ഇന്ത്യയുടെ മുഖം മിനുക്കിയ സംരംഭക

Ambika Pillai

അനന്തപുരിയുടെ മടിത്തട്ടിൽ നിന്ന് ഫാഷൻ ലോകത്തിൻ്റെ നെറുകയിലേക്ക് ചുവടു വച്ച ബ്യൂട്ടി ബിസിനസ്‌ ടൈക്കൂൺ ആണ് അംബിക പിള്ള. ഹെയർ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ഇന്ത്യക്ക് അകത്തും പുറത്തും Advertising Campaigns, Catwalk Shows, Fashion Shows, Reality Shows തുടങ്ങിയവയിൽ സജീവസാന്നിധ്യം കൂടിയാണ് ഇവർ. നിരവധി ബോളിവുഡ്, ഹോളിവുഡ് താരങ്ങളുടെ പ്രിയങ്കരിയായ ഹെയർ സ്റ്റൈലിസ്റ്റ്….

പഠനത്തോടുള്ള വിരക്തിയാൽ സ്കൂൾ വിദ്യാഭ്യാസം പോലും ശരിക്ക് പൂർത്തിയാക്കാൻ കഴിയാതിരുന്ന ഒരു പെൺകുട്ടി. വേറൊന്നും ചെയ്യാൻ ഇല്ലാത്തതിനാൽ 17ആം വയസ്സിൽ വിവാഹം കഴിക്കാൻ തീരുമാനിച്ച ആ പെൺകുട്ടി, എങ്ങനെയാണ് ബ്യൂട്ടി ഇൻഡസ്ട്രിയിൽ സ്വന്തം പേര് തന്നെ ഒരു ബ്രാൻഡ് ആകുന്ന സ്വപ്നതുല്യമായ നേട്ടത്തിലേക്ക് റാംപ്-വാക്ക് നടത്തിയത്..?

കൊല്ലം ജില്ലയിലെ ഒരു കശുവണ്ടി വ്യാപാരി ആയിരുന്ന അച്ഛൻ ഗോപിനാഥ പിള്ള ഒരിക്കലും അംബിക ഒരു സംരംഭക ആയിത്തീരുമെന്ന് കരുതിയിരുന്നില്ല. വിവാഹശേഷം കൽക്കട്ടയിലേക്ക് പോയ അംബികക്ക് വിവാഹജീവിതം അത്ര സുഖകരമായ ഒന്നായി മാറിയില്ല. ആ അവസ്ഥയിൽ നിന്നൊരു മാറ്റത്തിനു വേണ്ടി അവർ ആഗ്രഹിച്ചു.

അങ്ങനെ അവർ ഡൽഹിയിൽ ഒരു വ്യത്യസ്തമായ ബ്യൂട്ടി സലൂൺ എന്ന ആശയത്തിലേക്ക് എത്തുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്തു. എന്നാൽ ഒന്നിന് പുറകെ ഒന്നായി എത്തിയ പരാജയങ്ങൾ ആദ്യം അവരെ തളർത്തി. രണ്ടാമത്തെ വിവാഹവും താളം തെറ്റിയപ്പോൾ ഏക മകൾ കവിതക്ക് വേണ്ടി മാത്രമായി ജീവിക്കാൻ തീരുമാനിച്ച അവരെ ഫാഷൻ ലോകം കൈവിട്ടില്ല. നിരന്തരമായ പരിശ്രമങ്ങളിലൂടെ അവർ 1990കളിൽ ‘വിഷൻസ് ബൈ അംബിക’ എന്ന പേരിൽ സ്വതന്ത്രമായി ഒരു സ്ഥാപനം കെട്ടിപ്പടുക്കുക തന്നെ ചെയ്തു.

