ബിസിനസ്സുകാർക്ക്‌ കൃത്യമായി നികുതി അടക്കുന്നത്‌ കൊണ്ടുള്ള ഗുണങ്ങൾ

advantages of paying taxes for business people

ഒരു രാജ്യത്തെ നിശ്ചിതവരുമാന രേഖക്ക്‌ മുകളിലുള്ള എല്ലാ പൗരന്മാരും നികുതി അടക്കണം. അതിലും ബിസിനസ്സുകാർ തങ്ങളടക്കേണ്ട നികുതികളെല്ലാം കൃത്യമായി അടക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌.

ബിസിനസ്സുകാർക്ക്‌ കൃത്യമായി നികുതി അടക്കുന്നത്‌ കൊണ്ട്‌ ധാരാളം ഗുണങ്ങൾ ഉണ്ട്‌. അവ എന്തെല്ലാമാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. Easy availability of Loans & Credits

ബിസിനസ്സ്‌ വിപുലീകരണത്തിനോ ബിസിനസ്സ്‌ ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങളോ വാഹനങ്ങളോ വാങ്ങിക്കുന്നതിനോ ഒക്കെ ലോണിനപേക്ഷിക്കുമ്പോൾ കഴിഞ്ഞ അഞ്ച്‌ വർഷത്തെ നികുതിയടവിൻ്റെ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്‌. കൃത്യമായി നികുതി അടക്കുന്ന ബിസിനസ്സുകാർക്ക്‌ ബാങ്ക്‌ വായ്പകളും മറ്റു ആനുകൂല്യങ്ങളും കിട്ടാൻ എളുപ്പമാണ്‌. നികുതിയടവിൽ വീഴ്ച്ച വരുത്താത്ത സംരംഭകർക്ക്‌ എല്ലാ ദേശസാൽകൃത ബാങ്കുകളിൽ നിന്നും കുറഞ്ഞ പലിശക്കിൽ ലോൺ ലഭിക്കും. നികുതി അടക്കാത്തവർക്ക്‌ പണത്തിനൊരു അത്യാവശ്യം വന്നാൽ കൊള്ളപ്പലിശക്ക്‌ കടമെടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല.

2. Can avail insurance coverage

നിങ്ങളുടെ ബിസിനസ്സ്‌ സ്ഥാപനമോ അതുമായി ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളോ ഇൻഷൂർ ചെയ്യണമെങ്കിൽ നികുതിയടച്ച രേഖകൾ അത്യാവശ്യമാണ്‌. അമ്പത്‌ ലക്ഷത്തിനോ അതിന്‌ മുകളിലോ ഉള്ള ഇൻഷുറൻസ്‌ പോളിസികൾ എടുക്കുന്നതിന്‌ നികുതിയടച്ച രേഖകൾ സമർപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. മാത്രമല്ല, ബിസിനസ്സുകാർക്ക്‌ ഇൻഷുറൻസ്‌ തുക ക്ലെയിം ചെയ്യുന്നതിനും നികുതി സംബന്ധമായ രേഖകൾ നൽകേണ്ടതുണ്ട്‌. നികുതിയിൽ വീഴ്ച്ച വരുത്തിയിരിക്കുന്ന പക്ഷം ക്ലെയിം കിട്ടാതിരിക്കാനോ കിട്ടാൻ താമസിക്കാനോ ഇടയുണ്ട്‌.

