ആളുകളുടെ അനുകരണശീലത്തെ എങ്ങനെ ബിസിനസ്സാക്കി മാറ്റാം?

Imitation and Consumer Behaviour

മനുഷ്യർ പൊതുവെ അനുകരണശീലമുള്ളവരാണ്. വേഷത്തിലും ഭാവത്തിലും സംസാരത്തിലും എന്തിന്, ഉപയോഗിക്കുന്ന വസ്തുക്കളിൽ പോലും മറ്റുള്ളവരെ അനുകരിക്കാനുള്ള ത്വരയുള്ളവരാണ് നമ്മൾ.

പൊതുവെ മൂന്ന് തരം ആളുകളെയാണ് നമ്മൾ കൂടുതലായി അനുകരിക്കാറുള്ളത്.

1. The Closest

ആളുകൾക്ക് പൊതുവെ അവരുമായി വളരെയധികം അടുപ്പമുള്ള ആളുകളെ അനുകരിക്കാനുള്ള പ്രവണത വളരെ കൂടുതലായിരിക്കും. കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കളെ അനുകരിക്കുന്നതും, ആളുകൾ അവരുടെ സുഹൃത്തുക്കളെ അനുകരിക്കുന്നതും ഇതിൻ്റെ ഭാഗമാണ്. മകൻ അച്ഛൻ വലിച്ചിരുന്ന അതേ ബ്രാൻഡ് സിഗരറ്റ് തന്നെ ഉപയോഗിക്കുന്നതും, മകൾ അമ്മ ഉപയോഗിച്ച അതേ ബ്രാൻഡ് ഫെയിസ് ക്രീം തന്നെ ഉപയോഗിക്കുന്നതുമൊക്കെ സർവ്വസാധാരണമാണ്. നമുക്ക് വളരെ പരിചയമുള്ള, അടുപ്പമുള്ള ആളുകളോടുള്ള വിശ്വാസം അവർ ഉപയോഗിക്കുന്ന ഉത്പന്നങ്ങളോടും ബ്രാൻഡുകളോടും നമുക്ക് തോന്നുന്നത് സഹജമാണ്. ഈ ഒരു ശീലം മുതലെടുത്താൽ നിങ്ങൾക്ക് നിങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതൽ ആളുകളിലേക്കെത്തിക്കാൻ സാധിക്കും.

ഉദാ: ഒരാൾ നിങ്ങളിൽ നിന്നൊരു ഉത്പന്നം വാങ്ങിയാൽ നിങ്ങൾ അയാളിൽ നിന്ന് അയാൾക്ക് അടുപ്പമുള്ള ഏതാനും ആളുകളുടെ പേരും വിലാസവും ഫോൺ നമ്പറും വാങ്ങിക്കുന്നു. പിന്നീട് നിങ്ങൾ അവരെ ഫോണിലോ നേരിട്ടോ ബന്ധപ്പെട്ട് അവർക്ക് വളരെ വേണ്ടപ്പെട്ട വ്യക്തി ഈ ഉത്പന്നം വാങ്ങിയിട്ടുണ്ട്, നിങ്ങൾക്കും ഒന്ന് വാങ്ങി നോക്കാവുന്നതാണ് എന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നു. അതിൽ ഒന്നോ രണ്ടോ പേരെങ്കിലും നിങ്ങളിൽ നിന്ന് ആ ഉത്പന്നം വാങ്ങിയിരിക്കും.

അതുപോലെ, ഒരു ഉപഭോക്താവിന് നിങ്ങൾ ഒരു സേവനം നൽകി. നിങ്ങൾ അത് അദ്ദേഹത്തിൻ്റെ സമ്മതത്തോടെ അദ്ദേഹത്തിൻ്റെ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളെല്ലാം കാണുന്ന വിധം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. സ്വാഭാവികമായും അത് കാണുന്ന ചിലരെങ്കിലും നിങ്ങളെ ബന്ധപ്പെട്ട് ആ ഉത്പന്നം വാങ്ങിയിരിക്കും. റെഫെറൽ സിസ്റ്റം പോലെയുള്ളവ ഇതിന് ഉദാഹരണമാണ്.

