Island Method & Assembly Line Method – നിങ്ങളുടെ മാർക്കറ്റിംഗ് ടീമിനെ നിയന്ത്രിക്കാൻ ഇതാ 2 പുതിയ വഴികൾ.

Marketing Team Island Method Assembly Line Method

Island Method, Assembly Line Method എന്നീ വാക്കുകൾ നിങ്ങൾ മുമ്പെവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

ഒരു ബിസിനസ്സ്‌ സ്ഥാപനത്തിനകത്ത്‌ സെയിൽസ്‌ ടീമിൻ്റെ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിനുപയോഗിക്കുന്ന വ്യത്യസ്ഥമായ രണ്ട്‌ ശൈലികളാണ്‌ ഇവ രണ്ടും.

നിങ്ങൾക്ക്‌ സ്വന്തമായൊരു ബിസിനസ്സ്‌ സംരഭമുണ്ടോ? അതിലേക്ക്‌ ഉപഭോക്താക്കളെ ആകർഷിക്കുവാനും വിൽപന വർദ്ധിപ്പിക്കുവാനും വേണ്ടി ഒരു സെയിൽസ്‌ ടീമുണ്ടോ? എങ്കിൽ ഈ പറഞ്ഞതിൽ ഏതെങ്കിലും ഒരു ശൈലിയിലായിരിക്കും നിങ്ങൾ അവരുടെ പ്രവർത്തനങ്ങളെ സജ്ജീകരിച്ചിട്ടുണ്ടാവുക.

ആദ്യം നമുക്കീ രണ്ട്‌ സമ്പ്രദായങ്ങളെയും ഒന്ന് പരിചയപ്പെടാം.

1. Island Method

വളരെ കാലങ്ങളായി എല്ലാ ബിസിനസ്സ്‌ സ്ഥാപനങ്ങളും പിൻപറ്റി വരുന്ന തികച്ചും സാമ്പ്രദായികമായ ഒരു ശൈലിയാണിത്‌. ഇവിടെ ഓരോ സെയിൽസ്‌മാനും ഓരോ ഒറ്റപ്പെട്ട ദ്വീപുകൾ പോലെയായിരിക്കും പ്രവർത്തിക്കുന്നത്‌. അയാൾക്ക്‌ സെയിൽ നടത്തുവാനാവശ്യമായ പുതിയ ലീഡുകൾ കണ്ടെത്തുന്നതും, അവയെ വിലയിരുത്തുന്നതും, തരം തിരിക്കുന്നതും, അവരുമായി ബന്ധപ്പെടുന്നതും, appointment ഉറപ്പിച്ച്‌ ഉപഭോക്താക്കളെ ചെന്നു കണ്ട്‌ അവർക്ക്‌ തങ്ങളുടെ ഉൽപന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ പരിചയപ്പെടുത്തുന്നതും, സെയിൽ നടത്തുന്നതും, സെയിൽസ്‌ ഫോളോ അപ്പ്‌ നടത്തുന്നതുമെല്ലാം ഒരാൾ തന്നെയായിരിക്കും. എന്ന് വെച്ചാൽ പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നത്‌ മുതൽ അവർക്ക്‌ ഉൽപന്നമോ സേവനമോ കൈമാറ്റം ചെയ്യുന്നത്‌ വരെയുള്ള മുഴുവൻ കാര്യങ്ങളിലും ഒരു തരം വണ്മാൻഷോ ആയിരിക്കും ഇവിടെ നമുക്ക്‌ കാണാനാകുക. എന്നാൽ അസംബ്ലി ലൈൻ ശൈലി ഇതിൽ നിന്ന് തികച്ചും വിഭിന്നമാണ്‌.

2. Assembly Line Method

ഇവിടെ മേൽപറഞ്ഞ ഓരോ ജോലികളും ചെയ്യുന്നത്‌ പ്രത്യേകം പ്രത്യേകം ടീമുകളായിരിക്കും. പുതിയ ലീഡുകൾ കണ്ടെത്തുന്നതിനും, അവയുടെ സാധുതകൾ വില യിരുത്തുന്നതിനും, അവരുമായി ഫോണിൽ ബന്ധപ്പെടുന്നതിനും, അവരെ നേരിൽ ചെന്ന് കണ്ട്‌ ഉൽപന്നം അല്ലെങ്കിൽ സേവനം പരിചയപ്പെടുത്തുന്നതിനും, സെയിൽ പൂർത്തിയാക്കുന്നതിനും, വിൽപനാനന്തര സേവനങ്ങൾക്കുമെല്ലാമായി വേറെ വേറെ ടീമുകളുണ്ടായിരിക്കും. Lead Generation Team, Tele Calling Team, Sales Presentation Team, Customer Handling Team, Delivery Team എന്നിങ്ങനെ വ്യത്യസ്ഥ ടീമുകൾ ചേർന്നായിരിക്കും ഒരു സെയിൽസ്‌ പ്രക്രിയ പൂർത്തിയാക്കുന്നത്‌. ഒരു അസംബ്ലി ലൈൻ പ്രക്രിയയിൽ എങ്ങനെയാണോ ഒരു ഉൽപന്നം അതിൻ്റെ പൂർണ്ണരൂപം പ്രാപിക്കുന്നതിന്‌ മുമ്പ്‌ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നത്‌, അതുപോലെ ഓരോ ഉപഭോക്താവും മേൽപറഞ്ഞ രീതിയിൽ വിവിധ ടീമുകളുടെ പരിചരണത്തിലൂടെ കടന്നു പോയ ശേഷമായിരിക്കും ഒരു ഉൽപന്നമോ സേവനമോ സ്വന്തമാക്കുന്നത്‌.

ഈ രണ്ടിൽ ഏതാണ്‌ മികച്ചത്‌ എന്ന് ചോദിച്ചാൽ അതിന്‌ ഒറ്റവാക്കിൽ ഒരു ഉത്തരം പറയുക തീർത്തും അസാധ്യമാണ്‌. ഓരോ ബിസിനസ്സ്‌ സംരംഭവും അവരവരുടെ ഇംഗിതത്തിനനുസരിച്ചോ, അല്ലെങ്കിൽ ഉൽപന്നത്തിൻ്റെ സ്വഭാവത്തിനനുസരിച്ചോ ഏറ്റവും ഉചിതമായ ഒരു ശൈലി സ്വീകരിക്കുന്നതായിരിക്കും നല്ലത്‌. ഈ രണ്ടിനും അതിൻ്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്‌.

ഇനി പറയൂ…

നിങ്ങളുടെ അഭിപ്രായത്തിൽ മേൽപറഞ്ഞ രണ്ട്‌ ശൈലികളിൽ നിങ്ങളുടെ ബിസിനസ്സിന്‌ ഏറ്റവും അനുയോജ്യമായത്‌ ഏതാണ്‌?

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share