ഏത്‌ തരം ജീവനക്കാരാണ്‌ ഒരു സ്ഥാപനത്തിന്‌ മുതൽകൂട്ടാകുന്നത്‌?

20-70-30 system by jack welch

ഏതൊരു സ്ഥാപനത്തിൻ്റെയും ഏറ്റവും വലിയ മൂലധനം അവിടുത്തെ മാനവവിഭവശേഷി തന്നെയാണ്‌. സ്ഥാപനത്തിനോട്‌ കൂറും പ്രതിബദ്ധതയുമുള്ള ജീവനക്കാരില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല. തൊഴിൽദാതാവിനോട്‌ നന്ദിയും ചെയ്യുന്ന ജോലിയിൽ ആത്മസമർപ്പണവുമുള്ള ഒരു ജീവനക്കാരൻ ആ സ്ഥാപനത്തിൻ്റെ ഏറ്റവും വിലപിടിപ്പുള്ള അസറ്റ്‌ (Asset) ആണ്‌. എന്നാൽ അതില്ലാത്ത ഒരു ജീവനക്കാരനാകട്ടേ, ആ സ്ഥാപനത്തിന്‌ വലിയൊരു ബാധ്യത (Liability)യുമാണ്‌.

ഏത്‌ തരം ജീവനക്കാരാണ്‌ ഒരു കമ്പനിക്ക്‌ മുതൽകൂട്ടാകുന്നത്‌? അത്തരം ജീവനക്കാരെ എങ്ങനെ തിരിച്ചറിയാം? എന്തെല്ലാം മാനദണ്ഡങ്ങൾ വെച്ചാണ്‌ തൊഴിലാളികളെ അളക്കേണ്ടത്‌?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്‌ ജനറൽ ഇലക്ട്രിക്കൽസിൻ്റെ സി.ഇ.ഒ ആയ ജാക്ക്‌ വെൽഷ്‌ (Jack Welch) ആവിഷ്കരിച്ച 20-70-10 സിസ്റ്റം. 1981 മുതൽ 2001 വരെ ജനറൽ ഇലക്ട്രിക്കൽസിൻ്റെ അമരത്തിരുന്നു കൊണ്ട്‌ ആ സ്ഥാപനത്തെ ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു ബ്രാൻഡാക്കി മാറ്റിയ പ്രതിഭാധനനായ ഒരു മാനേജ്‌മന്റ്‌ വിദഗ്ദനാണ്‌ ജാക്ക്‌ വെൽഷ്‌ എന്ന പേരിൽ അറിയപ്പെടുന്ന ജോൺ ഫ്രാൻസിസ്‌ വെൽഷ്‌ ജൂനിയർ. അദ്ദേഹം തൻ്റെ സ്ഥാപനത്തിലെ പ്രതിഭാധനനായ ജീവനക്കാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവതരിപ്പിച്ച ഒരു പുതിയ രീതിയായിരുന്നു 20-70-10 സിസ്റ്റം. ഇത്‌ Vitality Curve, Stack Ranking എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഈ സിസ്റ്റം നിലവിൽ വന്നതോട്‌ കൂടി 1981നും 2001നുമിടയിൽ ജനറൽ ഇലക്ട്രിക്കൽസിൻ്റെ വരുമാനത്തിൽ 28 മടങ്ങ്‌ വർദ്ധനവാണുണ്ടായത്‌. മാത്രമല്ല, 1981ൽ 13 ബില്ല്യൺ ഡോളർ ഉണ്ടായിരുന്ന ഈ കമ്പനിയുടെ വിപണി മൂല്യം 2001 ആയപ്പോഴേക്കും 400 ബില്ല്യൺ ഡോളർ ആയി വർദ്ധിക്കുകയും ചെയ്തു. അതോട്‌ കൂടി മോട്ടോറോള, ഐ.ബി.എം, യാഹൂ തുടങ്ങി ഒട്ടനവധി കമ്പനികൾ ഈ രീതി പിൻപറ്റാൻ തുടങ്ങി.