ഒരു വ്യക്തിയിൽ അയാളുടെ വേണ്ടപ്പെട്ടവർക്കുള്ള വിശ്വാസവും അയാൾ എടുത്ത തീരുമാനം ഒരിക്കലും പിഴക്കില്ല എന്ന ധാരണയുമാണ് ഇവിടെ കൂടുതലായും പ്രവർത്തിക്കുന്നത്. ഈ രീതിയിൽ ഓരോ കസ്റ്റമറിനെയും ഉപയോഗപ്പെടുത്തി കൂടുതൽ കൂടുതൽ ആളുകളിലേക്കെത്തി ചേരാൻ സാധിക്കും.

2. The Many

എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ ചെയ്യാനും എല്ലാവരും വാങ്ങുന്ന സാധനങ്ങൾ തന്നെ വാങ്ങാനുമുള്ള പ്രവണത ആളുകളിൽ വളരെ കൂടുതലാണ്. എപ്പോഴും house full ആയി ഓടുന്ന സിനിമക്ക് പോകാനും, ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകങ്ങൾ വാങ്ങാനും, ഏറ്റവും കൂടുതൽ സർക്കുലേഷനുള്ള പത്രം വാങ്ങാനും, ഇന്റർനെറ്റിൽ നോക്കി ഏറ്റവും കൂടുതൽ ആളുകൾ നല്ല അഭിപ്രായമിട്ട റിസോർട്ടിൽ ചെന്ന് താമസിക്കാനും, ഏറ്റവും കൂടുതൽ വിറ്റു പോകുന്ന സ്മാർട്ട് ഫോൺ വാങ്ങാനും, ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനുമാണ് നമുക്ക് താല്പര്യം.

ഇങ്ങനെ ഏറ്റവും കൂടുതൽ ആളുകൾ നിങ്ങളുടെ ഉത്പന്നം ഉപയോഗിക്കുന്നു എന്ന വാർത്ത പ്രചരിപ്പിച്ചുകൊണ്ട് കൂടുതൽ ആളുകളെ നിങ്ങളുടെ ഉത്പന്നത്തിലേക്ക് ആകർഷിക്കാൻ സാധിക്കും. മലയാള മനോരമ പത്രമാണ് ഈ ടെക്നിക്ക് ഏറ്റവും സമർത്ഥമായി ഉപയോഗിച്ചിട്ടുള്ളത്. തങ്ങളുടെ സർക്കുലേഷനിലെ വർദ്ധന പരസ്യമാക്കിക്കൊണ്ടാണ് അവർ സർക്കുലേഷൻ ഇത്രയും വർദ്ധിപ്പിച്ചത്. അമേസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ ശൃംഖലകളും ഇത് നന്നായി പ്രയോജനപ്പെടുത്താറുണ്ട്. നിങ്ങൾ ഓൺലൈനിൽ ഒരു ഉത്പന്നം വാങ്ങിയാൽ ഉടനെ ഇത് വാങ്ങിയവരെല്ലാം ഇവ കൂടി വാങ്ങിയിട്ടുണ്ട് എന്ന രീതിയിൽ വരുന്ന സന്ദേശങ്ങൾ ഇതിനുദാഹരണമാണ്.

3. The Famous

പ്രശസ്തരായ ആളുകളെ അനുകരിക്കാനുള്ള പ്രവണതയും ഇന്ന് വളരെ കൂടുതലാണ്. പ്രത്യേകിച്ച് യുവതലമുറക്കിടയിൽ. ഇഷ്ടതാരത്തിൻ്റെ ഹെയർ സ്റ്റൈൽ മുതൽ ഭക്ഷണശീലങ്ങൾ വരെ നമ്മളിൽ പലരും അനുകരിക്കാറുണ്ട്. ഷാരൂഖ് ഖാൻ ഉപയോഗിക്കുന്ന സോപ്പും, അമീർ ഖാൻ ഉപയോഗിക്കുന്ന വാച്ചും, ഋത്വിക് റോഷൻ ഉപയോഗിക്കുന്ന സ്യൂട്ടുമെല്ലാം ഉപയോഗിക്കുന്നത് അഭിമാനമായും അന്തസ്സായും കാണുന്നവരാണ് നമ്മിൽ പലരും.

