SOSTAC Analysis – മാർക്കറ്റിംഗ് വിജയത്തിനൊരു ഉത്തമ വഴികാട്ടി

SOSTAC Analysis for Marketing Success

പ്രശസ്ത മാർക്കറ്റിംഗ് വിദഗ്‌ദനും ഗ്രന്ഥകാരനുമായ P.R Smith (Paul Russell Smith) 1990 കളിൽ വികസിപ്പിച്ചെടുത്ത ഒരു മാർക്കറ്റിംഗ് അപഗ്രഥന രീതിയാണ് SOSTAC Analysis (SOSTAC Model / SOSTAC Framework). ഏതൊരു കമ്പനിയും ഒരു മാർക്കറ്റിംഗ് ക്യാമ്പയിനുമായി ഇറങ്ങുന്നതിന് മുമ്പ് ചർച്ചചെയ്യുകയും വിലയിരുത്തുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട ചില വസ്തുതകളെയാണ് അദ്ദേഹം ഈ മോഡലിലൂടെ അവതരിപ്പിക്കുന്നത്. ഈ നിർണ്ണായകമായ ഘടകങ്ങളെ സൂക്ഷ്മമായി പരിശോധിച്ച് ഇതിനുള്ള ഉത്തരവും കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ ആ മാർക്കറ്റിംഗ് ക്യാമ്പയിൻ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാനും ഫലപ്രാപ്തിയിൽ എത്തിക്കാനും സാധിക്കും.

Situation Analysis, Objectives, Strategy, Tactics, Action, Control എന്നീ കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കി അതിനനുസൃതമായ രീതിയിൽ മാർക്കറ്റിംഗ് ക്യാമ്പയിൻ രൂപ കല്പന ചെയ്ത് പ്രചരിപ്പിച്ചാൽ ആ ക്യാമ്പയിൻ ഉറപ്പായും വിജയിക്കുകയും ലക്ഷ്യം കൈവരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. ഈ വാക്കുകളുടെയെല്ലാം ആദ്യാക്ഷരങ്ങൾ ചേർന്നാണ് SOSTAC Analysis എന്ന വാക്ക് രൂപപ്പെട്ടത്.

ഇനി നമുക്ക് ഇവ ഓരോന്നിനെ കുറിച്ചും വിശദമായി മനസ്സിലാക്കാം.

1. Situation Analysis

Where are we now? – നിലവിലെ വിപണി സാഹചര്യത്തെക്കുറിച്ചുള്ള ഒരു വിശദമായ SWOT Analysis ആണ് ഇവിടെ വേണ്ടത്.

വിപണിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ എന്തൊക്കെയാണ്? ഏത് തരം ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്? അവരുടെ പ്രായപരിധി, ലിംഗം, വരുമാന നില, ജീവിത ശൈലി, ഉപഭോഗ സ്വഭാവം, തൊഴിൽ തുടങ്ങിയ ഘടകങ്ങളെക്കുറിച്ച് വിശദമായി പഠിക്കണം. നിലവിലെ മാർക്കറ്റ് ട്രെൻഡുകൾ എന്തൊക്കെയാണ്? ആരെല്ലാമാണ് വിപണിയിൽ തങ്ങളുടെ എതിരാളികൾ? എതിരാളികളുടെ ശക്തിദൗർബല്യങ്ങൾ എന്തൊക്കെയാണ്? തങ്ങളുടെ ശക്തിദൗർബല്യങ്ങൾ എന്തൊക്കെയാണ്? ഈ മാർക്കറ്റിൽ വിജയിക്കാനുള്ള നമ്മുടെ ശക്തിസ്രോതസ്സുകളും മറ്റു വിഭവങ്ങളും എന്തൊക്കെയാണ്? എന്നീ കാര്യങ്ങളെ കുറിച്ചെല്ലാം വ്യക്തമായ ധാരണ ഒരു സംരംഭകനുണ്ടായിരിക്കണം.

2. Objectives

Where do we want to be? – വരും വർഷങ്ങളിൽ തങ്ങളുടെ ബിസിനസിനെ ഏത് നിലയിൽ എത്തിക്കണം എന്ന ലക്ഷ്യം നിർണ്ണയിക്കുന്ന ഘട്ടമാണിത്.

വില്പനയിൽ തങ്ങളുടെ target എത്രയാണ്? എത്ര turnover ഉണ്ടാക്കണം? എത്ര ശതമാനം sales conversion കൈവരിക്കണം? എത്ര പുതിയ ഉപഭോക്താക്കളെ സൃഷ്ടിക്കണം? എത്ര ശതമാനം ഉപഭോക്താക്കളെ നിലനിർത്തണം? തങ്ങളുടെ ഉല്പന്നത്തിൻ്റെ / കമ്പനിയുടെ Wow Factor എന്തായിരിക്കണം? അത് എങ്ങനെ ഏത് രീതിയിൽ ഉപഭോക്താക്കളെ അറിയിക്കണം? ഈ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരമുണ്ടായിരിക്കണം.

3. Strategy

How do we get there? – മേൽ പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കാൻ എന്തെല്ലാം ചെയ്യണം എന്ന് വിശദമായി പ്ലാൻ ചെയ്യുകയാണ് ഇവിടെ.