എന്താണ്‌ 20-70-10 സിസ്റ്റം?

1981ൽ ജാക്ക്‌ വെൽഷ്‌ ആവിഷ്കരിച്ച്‌ നടപ്പിലാക്കിയ ഈ സിസ്റ്റമനുസരിച്ച്‌ ഒരു സ്ഥാപനത്തിലെ / കമ്പനിയിലെ ജീവനക്കാരെ Top 20, Vital 70, Bottom 10 എന്നിങ്ങനെ 3 ആയി തരം തിരിക്കുന്നു.

അതായത്‌ ഒരു കമ്പനിയിലെ മൊത്തം ജീവനക്കാരിൽ 20 ശതമാനം ആളുകളായിരിക്കും ഏറ്റവും നന്നായി ജോലി ചെയ്യുന്നതും ഏറ്റവും മികച്ച റിസൾട്ട്‌ ഉണ്ടാക്കുന്നതും. ഇവരാണ്‌ ആ കമ്പനിയുടെ ചാലകശക്തികൾ. ഇവരെ Top 20 എന്ന് വിളിക്കുന്നു.

ബാക്കി വരുന്ന 80 ശതമാനത്തിൽ 70 ശതമാനം ആളുകൾ ശരാശരി നിലവാരം പുലർത്തുന്നവരായിരിക്കും. ഇവർ കാരണം കമ്പനിക്ക്‌ കാര്യമായി എന്തെങ്കിലും ഗുണമോ ദോഷമോ സംഭവിക്കുന്നില്ല. ഇവർ അംഗസംഖ്യയിൽ കൂടുതലായത്‌ കൊണ്ട്‌ ചെറുതെങ്കിലും ഇവരുടെ സേവനം ഒഴിവാക്കാനാവില്ല. അതിനാൽ ഇവരെ Vital 20 എന്ന് വിളിക്കുന്നു.

ബാക്കി വരുന്ന 10 ശതമാനം ആളുകളെക്കൊണ്ട്‌ കമ്പനിക്ക്‌ യാതൊരു പ്രയോജനവുമില്ല. അവർ പ്രൊഡക്റ്റിവിറ്റി തീരെ ഇല്ലാത്തവരായിരിക്കും. അവർ എല്ലാ ജോലികളും പിന്നത്തേക്ക്‌ മാറ്റിവെക്കുന്നവരായിരുക്കും. ഇവർ കാരണം മറ്റുള്ളവരുടെ പണികൂടി ബാധിക്കും. ഇവർ എല്ലാ അർത്ഥത്തിലും കമ്പനിക്ക്‌ ഒരു ബാധ്യതയായിരിക്കും.

ജാക്ക്‌ വെൽഷിൻ്റെ ഈ ആശയപ്രകാരം Top 20യിൽ ഉള്ളവരെ ശമ്പളക്കൂടുതൽ, സ്ഥാനക്കയറ്റം പോലുള്ള റിവാർഡുകൾ നൽകി ശാക്തീകരിക്കുകയും, Vital 70യിലുള്ളവരെ റിവാർഡുകളോ പിരിച്ചുവിടലോ ഇല്ലാതെ തന്നെ നിലനിർത്തിക്കൊണ്ടുപോവുകയും, അതേ സമയം Bottom 10ലുള്ളവരെ ഉടൻ പിരിച്ചുവിടുകയും വേണം.

ടോപ്‌ 20 ജീവനക്കാരുടെ പ്രത്യേകതകൾ എന്തൊക്കെ?

ജാക്ക്‌ വെൽഷിൻ്റെ അഭിപ്രായ പ്രകാരം ഒരു കമ്പനിയിലെ ഏറ്റവും മികച്ച ജീവനക്കാർ താഴെ പറയുന്ന ഗുണങ്ങളാൽ സമ്പന്നരായിരിക്കും.

