നോട്ടീസ് പീരിയഡ് (Notice Period) എന്നത് ഒരു നല്ല പ്രവണതയാണോ?

Is Notice Period a good practice?

പൊതുവെ സംരംഭകർക്കെല്ലാം ഒരു ശീലമുണ്ട്. ഒരു ജീവനക്കാരൻ രാജിക്കത്ത് സമർപ്പിച്ചാൽ അയാളെ നോട്ടീസ് പീരിയഡ് തീരുന്നത് വരെ നിർബന്ധപൂർവ്വം പിടിച്ചു നിർത്തും. അയാൾക്ക് താല്പര്യമില്ലെങ്കിലും അയാളെ ഭീഷണിപ്പെടുത്തി പിടിച്ചു നിർത്താൻ ശ്രമിക്കും. ജോബ് ഓഫർ ലെറ്ററിൽ പോലും കുറഞ്ഞത് 30 ദിവസത്തെ നോട്ടീസ് പീരിയഡിൻ്റെ കാര്യം പരാമർശിച്ചിട്ടുണ്ടായിരിക്കും. അതിൻ്റെ പേരിലായിരിക്കും ഈ വടംവലി.

ഇതൊരു നല്ല പ്രവണതയാണോ? അല്ല എന്നതാണ് സത്യം.

ഒരാൾ തൻ്റെ ജോലിയിൽ ആത്മാർത്ഥത കാണിക്കുന്നില്ല എന്ന മനസ്സിലാക്കിയാൽ, അയാൾ പുറത്ത് വേറെ ജോലിക്ക് ശ്രമിക്കുന്നുണ്ട് എന്നറിഞ്ഞാൽ അല്ലെങ്കിൽ അയാൾ രാജിക്കത്ത് സമർപ്പിച്ചാൽ പിന്നെ അയാളെ പിടിച്ച് നിർത്താതിരിക്കുന്നതാണ് നല്ലത്. അയാൾ നിങ്ങളുടെ സ്ഥാപനത്തിൽ വളരെ നിർണ്ണായകമായ ഒരു സ്ഥാനത്താണ് ഇരിക്കുന്നതെങ്കിലോ, അയാളുടെ അഭാവം നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നുണ്ടെങ്കിലോ ഇങ്ങനെ ചെയ്യുന്നതിൽ കുഴപ്പമില്ല. അയാൾക്ക് കൂടി സമ്മതമാണെങ്കിൽ യോഗ്യനായ മറ്റൊരാളെ കണ്ടെത്തുന്നത് വരെ അയാളെ ആ സ്ഥാനത്ത് തന്നെ നിലനിർത്തുന്നതിൽ തെറ്റില്ല.

എന്നാൽ അയാൾ അത്ര പ്രധാനപ്പെട്ട ഒരു വ്യക്തി അല്ലെങ്കിൽ, അയാളുടെ അഭാവം കൊണ്ട് നിങ്ങൾക്കോ സ്ഥാപനത്തിനോ പ്രത്യേകിച്ച് യാതൊരു ദോഷവും സംഭവിക്കാൻ പോകുന്നില്ലെങ്കിൽ പിന്നെ അനാവശ്യമായ വാശിപ്പുറത്ത് മാത്രം അയാളെ പിടിച്ചുനിർത്തുന്നത് ഒട്ടും യുക്തമായ കാര്യമല്ല.

അതിനുള്ള കാരണങ്ങളാണ് ഇനി പറയാൻ പോകുന്നത്.

1. His mind is no more in the job.

ജോലി വിടാൻ തീരുമാനിച്ച ഒരാൾക്ക് പിന്നെ നിങ്ങളോടോ നിങ്ങളുടെ സ്ഥാപനത്തോടോ യാതൊരു മമതയും ആത്മാർത്ഥതയും ഉണ്ടായിരിക്കുകയില്ല. നിങ്ങളുടെ നിർബന്ധത്തിനും ഭീഷണിക്കും മാത്രം വഴങ്ങിയായിരിക്കും അയാൾ അവിടെ തുടരുന്നത്. അയാൾ ഒട്ടും പ്രൊഡക്റ്റീവ് ആയിരിക്കില്ല. പിന്നെ അയാൾ അവിടെ തുടരുന്നത് കൊണ്ട് നിങ്ങൾക്കോ അയാൾക്കോ യാതൊരു പ്രയോജനവുമില്ല. വെറുതെ നാളുകളെണ്ണിത്തീർക്കുന്ന ആളെ വെച്ചുകൊണ്ടിരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.