മാർക്കറ്റിനെ ഏത് രീതിയിൽ segment ചെയ്യണം? അതിൽ ഏത് segment തെരഞ്ഞെടുക്കണം? ഏതെല്ലാം തരം ഉപഭോക്താക്കളെയാണ് target ചെയ്യേണ്ടത്? തങ്ങളുടെ ഉല്പന്നത്തെ / ബ്രാൻഡിനെ ഏത് രീതിയിലാണ് പൊസിഷൻ ചെയ്യേണ്ടത്? ഉപഭോക്താക്കളുടെ ഉള്ളിൽ എങ്ങനെയാണ് വിശ്വാസമുറപ്പിക്കേണ്ടത്? Trust, Try, Buy എന്നീ ഘട്ടങ്ങളിലൂടെ കാര്യങ്ങൾ മുമ്പോട്ട് കൊണ്ടുപോകേണ്ടത് എങ്ങനെയാണ്? Customer Relationship Management, Database എന്നിവ എങ്ങനെ കൈകാര്യം ചെയ്യണം? എന്നീ കാര്യങ്ങളെല്ലാം തന്നെ കൃത്യമായി നിർവ്വചിക്കപ്പെട്ടിരിക്കണം.

4. Tactics

How exactly do we get there? – ലക്ഷ്യം നേടാൻ പയറ്റേണ്ട തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന ഘട്ടമാണിത്.

തങ്ങളുടെ Marketing Mix ഏത് രീതിയിൽ വേണം? ഉല്പന്നത്തിൻ്റെ ക്വാളിറ്റി, വില, വിപണനം, വിതരണം, പാക്കിങ്, സ്റ്റോറേജ് തുടങ്ങിയവ ഏത് രീതിയിലായിരിക്കണം? തങ്ങളുടെ Communication Mix എങ്ങനെ നിശ്ചയിക്കണം? തങ്ങളുടെ Content Plan എങ്ങനെയായിരിക്കണം? ഉപഭോക്താക്കളിലേക്കെത്തിപ്പെടാനുള്ള Contact Plan എന്താണ്? എന്നിവക്കെല്ലാം കൃത്യമായ ഒരു അളവുകോലുണ്ടായിരിക്കണം.

5. Actions

Who does what and when? – ആര്, എന്തെല്ലാം ജോലികൾ, എപ്പോൾ, എങ്ങനെ ചെയ്യണം എന്ന് തീരുമാനിക്കുന്ന ഘട്ടമാണിത്.

എത്ര ഡിപ്പാർട്മെന്റുകൾ വേണം? ഓരോ ഡിപ്പാർട്മെന്റിൻ്റെയും ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ്? ഓരോന്നിലും എത്ര manpower വേണം? ഓരോ ഡിപ്പാർട്മെന്റും എന്തെല്ലാം പ്രവർത്തനങ്ങളിലൂടെയും പ്രക്രിയകളിലൂടെയുമാണ് കടന്നു പോകേണ്ടത്? ഒരോ ഡിപ്പാർട്മെന്റിൻ്റെയും പ്രവർത്തനങ്ങൾക്കാവശ്യമായ വിഭവങ്ങൾ എന്തൊക്കെയാണ്? ഓരോ ഡിപ്പാർട്മെന്റിനും പ്രവർത്തിക്കാനാവശ്യമായ സ്കില്ലുകൾ എന്തൊക്കെയാണ്? പുറമെ നിന്ന് ആരുടെയെല്ലാം (external agencies) സഹായം സ്വീകരിക്കണം? എന്നീ കാര്യങ്ങളെല്ലാം വളരെ കൃത്യമായി പ്ലാൻ ചെയ്യണം.

6. Control

How do we monitor the performance? – കമ്പനിയുടെ പുരോഗതി ഏത് രീതിയിൽ രേഖപ്പെടുത്തുമെന്നും അതിനെ ഏതെല്ലാം വിധത്തിൽ വിലയിരുത്തണമെന്നും തീരുമാനിക്കുന്ന ഘട്ടമാണിത്.

ഓരോ ഡിപ്പാർട്മെന്റിൻ്റെയും പ്രവർത്തനങ്ങളെ ആര്, എപ്പോൾ, എങ്ങനെ monitor ചെയ്യണം? സ്ഥാപനത്തിനകത്തെ റിപ്പോർട്ടിംഗ് രീതി എങ്ങനെയായിരിക്കണം? ആര്, ആർക്ക്, എപ്പോൾ റിപ്പോർട്ട് ചെയ്യണം? ആ റിപ്പോർട്ടുകളെ ആധാരമാക്കി എന്തെല്ലാം നടപടികൾ സ്വീകരിക്കണം? സ്ഥാപനത്തിനകത്തെ നവീകരണങ്ങൾക്ക് ഈ റിപ്പോർട്ടുകൾ എങ്ങനെ പ്രയോജനപ്പെടുത്തണം? എന്നീ കാര്യങ്ങൾക്കെല്ലാം കൃത്യമായ ഒരു മാർഗ്ഗരേഖയുണ്ടായിരിക്കണം.

ഈ രീതിയിൽ ഓരോ ചെറിയ കാര്യങ്ങളെയും സൂക്ഷമായി വിലയിരുത്തി മുമ്പോട്ട് പോകുന്ന ശൈലിയാണ് SOSTAC Model.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share