3. Can participate in government tenders

ഗവൺമന്റ്‌ ടെൻഡറുകളിലും മറ്റും പങ്കെടുക്കാൻ കഴിഞ്ഞ അഞ്ച്‌ വർഷത്തെ നികുതിയടച്ച രേഖകൾ സമർപ്പിക്കേണ്ടതുണ്ട്‌. കമ്പനിയുടെ സാമ്പത്തിക സ്ഥിരതയും വിശ്വാസ്യതയും പരിശോധിക്കുന്നതിനാണ്‌ ഇത്‌. നികുതി കൃത്യമായി അടച്ചതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാത്ത പക്ഷം നിങ്ങളുടെ ടെൻഡർ നിരാകരിക്കപ്പെടാൻ സാധ്യതയുണ്ട്‌. അതു പോലെ, നികുതിയടവിൽ അതുവരെ യാതൊരു പാകപ്പിഴവും വരുത്താത്തവർക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ ആ ടെൻഡർ കിട്ടാനുള്ള സാധ്യതയും വളരെ കൂടുതലാണ്‌. നികുതി അടക്കുക എന്നത്‌ ഒരു സംരംഭകൻ്റെ credibilityയുടെ അളവുകോലാണ്‌.

4. Hassle-Free Visa Processing

ബിസിനസ്സ്‌ സംബന്ധമായ ആവശ്യങ്ങൾക്കോ വിസിറ്റിംഗിനോ മറ്റുമായി യു.എസ്‌.എ, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്യണമെങ്കിൽ സ്വന്തം രാജ്യത്ത്‌ നികുതിയടച്ച രേഖകൾ സമർപ്പിക്കേണ്ടതുണ്ട്‌. ഈ രേഖകൾ കൂടാതെ ഇത്തരം രാജ്യങ്ങളിലേക്ക്‌ വിസ പോലും കിട്ടുകയില്ല. നിങ്ങൾ നിങ്ങളുടെ രാജ്യത്ത്‌ നിന്ന് നികുതി വെട്ടിപ്പ്‌ നടത്തി കടന്നു കളയാനല്ല ശ്രമിക്കുന്നത്‌ എന്ന് ഉറപ്പുവരുത്തുന്നതിനാണ്‌ ഇത്‌.

5. Enables foreign colloborations

വിദേശ കമ്പനികളുമായി Joint Venture, Exporting, FDI എന്നീ വാണിജ്യബന്ധങ്ങളിലേർപ്പെടാനും നികുതിയടച്ച രേഖകൾ അത്യാവശ്യമാണ്‌. വിദേശത്ത്‌ ഓഫീസ്‌ തുടങ്ങുക, ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങുക എന്നീ ആവശ്യങ്ങൾക്കും മാതൃരാജ്യത്ത്‌ നികുതിയടച്ച രേഖകൾ നിർബന്ധമാണ്‌.

6. Helps to attract investors

നികുതി അടച്ച രേഖ എന്നത്‌ ഒരു സംരംഭത്തിൻ്റെ വാർഷിക വരുമാനത്തിനും സമ്പദ്‌ വളർച്ചക്കുമുള്ള ഏറ്റവും വലിയ തെളിവാണ്‌. അതു കൊണ്ട്‌ നിക്ഷേപകരെ ആകർഷിക്കാനും മറ്റേതെങ്കിലും കമ്പനിയുമായി ലയനത്തിലേർപ്പെടാനുമെല്ലാം നികുതിയടച്ച രേഖകൾ അത്യാവശ്യമാണ്‌. നിങ്ങളുടെ കമ്പനി സ്റ്റോക്ക്‌ മാർക്കറ്റിൽ ലിസ്റ്റ്‌ ചെയ്യപ്പെടാനും പബ്ലിക്‌ ഇഷ്യു (Initial Public Offering) പോലുള്ള ആവശ്യങ്ങൾക്കും നികുതി കുടിശ്ശികകൾ തീർത്തിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

