ഒരു സമോസ കച്ചവടക്കാരൻ പഠിപ്പിക്കുന്ന ബിസിനസ്സ് പാഠങ്ങൾ

Lessons from a Samosa Seller

ഡൽഹിയിൽ ഒരു വലിയ മൾട്ടിനാഷണൽ കമ്പനിയുടെ നേരെ എതിർവശത്തായി ഒരാൾ ഒരു ചെറിയ ചായക്കട നടത്തിയിരുന്നു. സമോസയായിരുന്നു ആ കടയിലെ മുഖ്യ ആകർഷണം. രുചികരമായ ആ സമോസ കഴിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ അവിടേക്ക് എത്തുമായിരുന്നു. പ്രസ്തുത കമ്പനിയിലെ ജീവനക്കാർ പോലും ഓഫീസിൽ ക്യാന്റീൻ ഉണ്ടായിരിക്കെത്തന്നെ ടീ ബ്രേക്കിന് ആ കടയിൽ പോയായിരുന്നു ചായയും സമോസയും കഴിച്ചിരുന്നത്.

ഒരു ദിവസം ഈ കമ്പനിയിലെ ഒരു ഉന്നതോദ്യോഗസ്ഥൻ ഈ ചായക്കടയിലിരുന്ന് ചായയും സമോസയും ആസ്വദിച്ചു കഴിക്കുകയായിരുന്നു. ഉപഭോക്താക്കളോടുള്ള ആ കടക്കാരൻ്റെ ഹൃദ്യമായ പെരുമാറ്റവും, സംസാരശൈലിയും, ജോലിക്കാരെ നിയന്ത്രിക്കുന്ന രീതിയും, കടക്കകത്തെ വൃത്തിയുമെല്ലാം കുറെ നേരം കണ്ടുനിന്ന അദ്ദേഹം പോകാൻ നേരത്ത് അയാളുടെ അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു.

“താങ്കൾക്ക് ഉയർന്ന മാനേജ്‌മെന്റ് വൈദഗ്ദ്യവും മികച്ച ആശയവിനിമയ പാടവവുമുണ്ട്. പക്ഷെ താങ്കൾ ഇതുപോലൊരു ചെറിയ കടയിലിരുന്ന് താങ്കളുടെ കഴിവും സമയവും പാഴാക്കിക്കളയുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഇതിനുപകരം താങ്കൾ ഏതെങ്കിലുമൊരു വലിയ കമ്പനിയുടെ ഭാഗമാകുകയായിരുന്നെങ്കിൽ താങ്കളും എന്നെപോലെ വലിയ നിലയിൽ എത്തുമായിരുന്നു.”

ഇത് കേട്ടതും ആ കടക്കാരൻ ഹൃദ്യമായ ഒരു പുഞ്ചിരിയോട് കൂടി പറഞ്ഞു.

“പക്ഷെ എനിക്ക് തോന്നുന്നത് താങ്കളേക്കാൾ മെച്ചപ്പെട്ട നിലയിൽ തന്നെയാണ് ഇപ്പോൾ ഞാനുള്ളത് എന്നാണ്. എന്തുകൊണ്ടെന്നാൽ, പത്ത് വർഷങ്ങൾക്ക് മുമ്പ് താങ്കൾ ഈ സ്ഥാപനത്തിൽ ജോലിക്ക് കയറുമ്പോൾ ഞാൻ ഇവിടെ സമോസകൾ കൊട്ടയിൽ ചുമന്നുകൊണ്ടുനടന്നു വിൽക്കുകയായിരുന്നു. അന്നെനിക്ക് വരുമാനം മാസത്തിൽ വെറും ആയിരം രൂപയായിരുന്നു. താങ്കളുടെ തുടക്ക ശമ്പളമോ പതിനായിരവും. തീർച്ചയായും ഈ കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് നമുക്ക് രണ്ടുപേർക്കും കാര്യമായ വളർച്ചയുണ്ടായിട്ടുണ്ട്. ഞാൻ ഇന്ന് ഈ കടയടക്കം ഇത് പോലെ മൂന്ന് കടകളുടെ ഉടമസ്ഥനാണ്. താങ്കൾ ഇന്ന് ആ കമ്പനിയിലെ ഒരു സീനിയർ മാനേജറും. ഇന്ന് താങ്കളുടെ മാസ ശമ്പളം ഒരു ലക്ഷം രൂപയാണ്. ഈ മൂന്ന് കടകളിൽ നിന്നുമായി ഞാനും ഏതാണ്ട് അതേ തുക ഒരു മാസം സമ്പാദിക്കുന്നുണ്ട്. എന്നാൽ, താങ്കളേക്കാൾ മെച്ചപ്പെട്ട നിലയിലാണ് ഞാൻ എന്ന് പറയാൻ ഒരു കാരണം കൂടിയുണ്ട്.”

