ബിസിനസ്സിൽ വേണ്ടത്‌ Competition അല്ല, Collaboration ആണ്‌

importance of collaboration in business

പല പല ബിസിനസ്സുകൾ ചെയ്ത്‌ പരാജയപ്പെട്ട ഒരാൾ ഒടുവിൽ ഇനി എന്ത്‌ ചെയ്യണം എന്ന് പിടികിട്ടാതെ ആ നാട്ടിലേക്ക്‌ പുതുതായി എത്തിച്ചേർന്ന ഒരു യോഗിയെ ചെന്ന് കണ്ട്‌ ഉപദേശം ചോദിച്ചു.

“നീ ബിസിനസ്സ്‌ ചെയ്യാൻ തീരുമാനിച്ചതിൽ ഒരു തെറ്റുമില്ല. പക്ഷെ എന്ത്‌ ബിസിനസ്സ്‌ ചെയ്യണം എന്ന് തീരുമാനിച്ചതിലാണ്‌ തെറ്റ്‌. ജനങ്ങൾക്ക്‌ ദൈനംദിനാവശ്യങ്ങൾക്ക്‌ വേണ്ട സാധനങ്ങൾ എന്തൊക്കെയാണോ, എന്തെല്ലാമാണോ ഉപയോഗിക്കുന്തോറും തീർന്നുകൊണ്ടേയിരിക്കുന്നത്‌, അത്തരം വസ്തുക്കൾ കൊണ്ടുവന്നു വെച്ച്‌ വിൽക്ക്‌. അതോടെ നിൻ്റെ എല്ലാ പ്രശ്നങ്ങളും തീരും. ഞാൻ ഇപ്പോൾ വടക്കോട്ടുള്ള ഒരു യാത്രയിലാണ്‌. രണ്ട്‌ മാസം കഴിഞ്ഞ്‌ ഞാൻ ഇതുവഴി വരും. അപ്പോൾ എന്നെ വന്നു കാണൂ.”

ഇത്രയും പറഞ്ഞിട്ട്‌ യോഗി യാത്രയായി.

അപ്പോഴാണ്‌ തനിക്ക്‌ പറ്റിയ പിഴവെന്താണെന്ന് അയാൾക്ക്‌ മനസ്സിലായത്‌. ജനങ്ങൾക്ക്‌ എന്താണ്‌ ആവശ്യമെന്ന് മനസ്സിലാക്കാതെ തനിക്ക്‌ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ബിസിനസ്സുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്‌ കൊണ്ടാണ്‌ തൻ്റെ ഉദ്യമങ്ങളെല്ലാം പരാജയപ്പെട്ടത്‌. അതിനാൽ ഇനി യോഗി പറഞ്ഞ വഴി ഒന്ന് പരീക്ഷിച്ചു നോക്കാൻ അയാൾ തീരുമാനിച്ചു.

അധികം വൈകാതെ അയാൾ സ്വന്തം നാട്ടിൽ ഒരു പച്ചക്കറി കട തുടങ്ങി. ചുറ്റിലുമുള്ള ഗ്രാമങ്ങളിലെ പച്ചക്കറി കർഷകരിൽ നിന്ന് വിളവുകൾ നേരിട്ട്‌ വാങ്ങിക്കൊണ്ടുവന്ന് തൻ്റെ കടയിൽ വെച്ച്‌ വിൽക്കാൻ തുടങ്ങി. പതുക്കെ പതുക്കെ അയാളുടെ കച്ചവടം കൂടിക്കൂടി വന്നു. ഓരോ ദിവസവും അയാളുടെ വിൽപനയും ലാഭവും വർദ്ധിച്ചുകൊണ്ടേയിരുന്നു. സ്ഥിരമായി അയാളിൽ നിന്ന് മാത്രം പച്ചക്കറി വാങ്ങുന്നവരുടെ എണ്ണവും പെരുകിക്കൊണ്ടിരുന്നു. യോഗിയുടെ വാക്കുകൾ സത്യമായിത്തീർന്നതിൽ സന്തോഷിച്ച അയാൾ അദ്ദേഹത്തിന്‌ മനസ്സാ നന്ദി പറഞ്ഞു.

