻ്റെ ഉൽപന്നത്തിൻ്റെ ഉപഭോക്താക്കൾ ആരെല്ലാമാണ്‌?

3. എൻ്റെ ഉൽപന്നം കൂടുതൽ ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിനായി ഞാൻ എന്തെല്ലാമാണ്‌ ചെയ്യേണ്ടത്‌?

4. എൻ്റെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ എന്തെല്ലാമാണ്‌?

5. ഉൽപന്നത്തിൻ്റെ ഇപ്പോഴത്തെ നിലവാരവും അവസ്ഥയും എന്താണ്‌?

6. എങ്ങനെ എനിക്ക്‌ അത്‌ അളക്കാൻ / പരിശോധിക്കാൻ / മെച്ചപ്പെടുത്താൻ / നിയന്ത്രണത്തിൽ വരുത്താൻ സാധിക്കും?

മറ്റൊരാളുടെ ഒരു ആവശ്യകതയെ നിവർത്തിക്കുന്ന ഒരു ഉൽപന്നമോ സേവനമോ ആണ്‌ നമ്മൾ കൈകാര്യം ചെയ്യുന്നത്‌ എന്ന് മനസ്സിലാക്കുമ്പോൾ അയാളിൽ നമുക്കൊരു ഉപഭോക്താവിനെ കാണാൻ സാധിക്കുന്നു. നമ്മുടെ ഉൽപന്നങ്ങളും സേവനങ്ങളും നിലനിൽക്കുന്നതിൻ്റെ കാരണം തന്നെ ഇത്തരം ഉപഭോക്താക്കളാണ്‌. ഒരിക്കൽ ഒരു ഉപഭോക്താവിനെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അയാളുടെ ആവശ്യങ്ങളും നമുക്ക്‌ പെട്ടെന്ന് പിടിച്ചെടുക്കാൻ സാധിക്കും. ഇത്‌ ഉപഭോക്താവിനെ അറിയുന്നതിൻ്റെ ഭാഗമാണ്‌. ഈ പ്രക്രിയ ഇല്ലാതെ ഒരു ഉൽപന്നത്തിൻ്റെയും നിർമ്മാണമോ വിപണനമോ പൂർണ്ണമാകുകയില്ല.

നിങ്ങളുടെ ഉൽപന്നത്തിൻ്റെയോ സേവനങ്ങളുടെയോ നിലവരാമളക്കാനും, ഉപഭോക്താവിൻ്റെ ആവശ്യങ്ങൾ മനസ്സിലാക്കാനും, അതു വഴി നിങ്ങളുടെ ഉൽപന്നവും സേവനവും നിരന്തരം മെച്ചപ്പെടുത്താനും നിങ്ങൾ ഈ ആറ്‌ ചോദ്യങ്ങൾ സ്വയം ചോദിച്ചു കൊണ്ടേയിരിക്കണം.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share