ബിസിനസ്സ്‌ പ്രൊപോസൽ തയ്യാറാക്കേണ്ടതെങ്ങനെ?

How to write a Business Proposal?

ലോൺ ലഭിക്കുന്നതിനോ നിക്ഷേപകരെ ആകർഷിക്കുന്നതിനോ വേണ്ടി നിങ്ങളുടെ ബിസിനസ്സിനെയും അതിൻ്റെ സാധ്യതകളെയും പരിചയപ്പെടുത്തുന്ന ഒരു ബിസിനസ്സ്‌ പ്രൊപ്പോസൽ തയ്യാറാക്കേണ്ടത്‌ എങ്ങനെ എന്ന് നോക്കാം.

ഒരു ബിസിനസ് പ്രൊപ്പോസലിൽ താഴെ പറയുന്ന ഘടകങ്ങൾ ഇനി പറയാൻ പോകുന്ന അതേ ക്രമത്തിൽ ഉണ്ടായിരിക്കേണ്ടതാണ്‌.

1. Executive Summary

നിങ്ങളുടെ കമ്പനിയെയും നിങ്ങളുടെ ഉൽപന്നങ്ങളെയും/സേവനങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒന്നോ രണ്ടോ പുറത്തിൽ കവിയാത്ത ഒരു സംക്ഷിപ്ത രൂപം ആദ്യമേ നൽകണം. നിങ്ങളുടെ കമ്പനിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും, നിങ്ങളുടെ Vision, Mission, Objectives എന്നിവയും ഈ ഭാഗത്ത്‌ ഉൾപ്പെടുത്തേണ്ടതാണ്‌.

2. Introduce your Product / Service

ആദ്യം ഉപഭോക്താക്കളുടെ എന്ത്‌ ആവശ്യത്തെയാണ്‌ നിങ്ങൾ നിങ്ങളുടെ ഉൽപന്നങ്ങൾ/സേവനങ്ങൾ വഴി നിവൃത്തിക്കാൻ പോകുന്നതെന്ന് എടുത്തു പറയണം. നിങ്ങളുടെ ഉൽപന്നങ്ങളുടെ/സേവനങ്ങളുടെ ഇപ്പോഴത്തെ കമ്പോള സാഹചര്യങ്ങളെയും ഭാവിയിലെ വ്യാപാര സാധ്യതകളെയും കുറിച്ച്‌ പ്രതിപാദിക്കണം. ഇവ വളരെ വ്യക്തമായി പ്രതിഫലിക്കുന്ന ഗ്രാഫുകളും, ചാർട്ടുകളും, ഇൻഫോഗ്രാഫിക്സുകളും മറ്റും യഥോചിതം ഉപയോഗിക്കുക.

3. Target Market

നിങ്ങളുടെ ഉൽപത്തിൻ്റെ/സേവനങ്ങളുടെ ഗുണഭോക്താക്കൾ ആരെല്ലാമാണ്‌? നിങ്ങൾ ആരെ ഉദ്ദേശിച്ചാണ്‌ ഈ ഉൽപന്നം/സേവനം വിപണിയിലിറക്കാൻ ഉദ്ദേശിക്കുന്നത്‌? അവരുടെ പ്രായം, ജീവിതരീതികൾ, വരുമാനം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തണം. ഏതെല്ലാം സ്ഥലങ്ങൾ/ഭൂപ്രദേശങ്ങളിലാണ് നിങ്ങൾ ശ്രദ്ധ പതിപ്പിക്കാനുദ്ദേശിക്കുന്നത്‌? തുടങ്ങിയ വിഷയങ്ങൾ വ്യക്തമായി അവതരിപ്പിക്കണം. ഗ്രാഫുകളും, ചാർട്ടുകളും, ഇൻഫോഗ്രാഫിക്സുകളും മറ്റും യഥോചിതം ഉപയോഗിക്കുക.