7. Gives you peace of mind and focus

നികുതികൾ കൃത്യമായി അടച്ചു തീർത്താൽ നിങ്ങൾക്ക്‌ മറ്റു ആകുലതകളൊന്നുമില്ലാതെ ബിസിനസ്സിൽ ശ്രദ്ധ ചെലുത്താൻ സാധിക്കും. നിങ്ങളുടെ മനസ്സിന്‌ സ്വസ്ഥതയും സമാധാനവുമുണ്ടാകും. നികുതി വെട്ടിപ്പ്‌ നടത്തിയ ആളുകൾക്ക്‌ ഏത്‌ നിമിഷവും തങ്ങളുടെ കള്ളത്തരം പിടിക്കപ്പെടുമെന്നതോർത്ത്‌ ഭയാശങ്കകളുമായി കഴിയേണ്ടി വരും. അതുകൊണ്ട്‌ തന്നെ നികുതികൾ കൃത്യമായി അടക്കുന്ന കമ്പനികൾക്ക്‌ മറ്റുള്ളവയേക്കാൾ പലമടങ്ങ്‌ വളർച്ചയുമുണ്ടാകും. ഉദാ: മലബാർ ഗോൾഡ്‌, വി-ഗാർഡ്‌ ഗ്രൂപ്പ്‌. എന്നാൽ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പെട്ട്‌ പൂട്ടിപ്പോയ എത്രയോ കമ്പനികളും നമുക്ക്‌ ഉദാഹരണങ്ങളായുണ്ട്‌.

8. Safeguards your dignity and self respect

കൃത്യമായി നികുതിയടക്കുന്ന സംരംഭകർക്ക്‌ ആരുടെ മുന്നിലും ചെറുതാകേണ്ടി വരില്ല. അല്ലാത്തവർക്ക്‌ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാരുടെയും മറ്റും മുന്നിൽ ഓച്ഛാനിച്ച്‌ നിൽക്കേണ്ടി വരും.

9. Saves your valuable time and money

നികുതിയടവിൽ വീഴ്ച്ച വരുത്തിയ സംരംഭകർക്ക്‌ അത്‌ പിടിക്കപ്പെട്ടു കഴിഞ്ഞാൽ അതിന്‌ പരിഹാരം കാണാനും, ശുപാർശക്കാരെ തേടിപ്പിടിക്കാനും, ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുമൊക്കെയായി കുറേ സമയവും പണവും അനാവശ്യമായി ചെലവാക്കേണ്ടി വരും. അത്‌ അവരുടെ ബിസിനസ്സിനെ ബാധിക്കും. നികുതിയടവിൽ കൃത്യത പാലിക്കുന്നവർക്ക്‌ ഇത്തരം തലവേദനകൾ ഒന്നും തന്നെയില്ല.

10. Boosts up public image and trust

കൃത്യമായി നികുതിയടക്കുക എന്നത്‌ ഒരു സംരംഭകൻ്റെ സാമൂഹിക പ്രതിബദ്ധതയുടെ സൂചികയാണ്‌. കൃത്യമായി നികുതിബാധ്യതകൾ അടച്ചു തീർക്കുന്ന കമ്പനികൾക്ക്‌ ജനങ്ങളുടെ ഇടയിൽ നല്ല മതിപ്പും വിശ്വാസ്യതയും ഉണ്ടാകും. ഉദാ: കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ വ്യക്തിഗത ആദായ നികുതി അടക്കുന്ന സംരംഭകനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്കാരം കൊച്ചസേപ്പ്‌ ചിറ്റിലപ്പിള്ളിക്ക്‌ ലഭിച്ചത്‌ അദ്ദേഹത്തിൻ്റെ സ്ഥാപനമായ വി-ഗാർഡ്‌ ഗ്രൂപ്പിന്‌ ജനങ്ങളുടെ മനസ്സിൽ വിശ്വാസമുറപ്പിക്കാൻ വളരെയധികം സഹായിച്ചു.

അതിനാൽ ഇന്ന് തന്നെ കുടിശ്ശികയുള്ള നികുതിത്തുക അടച്ചു തീർക്കുക. തുടർന്നങ്ങോട്ടും കൃത്യമായി നികുതിയടക്കുക. അത് നിങ്ങൾക്ക് ഗുണമല്ലാതെ ഒരിക്കലും യാതൊരു ദോഷവും ചെയ്യില്ല.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share