പരീക്ഷയിൽ ദേശീയതലത്തിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി ഉപയോഗിക്കുന്നത് തങ്ങളുടെ കമ്പനിയുടെ പേനയാണെന്നും, വിംബിൾഡൺ നേടിയ ടെന്നീസ് താരം ഉപയോഗിക്കുന്നത് തങ്ങളുടെ ഹെൽത്ത് ടോണിക്കാണെന്നും, പാമ്പൻ പാലം പൊളിഞ്ഞു വീഴാതെ കാത്തു സൂക്ഷിക്കുന്നത് തങ്ങളുടെ സിമന്റാണെന്നുമെല്ലാം ഓരോ കമ്പനിക്കാർ അവകാശപെടുന്നത് ഇക്കാരണത്താലാണ്. കോർപറേറ്റുകൾ കോടികൾ പ്രതിഫലം നൽകി സെലിബ്രിറ്റികളെ കൊണ്ട് തങ്ങളുടെ ഉത്പന്നം endorse ചെയ്യിക്കുന്നതും ഇതിനാലാണ്. മോഹൻലാലിൻ്റെ പ്രൗഢി ലഭിക്കാൻ വേണ്ടി MCR മുണ്ടും, മമ്മൂട്ടിയുടെ സൗന്ദര്യം ലഭിക്കാൻ വേണ്ടി ഇന്ദുലേഖ ബ്യൂട്ടി സോപ്പും, അമിതാബ് ബച്ചൻ്റെ പ്രസരിപ്പുണ്ടാകുവാൻ വേണ്ടി ഡാബർ ച്യവനപ്രാശവും വാങ്ങി ഉപയോഗിക്കാൻ നമുക്ക് യാതൊരു മടിയുമില്ല.

ഈ രീതിയിൽ നിങ്ങളുടെ ഉത്പന്നം ഉപയോഗിക്കുന്നത് കൊണ്ട് ലഭിക്കുന്ന benefit നെ ഏതെങ്കിലും പ്രശസ്തരായ ആളുകളുടെ ചില പ്രത്യേക ഗുണങ്ങളുമായി നിങ്ങൾക്ക് ബന്ധെപ്പെടുത്തിക്കാണിക്കാൻ സാധിച്ചാൽ നിങ്ങളുടെ ഉത്പന്നം നിങ്ങൾക്ക് വളരെ പെട്ടെന്ന് വിറ്റഴിക്കാൻ സാധിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷെഫ് ആയ സഞ്ജീവ് കപൂർ ഉപയോഗിക്കുന്നത് Khazana എന്ന മസാല ബ്രാൻഡും Leonardo എന്ന ഓയിൽ ബ്രാന്ഡുമാണെന്ന രീതിയിലുള്ള വാർത്തകൾ ആ രണ്ട് കമ്പനികൾക്കും എത്രയേറെ ഫലം ചെയ്തു എന്നത് നാം കണ്ടതാണ്.

ചില സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാതാക്കൾ സൗന്ദര്യ മത്സരത്തിൽ വിജയിക്കാൻ സാധ്യതയുള്ള വരെ നേരത്തെ കണ്ടെത്തി തങ്ങളുടെ സൗന്ദര്യത്തിൻ്റെ രഹസ്യം ഈ കമ്പനിയുടെ ഉത്പന്നങ്ങളാണെന്ന് പറയിപ്പിക്കുന്നതും ഇതിനുവേണ്ടിയാണ്. ഇത് പോലെ നിങ്ങളുടെ ഉത്പന്നം ഉപയോഗിച്ചതിലൂടെ മികച്ച നേട്ടം കൈവരിച്ച ആളുകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതും നിങ്ങളുടെ ബിസിനസ്സിന് വളരെയധികം ഗുണം ചെയ്യും.

മേൽപറഞ്ഞ മൂന്ന് തരം അനുകരണ സ്വഭാവങ്ങളെയും കൃത്യമായി പ്രയോജനപ്പെടുത്തിയാൽ നിങ്ങളുടെ ഉത്പന്നം നിങ്ങൾ വിചാരിക്കുന്നതിലും എളുപ്പത്തിൽ ഉപഭോക്താക്കളിലേക്കെത്തിക്കാൻ സാധിക്കും.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share