ഒന്ന് നിർത്തിയ ശേഷം അയാൾ തുടർന്നു.

“നമ്മുടെ കുട്ടികളുടെ ഭാവിയെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ. ഞാൻ എൻ്റെ ബിസിനസ്സ് പൂജ്യത്തിൽ നിന്നാണ് തുടങ്ങിയത്. പക്ഷെ എൻ്റെ മകന് അത്രയും കഷ്ടപ്പെടേണ്ടി വരില്ല. ഒരിക്കൽ അവൻ ഈ ബിസിനസ്സിൻ്റെ ചുമതലയേൽക്കുമ്പോൾ അവന് കിട്ടുന്നത് വളരെ ആഴത്തിൽ വേരുറപ്പിച്ചു കഴിഞ്ഞ ഒരു ബിസിനസ്സാണ്. അവൻ്റെ കരിയർ തുടങ്ങുന്നത് തന്നെ വലിയൊരു ബിസിനസ്സ് സ്ഥാപനത്തിൻ്റെ ഉടമയായിട്ടാണ്. ഞാൻ നിർത്തിയേടത്ത് നിന്ന് അവന് തുടങ്ങിയാൽ മതി. പക്ഷെ, താങ്കളുടെ കാര്യം അങ്ങനെയല്ല. താങ്കളുടെ മക്കൾക്ക് ഒരിക്കലും താങ്കൾ ഇപ്പോളിരിക്കുന്ന ഈ പദവിയിലേക്ക് നേരിട്ടെത്താൻ സാധിക്കില്ല. അവർക്ക് എല്ലാം പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടി വരും. കഴിഞ്ഞ പത്ത് വർഷം കൊണ്ട് താങ്കൾ അനുഭവിച്ച കഷ്ടപ്പാടുകളിലൂടെയും വേദനകളിലൂടെയുമെല്ലാം അവർക്കും സഞ്ചരിക്കേണ്ടി വരും. ഇന്നത്തെ നിങ്ങളുടെ ഈ നിലയിലെത്താൻ അവർക്കും വർഷങ്ങളെടുക്കും. താങ്കളുടെ മകൻ സീനിയർ മാനേജർ ആകുമ്പോഴേക്കും എൻ്റെ മകൻ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ടായിരിക്കും. ഇനി പറയൂ നമ്മളിൽ ആരാണ് കഴിവും സമയവും പാഴാക്കുന്നത്?”

ആ മാനേജർ ഉത്തരം മുട്ടി നിന്ന് പോയി.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായും ക്രിയാത്മകമായും ചിന്തിക്കാനുള്ള കഴിവാണ് ഇന്ന് ഈ ലോകത്ത് വിജയിക്കാൻ ഏറ്റവും ആവശ്യമായ ഒരു ഘടകം. ഈ ഒരു ഘടകം തന്നെയാണ് ഒരു ബിസിനസ്സുകാരനെ ഒരു തൊഴിലന്വേഷകനിൽ നിന്ന് വ്യത്യസ്ഥനാക്കുന്നതും. ജോലി എന്നത് വളരെ പെട്ടെന്ന് പണം സമ്പാദിക്കാൻ സഹായിക്കുന്ന വളരെ എളുപ്പമുള്ള ഒരു മാർഗ്ഗമാണ്. എന്നാൽ സംരംഭകത്വം എന്നത് വളരെ കാലങ്ങൾ നീണ്ട പരിശ്രമം കൊണ്ടും സഹനം കൊണ്ടും സാവകാശം പണം സമ്പാദിക്കുന്ന ഒരു പ്രക്രിയയാണ്. പക്ഷെ ജോലി ചെയ്ത് പണമുണ്ടാക്കുന്നതിന് ഒരു പരിധിയുണ്ട്. എന്നാൽ ക്ഷമയോടെ നിലയുറപ്പിച്ച് നിന്ന് പൊരുതുന്ന ഒരു സംരംഭകനെ കാത്തിരിക്കുന്നത് വിജയത്തിൻ്റെ അനന്ത സാധ്യതകളാണ്. ഏത് അളവുകോൽ വെച്ച് നോക്കിയാലും മറ്റുള്ളവർക്ക് വേണ്ടി പണിയെടുക്കുന്നതിനേക്കാൾ എത്രയോ ഉത്തമം അവനവൻ്റെ ഊർജ്ജം അവനവൻ്റെ സ്ഥാപനത്തിന് വേണ്ടി വിനിയോഗിക്കുന്നത് തന്നെയാണ്.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share