ബോളിവുഡിൻ്റെ ലൈംലൈറ്റിൽ അന്ന് ഉണ്ടായിരുന്ന ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും അംബികയുടെ കൈകളാണ് ചമയമൊരുക്കിയത്. ഐശ്വര്യ റായ്, സുഷ്മിത സെൻ മുതൽ ബിപാഷ ബസു വരെ നിരവധി പെണ്ണഴകുകൾക്ക് മോടി പകർന്നത് അംബിക തന്നെ. എന്നാൽ, ഇക്കാലത്തൊന്നും തന്നെ കേരളത്തിൽ അവർ അറിയപ്പെടുന്ന ഒരു വ്യക്തിത്വം ആയിരുന്നില്ല.

വർഷങ്ങൾക്ക് ശേഷം 2013 ൽ അവർ മഴവിൽ മനോരമയിലെ ‘മിടുക്കി’ എന്ന പരിപാടിയിലെ വിധികർത്താവായി കേരളത്തിലെത്തി. ഉത്തരേന്ത്യയിൽ ചിരപരിചിതയായിരുന്ന എന്നാൽ മലയാളികൾക്ക് ഒട്ടുമേ അടുത്തറിയാൻ കഴിയാതിരുന്ന അവരെ പതിയെ മലയാളി യുവത്വം നെഞ്ചേറ്റി. മലയാളി പെൺകുട്ടികളുടെ സൗന്ദര്യസങ്കൽപ്പങ്ങൾക്ക് ചിറകുകൾ നൽകുവാനെന്നോണം തിരുവനന്തപുരവും കൊച്ചിയും കേന്ദ്രമാക്കി അംബിക പിള്ള കേരളത്തിൽ സലൂണുകൾ ആരംഭിച്ചു. പ്രതീക്ഷകൾക്ക് അതീതമായി വമ്പൻ പ്രതികരണമാണ് ഇവിടെ നിന്ന് ഉണ്ടായത്.

പതിയെ ഇന്ത്യയിൽ അങ്ങോളമിങ്ങോളം അംബിക പിള്ള എന്ന ബ്രാൻഡ് സ്വന്തം സലൂണുകൾ ആരംഭിച്ചു. ‘ഖേത്ര’ എന്ന പേരിൽ ഇന്ന് ആഗോള അടിസ്ഥാനത്തിൽ ഇവർ സൗന്ദര്യ വർദ്ധകവസ്തുക്കൾ വിപണിയിൽ എത്തിക്കുന്നുണ്ട്.

ഫാഷന്‍ രംഗത്തെ ഓരോ മാറ്റങ്ങളും ഇന്ന് അംബിക പിള്ളയുടെ കൈകളിലൂടെയാണ് കടന്നു പോകുന്നത്. ചമയത്തിലും കേശാലങ്കാരത്തിലും നിരവധി പുതുമകൾ പരിചയപ്പെടുത്തിയ അംബിക തൻ്റെ ബ്രാന്‍ഡ് ബില്‍ഡിംഗിനായി യൂട്യൂബ്, സോഷ്യല്‍ മീഡിയ, ടിവി എന്നിവയുടെ അനന്തസാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഫാഷൻ ലോകത്തെ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ അംബിക പിള്ളയുടെ വിജയരഹസ്യം ഇതാണ് – “എല്ലാ കാര്യങ്ങളും ശുഭാപ്തി വിശ്വാസത്തോടെ ചെയ്യുക. എപ്പോഴും പോസിറ്റീവായിരിക്കുക.”

ട്രെൻഡിൻ്റെയും ഗ്ലാമറിൻ്റെയും ലോകത്തേക്ക് ഫാഷൻ്റെ കൈപിടിച്ച് ചുവടുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് അംബിക പിള്ളയും അവരുടെ ജീവിതവും തീർച്ചയായും ഒരു ഇൻസ്പിറേഷൻ ആണ്. പരാജയങ്ങളിൽ പതറാതെ മുന്നോട്ട് പോകാൻ ഉള്ള പ്രചോദനം…..!!

©️ ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #management #Business_Management #businesssuccesstips #ambika_pillai #fashion #fashionable #makeup #makeupartist #makeuptutorial #entrepreneur #entrepreneurship #stories #success #startup

Share