ഇതിനിടെ അയാളുടെ കച്ചവടത്തെയും അതിൽ നിന്നുള്ള വരുമാനത്തെയും കുറിച്ച്‌ കേട്ടറിഞ്ഞ ആ നാട്ടിലെ ധനാഢ്യനായ ഒരാൾ ഈ കടയുടെ നേരെ എതിർവശത്ത്‌ ഒഴിഞ്ഞു കിടന്നിരുന്ന കുറേ ഭൂമി വിലക്ക്‌ വാങ്ങി അവിടെ വളരെ വലിയ രീതിയിൽ ഒരു കെട്ടിടം പണിയാൻ തുടങ്ങി. ഇത്‌ കണ്ട അയാൾ ആളുകളോട്‌ എന്തിന്‌ വേണ്ടിയാണ്‌ അവിടെ ആ കെട്ടിടം പണി നടക്കുന്നത്‌ എന്ന് തിരക്കി. അവിടെ വലിയൊരു സൂപ്പർ മാർക്കറ്റ്‌ വരാൻ പോകുന്നതായും പച്ചക്കറികളടക്കം എല്ലാ സാധനങ്ങളും അവിടെ കുറഞ്ഞ വിലക്ക്‌ വിൽക്കാൻ പോകുന്നതായും അയാൾ അവരിൽ നിന്ന് മനസ്സിലാക്കി.

ഇതോടെ അയാൾക്ക്‌ മനസ്സമാധാനം നഷ്ടപ്പെട്ടു. ഇത്രയും കാലം പല പല ബിസിനസ്സുകൾ ചെയ്തു നോക്കി ഒന്നും ഫലം കാണാതെ ഇപ്പോഴാണ്‌ ജീവിതത്തിന്‌ അൽപം വെളിച്ചം കിട്ടിത്തുടങ്ങിയത്‌. കഷ്ടപ്പാടുകളെല്ലാം തീർന്നു എന്ന് വിചാരിച്ചിരിക്കുമ്പോൾ ഇങ്ങനെ ഒരു പരീക്ഷണമോ ദൈവമേ? ഈ സമയത്ത്‌ തൻ്റെ കടയുടെ നേരെ എതിർവശത്ത്‌ ഇത്രയും ബ്രഹ്മാണ്ഡമായ ഒരു സൂപ്പർ മാർക്കറ്റ്‌ വന്നാൽ സ്വാഭാവികമായും ആളുകൾ അവിടെ പോയി സാധനങ്ങൾ വാങ്ങിക്കാനേ താൽപര്യപ്പെടൂ. പിന്നെ ആരും ഈ വഴി തിരിഞ്ഞു നോക്കില്ല. എല്ലാം തീർന്നല്ലോ ദൈവമേ?

അയാൾ തലക്ക്‌ കൈവച്ചിരുന്നു പോയി.

അപ്പോഴാണ്‌ ആ യോഗി തൻ്റെ ദേശാടനം കഴിഞ്ഞ്‌ ആ ഗ്രാമത്തിലേക്ക്‌ മടങ്ങിയെത്തിയ വിവരം അയാളുടെ ചെവിയിലെത്തിയത്‌. ഉടനെ അയാൾ യോഗിയെ ചെന്നു കണ്ട്‌ തൻ്റെ സങ്കടമുണർത്തിച്ചു.

“ഗുരുവേ, ഇനി ഞാൻ എന്താണ്‌ ചെയ്യേണ്ടത്‌?” അയാൾ ചോദിച്ചു.

“നീ ഇനി ഒന്നും ചെയ്യേണ്ട. ഞാൻ പറയുന്നത്‌ പോലെ ചെയ്താൽ മതി. ദിവസവും രാവിലെ കട തുറക്കുന്ന സമയത്ത്‌ ‘ദൈവമേ, ഇന്നെൻ്റെ കടയിൽ നല്ല കച്ചവടം ഉണ്ടാകണമേ’ എന്ന് മനസ്സുരുകി പ്രാർത്ഥിക്ക്‌. അത്‌ കഴിഞ്ഞ്‌ നേരെ പുറംതിരിഞ്ഞു നിന്ന് മറ്റേ കടയിലും നല്ല കച്ചവടം ഉണ്ടാകണം എന്ന് പ്രാർത്ഥിക്ക്‌. എല്ലാം ശരിയാകും.”

“സ്വാമി. അങ്ങെന്താണീ പറയുന്നത്‌?” അയാൾ ഒരു ഞെട്ടലോടെ ചോദിച്ചു. “അങ്ങ്‌ എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത്‌ എനിക്ക്‌ മനസ്സിലായി. പക്ഷെ എൻ്റെ എതിരാളിക്ക്‌ കൂടുതൽ കച്ചവടമുണ്ടാകാൻ വേണ്ടിയും ഞാൻ പ്രാർത്ഥിക്കണമെന്നോ?”

“അതേ.” യോഗി പറഞ്ഞു. “നീ അയാൾക്ക്‌ വേണ്ടി നടത്തുന്ന ഓരോ പ്രാർത്ഥനയും പത്തിരട്ടിയായി നിന്നിലേക്ക്‌ തന്നെ തിരിച്ചു വരും. അതുപോലെ നീ അയാൾക്ക്‌ ദ്രോഹം വിചാരിച്ചാൽ അതും പൂർവ്വാധികം ശക്തിയോടെ നിന്നിലേക്ക്‌ തന്നെ തിരിച്ചു വരും. അതിനാൽ നീ അയാൾക്ക്‌ നന്മയുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കൂ.”