2. His loyalty has shifted to the new employer.

അയാളുടെ മനസ്സ് പുതിയ ജോലി സ്വീകരിക്കാൻ പാകപ്പെട്ടിരിക്കുകയാണ്. അയാൾക്കിനി നിങ്ങളിൽ നിന്ന് യാതൊന്നും പ്രതീക്ഷിക്കാനില്ല. അത് കൊണ്ട് തന്നെ ആ നിമിഷം മുതൽ അയാളുടെ ശ്രദ്ധ മുഴുവൻ അയാളുടെ പുതിയ തൊഴിൽ ദാതാവിനെ തൃപ്തിപ്പെടുത്തുന്നതിലായിരിക്കും. പുതിയ മുതലാളിയുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ വേണ്ടി അയാൾ ഏതറ്റം വരെയും പോകും. അയാളുടെ പുതിയ മുതലാളി നിങ്ങളുടെ ബിസിനസ്സ് എതിരാളിയോ മറ്റോ ആണെങ്കിൽ പിന്നെ കാര്യങ്ങൾ കൂടുതൽ മോശമാകും. നിങ്ങളുടെ വിലപ്പെട്ട രേഖകൾ പോലും അയാൾ തൻ്റെ പുതിയ മുതലാളിക്ക് കൈമാറി എന്നിരിക്കും. നിങ്ങളുടെ കസ്റ്റമർ ഡാറ്റ പോലുള്ളവ ചോർത്തിക്കൊടുത്ത് പുതിയ മുതലാളിയുടെ പ്രീതി പിടിച്ചു പറ്റാൻ അയാൾ ശ്രമിക്കും. അത് നിങ്ങൾക്ക് കൂടുതൽ ദോഷം ചെയ്യും.

3. He is a rotten tomato.

ഒരു കുട്ടയിൽ ഒരു ചീഞ്ഞ തക്കാളിയുണ്ടെങ്കിൽ അത് ബാക്കിയുള്ള തക്കാളികളെ കൂടി ചീത്തയാക്കും. അതിനാൽ ചീഞ്ഞ തക്കാളി കണ്ണിൽ പെട്ടാൽ ഉടനെ അതെടുത്ത് പുറത്ത് കളയുന്നതാണ് നല്ലത്. ജോലി വിടാൻ തീരുമാനിച്ച ജീവനക്കാരനും ഒരു ചീഞ്ഞ തക്കാളിയാണ്. അയാളെ ഉടനെ എടുത്ത് പുറത്ത് കളഞ്ഞില്ലെങ്കിൽ അയാൾ ബാക്കിയുള്ള ജീവനക്കാരെ കൂടി ചീത്തയാക്കും. അയാൾക്ക് നിങ്ങളോടെന്തെങ്കിലും പകയോ പൊരുത്തക്കേടോ ഉണ്ടെങ്കിൽ അയാൾ അത് തീർക്കുന്നത് മറ്റു ജീവനക്കാരിൽ കൂടി നിങ്ങൾക്കെതിരെ വിദ്വെഷം കുത്തിനിറച്ചു കൊണ്ടായിരിക്കും. നിങ്ങളുടെയും സ്ഥാപനത്തിൻ്റെയും ഇമേജ് തകർക്കാൻ അയാൾ ഏതറ്റം വരെയും പോകും.

4. He will take a few more with him.

നിങ്ങൾ അയാളെ ഉടനെ പോകാൻ അനുവദിച്ചാൽ അയാൾ ഒറ്റക്ക് പോകും. പകരം നിങ്ങൾ അയാളെ നോട്ടീസ് പീരിയഡ് തീരുന്നത് വരെ നിർബന്ധപൂർവ്വം പിടിച്ചു നിർത്തിയാൽ അയാൾ 30 ദിവസം കഴിഞ്ഞു പോകുമ്പോൾ മറ്റു ചില ജീവനക്കാരെ കൂടി കൂടെ കൊണ്ടു പോകും. ആ 30 ദിവസം കൊണ്ട് അയാൾ ബാക്കിയുള്ളവരെ കൂടി പറഞ്ഞു മയക്കി തൻ്റെ കൂടെ ചെല്ലാൻ പ്രേരിപ്പിക്കും. ചിലപ്പോൾ അയാളുടെ പുതിയ മുതലാളി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടാകും പോരുമ്പോൾ നാലഞ്ച് പേരെ കൂടി കൂടെ കൊണ്ടുവരാൻ. പുതിയ ആളുകളെ ജോലിക്കെടുത്ത് ട്രെയിൻ ചെയ്യിച്ചെടുക്കുന്നതിനേക്കാൾ എളുപ്പമാണല്ലോ മറ്റു സ്ഥാപനങ്ങളിൽ ജോലിചെയ്ത് മുൻപരിചയവും അനുഭവവുമുള്ള, ട്രെയിനിംഗ് കിട്ടിയ ആളുകളെ കറക്കിയെടുക്കുന്നത്. ജോലി വിടാൻ തീരുമാനിച്ചയാളെ പിടിച്ചുനിർത്തുന്നത് നമുക്കുള്ള കുഴി വെട്ടാൻ അയാൾക്ക് നമ്മൾ തന്നെ സമയവും സാഹചര്യവും ഒരുക്കിക്കൊടുക്കുന്നതിന് തുല്യമാണ്.

5. If you cannot mend them, end them.

നിങ്ങൾക്കവരെ നിങ്ങൾക്കനുകൂലമായി മാറ്റിയെടുക്കാൻ കഴിയില്ല എന്നുറപ്പായാൽ പിന്നെ അടുത്ത നിമിഷം തന്നെ അവരെ പുറത്തുപോകാൻ അനുവദിക്കുന്നതാണ് നല്ലത്. Mend ചെയ്യാൻ കഴിയാത്തതൊന്നും വെച്ചു കൊണ്ടിരിക്കരുത്. അത് പിന്നീട് വലിയ ബാധ്യതയായിത്തീരും. എത്രയും പെട്ടെന്ന് അവരുമായുള്ള എല്ലാ ബന്ധങ്ങളും വിച്‌ഛേദിക്കുന്നതാണ് നല്ലത്.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share