4. Competitors

ഈ ബിസിനസ്സിൽ നിങ്ങളുടെ എതിരാളികൾ ആരൊക്കെ? എത്ര കമ്പനികൾ ഇതേ പ്രൊഡക്ട്‌ /സർവ്വീസുമായി രംഗത്തുണ്ട്‌? അവരുടെ strengths എന്തൊക്കെ? അവരുടെ weakness എന്തൊക്കെ? അവരെ അപേക്ഷിച്ച്‌ നിങ്ങൾക്കുള്ള പ്രത്യേകതകൾ എന്തൊക്കെ? നിങ്ങൾക്ക്‌ ആ വിപണിയിൽ എങ്ങനെ വിജയിക്കാൻ സാധിക്കും? എന്നീ കാര്യങ്ങൾ തെളിവുകൾ നിരത്തി വസ്തുനിഷ്ഠമായ രീതിയിൽ വിവരിക്കണം.

5. Human Resources

നിങ്ങൾക്ക്‌ എത്ര man power വേണ്ടിവരും? ഓരോ തസ്തികകൾക്കും വേണ്ട യോഗ്യതകൾ എന്തൊക്കെ? വേതനം/ശമ്പള ഇനത്തിൽ ഒരു മാസം എത്ര രൂപ ചെലവ്‌ വരും? അവർക്കുള്ള മറ്റു ആനുകൂല്യങ്ങൾ എന്തൊക്കെ? തുടങ്ങിയ വിഷയങ്ങളെല്ലാം ഗൗരവപൂർവ്വം വിലയിരുത്തി വളരെ വ്യക്തമായി അവതരിപ്പിക്കണം.

6. Vendors & Supplies

നിങ്ങൾക്ക്‌ അസംസ്കൃത വസ്തുക്കളോ ഉപകരണങ്ങളോ പുറമേ നിന്ന് വാങ്ങേണ്ടതുണ്ടോ? അങ്ങനെയാണെങ്കിൽ അവ എന്തെല്ലാമാണ്‌? അവ ഓരോന്നും എവിടെ നിന്നാണ്‌ / ആരിൽ നിന്നാണ്‌ വാങ്ങാൻ ഉദ്ദേശിക്കുന്നത്‌? അതിൽ ഒറ്റത്തവണ മാത്രം വാങ്ങേണ്ടി വരുന്നവ (Fixed Capital) എന്തൊക്കെ? സ്ഥിരമായി വാങ്ങിക്കൊണ്ടിരിക്കേണ്ടവ (Variable Capital) എന്തൊക്കെ? എന്നീ വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കണം.

7. Marketing Plan

നിങ്ങളുടെ ഉൽപന്നങ്ങൾ / സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ നിങ്ങൾ എന്ത്‌ സ്ട്രാറ്റജിയാണ്‌ പ്രയോഗിക്കാൻ പോകുന്നത്‌? നിങ്ങളുടെ ആശയം, സന്ദേശം നിങ്ങൾ ഏത്‌ വിധത്തിലാണ്‌ ജനങ്ങളിലേക്കെത്തിക്കാൻ പോകുന്നത്‌? ഏതെല്ലാം മാധ്യമങ്ങളാണ്‌ നിങ്ങൾ ഇതിനായി ഉപയോഗിക്കാൻ പോകുന്നത്‌? പരസ്യത്തിനായി (വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ) എത്ര രൂപയാണ്‌ വകയിരുത്താനുദ്ദേശിക്കുന്നത്‌? മൊത്തം മാർക്കറ്റിംഗ്‌ ചെലവുകളുടെ എത്ര ശതമാനമാണ്‌ നിങ്ങൾ ഓരോ മാധ്യമത്തിനുമായി വകയിരുത്താൻ പോകുന്നത്‌? തുടങ്ങിയ കാര്യങ്ങൾ വസ്തുനിഷ്ഠമായ പഠനത്തിൻ്റെയും പഴുതടച്ച ആസൂത്രണത്തിൻ്റെയും അടിസ്ഥാനത്തിൽ കൃത്യമായി വിവരിക്കണം.