1. Filled with Passion

ഇവർക്ക്‌ തങ്ങളുടെ തൊഴിലിനോടും സ്ഥാപനത്തോടും അടങ്ങാത്ത പാഷൻ ഉണ്ടായിരിക്കും. ഇവർക്ക്‌ ചെയ്യുന്ന ജോലിയിൽ അങ്ങേയറ്റം ആത്മാർത്ഥതയുണ്ടായിരിക്കും. ഇവർ ആരെയും ബോധിപ്പിക്കാൻ വേണ്ടി ജോലി ചെയ്യില്ല, മറിച്ച്‌ ആരുടെയും സൂപ്പർ വിഷൻ ഇല്ലാതെ തന്നെ ചെയ്യുന്ന ജോലി കൃത്യമായും ഏറ്റവും വെടിപ്പായും ചെയ്യും. ഇവരെ ആരും ഒന്നിനും നിർബന്ധിക്കേണ്ടതില്ല. ഇവർ എല്ലാം കണ്ടറിഞ്ഞു ചെയ്യും.

2. Committed to ‘making things happen’

തങ്ങൾ കാരണം കമ്പനിക്ക്‌ എന്തെങ്കിലും നല്ലത്‌ സംഭവിച്ചുകൊണ്ടേയിരിക്കണം എന്ന് ചിന്തിക്കുന്നവരായിരിക്കും ഇവർ. കമ്പനിയുടെ വളർച്ചക്ക്‌ വേണ്ടി തങ്ങളാൽ ഇനി എന്ത്‌ ചെയ്യാൻ സാധിക്കും എന്ന് നിരന്തരം ചിന്തിച്ചു കൊണ്ടും പ്രവർത്തിച്ചുകൊണ്ടുമിരിക്കുന്നവരായിരിക്കും ഇവർ. മറ്റാരെങ്കിലും മികച്ച ഒരു ആശയം നടപ്പിൽ വരുത്തിയാൽ അതിനെ നിഷ്പ്രഭമാക്കുന്ന രീതിയിൽ തങ്ങളെക്കൊണ്ട്‌ എന്ത്‌ ചെയ്യാൻ സാധിക്കും എന്നായിരിക്കും ഇവരുടെ ചിന്ത. ഇവർ ക്രിയാത്മകമായി ചിന്തിക്കുന്നവരും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ തയ്യാറുള്ളവരുമായിരിക്കും. കമ്പനിയുടെ വളരുന്നതിലൂടെയുള്ള സ്വന്തം ഉയർച്ചയായിരിക്കും ഇവരുടെ പരമമായ ലക്ഷ്യം.

3. Open to ideas from anywhere

ഇവർ ആരിൽ നിന്നും, ഏത്‌ ദിക്കിൽ നിന്നും ആശയങ്ങൾ സ്വീകരിക്കാൻ തയ്യാറുള്ളവരായിരിക്കും. ഇവർ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക്‌ ചെവി കൊടുക്കുന്നവരും അതിൽ നല്ല ആശയങ്ങൾ നടപ്പിലാക്കാൻ തയ്യാറുള്ളവരുമായിരിക്കും. ഇവർ സ്വന്തം നിലപാടിൽ പിടിവാശി കാണിക്കുന്നവരോ അനാവശ്യമായ ഈഗോ വച്ചു പുലർത്തുന്നവരോ അല്ല. ഇവർ സ്വന്തം തെറ്റുകൾ തിരിച്ചറിയുന്നവരും, തുറന്ന് സമ്മതിക്കുന്നവരും, തിരുത്തി മുമ്പോട്ട്‌ പോകാൻ തയ്യാറുള്ളവരുമായിരിക്കും.