ഒന്ന് നിർത്തിയ ശേഷം യോഗി തുടർന്നു.

“അതു പോലെ അയാളെ എവിടെയെങ്കിലും വെച്ചു കണ്ടാൽ ഒരിക്കലും ശത്രുതയോടെ പെരുമാറരുത്‌. അയാളെ ഒരു എതിരാളിയായി കാണുകയുമരുത്‌. മറിച്ച്‌ അയാളെ ഒരു സുഹൃത്തായോ അഭ്യുദയകാംക്ഷിയായോ കാണാൻ ശ്രമിക്കുക. എപ്പോഴും അയാളെ നോക്കി പുഞ്ചിരികുക. ഇവ രണ്ടും നീ എൻ്റെ നിർബന്ധത്തിനു വഴങ്ങിയല്ല, ആത്മാർത്ഥതയോടെ ചെയ്യുക. എല്ലാം ശരിയാകും.”

ആ യോഗിവര്യനിലും അദ്ദേഹത്തിൻ്റെ വാക്കുകളിലും അളവറ്റ വിശ്വാസമുണ്ടായിരുന്ന അയാൾ അന്നു മുതൽ എല്ലാ ദിവസവും രാവിലെ തനിക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നതിനോടൊപ്പം തന്നെ മറ്റേയാൾക്ക്‌ വേണ്ടിയും പ്രാർത്ഥിക്കാൻ തുടങ്ങി. അതു പോലെ അയാളെ കാണുമ്പോഴൊക്കെ പുഞ്ചിരിക്കാനും തുടങ്ങി. ഇതിൻ്റെ ഫലമായി അവർ ഇരുവർക്കുമിടയിൽ ഒരു പുതിയ സുഹൃദ്ബന്ധം മുളപൊട്ടി. പതുക്കെ പതുക്കെ അത്‌ ഗാഢമായിക്കൊണ്ടിരുന്നു.

ഒരു ദിവസം സൂപ്പർ മാർക്കറ്റിൻ്റെ ഉടമ തൻ്റെ സ്ഥാപനത്തിലേക്കാവശ്യമായ പച്ചക്കറികൾ കർഷകരിൽ നിന്ന് വാങ്ങി വിതരണം ചെയ്യാനുള്ള അവകാശം അയാൾക്ക്‌ നൽകി. അയാൾ അത്‌ വളരെ സന്തോഷത്തോടെയും സത്യസന്ധതയോടെയും ചെയ്തു കൊടുത്തു. തദ്‌ഫലമായി സൂപ്പർ മാർക്കറ്റ്‌ വളരുന്നതിനോടൊപ്പം തന്നെ അയാളുടെ പച്ചക്കറിക്കടയും വളർന്നു. അയാളുടെ സമ്പത്ത്‌ വളരുന്നതിനോടൊപ്പം തന്നെ സൂപ്പർ മാർക്കറ്റ്‌ ഉടമക്ക്‌ അയാളോടുള്ള സ്നേഹവും വിശ്വാസവും വർദ്ധിച്ചു കൊണ്ടിരുന്നു. അധികം വൈകാതെ അയാൾ ആ നാട്ടിലെ തന്നെ ഏറ്റവും വലിയ വെജിറ്റബിൾ സപ്ലയർ ആയി മാറി.

ബിസിനസ്സിൽ വേണ്ടത്‌ competition അല്ല, collaboration ആണ്‌. നമ്മുടെ അതേ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവരെ ഒരു എതിരാളിയായി കാണുന്നതിന്‌ പകരം ഇരുവർക്കും ഒരുമിച്ചു വളരാനുള്ള സാഹചര്യവും സൗഹൃദാന്തരീക്ഷവും വളർത്തിയെടുക്കുകയാണ്‌ വേണ്ടത്‌. അയാളെ വെറുക്കുകയോ അയാളെക്കുറിച്ചും അയാളുടെ സ്ഥാപനത്തെക്കുറിച്ചും ദുഷ്പ്രചരണങ്ങൾ നടത്തി അയാളെ തകർക്കാൻ ശ്രമിക്കുകയോ അരുത്‌. പകരം അവരെ ചേർത്തു പിടിക്കുക. സ്നേഹം കൊണ്ട്‌ കീഴടക്കുക.

കാരണം ഒരാളെക്കുറിച്ച്‌ നമ്മൾ വച്ചു പുലർത്തുന്ന ധാരണകൾ, അത്‌ നല്ലതോ ചീത്തയോ ആകട്ടെ, അത്‌ അയാളെയല്ല നിർവ്വചിക്കുന്നത്‌. നമ്മെ തന്നെയാണ്‌…..

അതിനാൽ ഒന്നിക്കുക, ഒരുമിച്ചുയരുക…

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share