വീട്ടിലിരുന്ന് ജോലി ചെയ്യുന്ന (Work from Home) ജീവനക്കാരെ എങ്ങനെ നിയന്ത്രിക്കാം?

Work from Home (WFH) Employee Motivation

ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ പല സ്ഥാപനങ്ങളിലെയും ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന നിങ്ങളുടെ ജീവനക്കാരെ നിങ്ങളുടെ വീട്ടിലിരുന്നുകൊണ്ട് നിയന്ത്രിക്കുക എന്നത് വളരെ ശ്രമകരമാണ്.

ഈ പ്രതിസന്ധിയെ മറികടക്കാൻ ഇതാ 5 മാർഗ്ഗങ്ങൾ.

1. Have a daily Check-In & Check-Out System

ദിവസവും രാവിലെ ജോലി തുടങ്ങുമ്പോഴും വൈകീട്ട് ജോലി അവസാനിപ്പിക്കുമ്പോഴും ജീവനക്കാർ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്ന ഒരു ചെക്ക്-ഇൻ / ചെക്ക് ഔട്ട് സിസ്റ്റം കൊണ്ടുവരിക. ദിവസവും രാവിലെ ജോലി തുടങ്ങുന്ന സമയത്ത് അവർ നിങ്ങളെ വിളിച്ചോ നിങ്ങൾ അവരെ വിളിച്ചോ അന്ന് ചെയ്യാൻ പോകുന്ന ജോലികളെക്കുറിച്ച് സംസാരിക്കുന്നതും ചർച്ച ചെയ്യുന്നതും വളരെ നല്ലതാണ്. അത് പോലെ വൈകീട്ട് ജോലി നിർത്തിപ്പോകുന്നതിന് മുമ്പും ഇതേ രീതിയിൽ പരസ്പരം ബന്ധപ്പെട്ട് അന്ന് ചെയ്തു തീർത്ത ജോലികളെക്കുറിച്ചും അതിൻ്റെ പരിണത ഫലങ്ങളെക്കുറിച്ചും റിപ്പോർട്ട് ചെയ്യണം. ഇത് കോൺഫറൻസ് കാൾ, വീഡിയോ കോൺഫറൻസിംഗ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ എല്ലാ ജീവനക്കാരുമായും ഒരേ സമയം ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇത് ഒരു ദിവസത്തിൽ രണ്ടു തവണയിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

2. Utilize Technology

നിലവിലുള്ള എല്ലാ സാങ്കേതിക വിദ്യകളും ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുക. Zoom പോലുള്ള വീഡിയോ കോൺഫറൻസിംഗ് ആപ്പുകളും Asana പോലുള്ള ഓൺലൈൻ Project Management ആപ്പുകളുമെല്ലാം പ്രയോജനപ്പെടുത്തുക. ശരിയായ സാങ്കേതിക വിദ്യ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ടീമംഗങ്ങളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടാനും, ടീമംഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും, ഫയലുകൾ പരസ്പരം കൈമാറാനും, ടാസ്കുകൾ ഏല്പിക്കാനും, ചെയ്ത ജോലികൾ പരിശോധിക്കാനും, പുരോഗതികൾ വിലയിരുത്താനും മറ്റും അനായാസം സാധിക്കും.

3. Always be available to them

ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ശട്ടം കെട്ടിയിട്ട് നമ്മൾ ഒരു അവധിക്കാല മൂഡിലേക്ക് പോകരുത്. ജീവനക്കാർക്ക് എപ്പോൾ നമ്മുടെ സഹായമോ മാർഗ്ഗനിർദ്ദേശമോ ആവശ്യം വന്നാൽ പോലും നല്കാനാവുന്ന വിധം നമ്മൾ അവരുടെ വിളിപ്പുറത്ത് തന്നെ ഉണ്ടാകണം. നമ്മൾ ജോലിയിൽ സീരിയസ് ആണെങ്കിൽ മാത്രമേ നമുക്ക് ജീവനക്കാരെയും അവരുടെ കർത്തവ്യത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ സാധിക്കൂ. നമ്മൾ അവർക്ക് എല്ലാ അർത്ഥത്തിലും മാതൃകയാവണം.

4. Stay focused on Outcome. not Activity

എല്ലാ ജീവനക്കാരും മുഴുവൻ സമയവും ജോലി ചെയ്തുകൊണ്ടേയിരിക്കണം എന്ന് നമുക്ക് നിർബന്ധം പിടിക്കാൻ പറ്റില്ല. അതൊട്ടും പ്രായോഗികവുമല്ല. എല്ലാവരെയും സദാ സമയവും നിരീക്ഷിച്ചുകൊണ്ടിരിക്കാനും സാധിക്കില്ല. അതിനാൽ അവർ ചെയ്യുന്ന ജോലിയുടെ അളവിലല്ല, അതിൻ്റെ ക്വാളിറ്റിക്ക് പ്രാധാന്യം നൽകുക. അവർ എത്ര മണിക്കൂർ ജോലി ചെയ്തു എന്നതിന് പകരം, അവർ ഏല്പിച്ച ജോലികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടോ, എല്ലാം വൃത്തിയായി കുറ്റമറ്റ രീതിയിൽ ചെയ്തിട്ടുണ്ടോ എന്നീ കാര്യങ്ങൾക്ക് ഊന്നൽ നൽകുക.

5. Develop a Communication Strategy

നിങ്ങളുടെ സ്ഥാപനത്തിനും അവിടുത്തെ സംസ്കാരത്തിനും ഏറ്റവും ഇണങ്ങുന്ന രീതിയിലുള്ള ഒരു communication strategy രൂപീകരിക്കുക. നിങ്ങൾ ജീവനക്കാരെ സംശയിക്കുന്നതായോ നിരീക്ഷിക്കുന്നതായോ അവർക്ക് തോന്നാനും പാടില്ല. എന്നാൽ അവരെക്കൊണ്ട് ജോലികൾ പൂർത്തിയാക്കിക്കുകയും വേണം. അവരെ നല്ല രീതിയിൽ മോട്ടിവേറ്റ് ചെയ്തും കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തിയും ആ ലക്ഷ്യം സഫലമായാൽ അവർക്ക് കൂടി ഉണ്ടാകാൻ പോകുന്ന ഗുണങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയും അവരെ ജോലിയിൽ നിന്ന് ശ്രദ്ധ തെന്നിപ്പോകാതെ നിലനിർത്തുക.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാരെ പ്രചോദിപ്പിച്ച് കൂടെ നിർത്താനും അവരിൽ നിന്ന് ഏറ്റവും മികച്ച ഔട്ട്പുട്ട് പുറത്തുകൊണ്ടുവരാനും നിങ്ങൾക്ക് സാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share