4. Blessed with lot of ‘runways’ ahead of them

ഇവർ തങ്ങളുടെ വളർച്ചക്കുള്ള പാതകൾ സ്വയം കണ്ടെത്തി മുമ്പോട്ട്‌ പോകാൻ തയ്യാറുള്ളവരായിരിക്കും. ഇവർ എവിടെയെങ്കിലും കുറ്റിയടിച്ചു നിൽക്കാതെ എപ്പോഴും സ്വന്തം നില മെച്ചപ്പെടുത്തിക്കൊണ്ട്‌ മുമ്പോട്ട്‌ പോകാൻ താൽപര്യപ്പെടും. ഇവർ പുതിയ കാര്യങ്ങൾ പഠിക്കാനും സ്വയം നവീകരിക്കാനും മാറ്റങ്ങൾക്ക്‌ വിധേയപ്പെടാനും തയ്യാറുള്ളവരായിരിക്കും. തങ്ങളുടെ കർമ്മമേഖലയിലെ പുതിയ സാധ്യതകളും മികച്ച അവസരങ്ങളും കണ്ടെത്തി അവ കൈയെത്തിപ്പിടിക്കാൻ ആർജ്ജവം കാണിക്കുന്നവരായിരിക്കും ഇവർ. ഇവർ പുതിയ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും എറ്റെടുക്കാൻ തയ്യാറുള്ളവരായിരിക്കും.

5. Possess Charisma (the ability to energize themselves and others)

ഇവർക്ക്‌ വല്ലാത്തൊരു ആകർഷകശക്തിയുണ്ടായിരിക്കും. ഇവർ സദാ ഊർജ്ജസ്വലരും, പോസിറ്റിവ്‌ ആയി ചിന്തിക്കുന്നവരും, സ്വയം പ്രചോദിതരുമായിരിക്കും. മാത്രമല്ല, ഇവർ തങ്ങളുടെ ഉള്ളിലെ ഊർജ്ജവും പോസ്റ്റിവിറ്റിയുമെല്ലാം മറ്റുള്ളവരിലേക്ക്‌ കൂടി പ്രസരിപ്പിക്കാൻ ശേഷിയുള്ളവരായിരിക്കും. ഇവർ മറ്റുള്ളവരുമായി പെട്ടെന്ന് സൗഹൃദത്തിലാകുകയും സുദൃഢമായ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യും.

6. Can make business productive and enjoyable at the same time

ഇവർ തങ്ങളുടെ ജോലിയിൽ അങ്ങേയറ്റം പ്രൊഡക്റ്റിവ്‌ ആയിരിക്കും എന്ന് മാത്രമല്ല, ഇവർ സ്വന്തം ജോലി ആസ്വദിച്ച്‌ ചെയ്യുന്നവരുമായിരിക്കും. ഇവർ ആ സ്ഥാപനം മുഴുവൻ തങ്ങളുടെ കാന്തികശക്തികൊണ്ട്‌ നിറക്കും. ഇവർ സമ്മർദ്ദങ്ങളെ അതിജീവിക്കുകയും പ്രസന്നമായ പെരുമാറ്റത്തിലൂടെയും സരസമായ സംഭാഷണത്തിലൂടെയും ആളുകളെ രസിപ്പിക്കുകയും ചെയ്യും. ഇവരുടെ കൂടെ ജോലി ചെയ്യാൻ ആളുകൾ ഇഷ്ടപ്പെടും. ഇവരുടെ ടീമിൽ അംഗമാകാൻ ആളുകൾ മത്സരിക്കും. ഇവരുള്ളയിടം വളരെ പ്രസന്നവും പോസിറ്റിവ്‌ വൈബ്‌ നിറഞ്ഞതുമായിരിക്കും. ഇവരോടൊപ്പം പ്രവർത്തിക്കുമ്പോൾ ജോലിഭാരമോ ക്ഷീണമോ ഇല്ലാതെ ജോലി ഒരു ആസ്വാദ്യകരമായ അനുഭവമായിത്തീരും.

ഇനി പറയൂ…. മേൽപറഞ്ഞതിൽ ഏത് കാറ്റഗറിയിൽ പെട്ട ആളാണ് നിങ്ങൾ…?

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share