8. Operations

നിങ്ങൾ നിങ്ങളുടെ സ്ഥാപനം എങ്ങനെയാണ്‌ Run ചെയ്യാൻ പോകുന്നത്‌? ഏറ്റവും ചെലവ്‌ കുറഞ്ഞതും കുറ്റമറ്റതുമായ രീതിയിൽ എങ്ങനെ നിങ്ങളുടെ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾ മുമ്പോട്ട്‌ കൊണ്ടു പോകാൻ സാധിക്കും? ഉൽപാദന പ്രക്രിയയിലും അസംസ്കൃത വസ്തുക്കളുടെ ഉപയോഗത്തിലും മറ്റും നിങ്ങൾ ഏത്‌ രീതി/ശൈലിയാണ്‌ പിൻപറ്റാൻ പോകുന്നത്‌? സ്ഥാപനവുമായി ബന്ധപ്പെട്ട വിഭവങ്ങൾ ഏത്‌ രീതിയിലാണ്‌ ഉപയോഗപ്പെടുത്താൻ പോകുന്നത്‌? തുടങ്ങിയ വിഷയങ്ങളെല്ലാം ഗൗരവപൂർവ്വം വിലയിരുത്തി വളരെ വ്യക്തമായി അവതരിപ്പിക്കണം.

9. Financial Projections

ഈ സ്ഥാപനം/കമ്പനി പ്രവർത്തിച്ച്‌ തുടങ്ങാൻ എത്ര രൂപയാണ്‌ വേണ്ടത്‌? വളർച്ചയുടെ ഓരോ ഘട്ടത്തിലും എത്ര രൂപയാണ്‌ നിങ്ങൾ ഇതിലേക്ക്‌ മുതലിറക്കാൻ ഉദ്ദേശിക്കുന്നത്‌? (ഇതിന്‌ ഘട്ടം ഘട്ടമായുള്ള ഒരു പഞ്ചവത്സര പദ്ധതി തയ്യാറാക്കി അവതരിപ്പിക്കണം). ഇതിന്‌ ഏതെല്ലാം രീതിയിലാണ്‌ നിങ്ങൾ ഫണ്ട്‌ കണ്ടെത്താൻ പോകുന്നത്‌? സർക്കാരിൽ നിന്ന് നിങ്ങൾക്ക്‌ എന്തെങ്കിലും ധനസഹായമോ, ഗ്രാൻ്റ്, സബ്‌സിഡി എന്നിവയോ കിട്ടാനിടയുണ്ടോ? മുടക്കു മുതൽ എത്രകാലം കൊണ്ട്‌ തിരിച്ചു പിടിക്കാൻ സാധിക്കും. (ഇതിനും ഘട്ടം ഘട്ടമായുള്ള ഒരു പഞ്ചവത്സര പദ്ധതിയോ ദശാബ്ധ പദ്ധതിയോ തയ്യാറാക്കി നൽകണം). കമ്പനിയുടെ കടബാധ്യതകൾ എത്ര കാലം കൊണ്ട്‌ വീട്ടിത്തീർക്കാൻ സാധിക്കും? കടം നൽകുന്നവർക്ക്‌ / നിക്ഷേപകർക്ക്‌ ഈ കമ്പനിയിൽ നിന്ന് എന്ത്‌ തിരിച്ചു കിട്ടും? എത്ര സമയത്തിനുള്ളിൽ കിട്ടും? തുടങ്ങിയ കാര്യങ്ങൾ ഗ്രാഫുകളും, ചാർട്ടുകളും, ഇൻഫോഗ്രാഫിക്സുകളും മറ്റും യഥോചിതം ഉപയോഗിച്ച് കൃത്യതയോടും വ്യക്തതയോടും കൂടി അവതരിപ്പിക്കുക.

10. Summary

മേൽപറഞ്ഞ എല്ലാ കാര്യങ്ങളുടെയും ഒരു പുറത്തിലൊതുങ്ങുന്ന ഒരു സംക്ഷിപ്ത രൂപമാണ് Summary. നിങ്ങളുടെ ബിസിനസ്സിൻ്റെ വിജയസാധ്യതകൾ ഊന്നിപ്പറയുക. ശോഭനവും പ്രതീക്ഷാനിർഭരവുമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു വെക്കുക. പോസിറ്റിവ്‌ നോട്ടിൽ കാര്യങ്ങൾ പറഞ്ഞവസാനിപ്പിക്കുക.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer #business #proposal #project_report

Share