ഈ 10 അവയവങ്ങൾ കൂടിച്ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ഒരു നല്ല സെയിൽസ്മേൻ പിറവിയെടുക്കുന്നത്

10 Important Organs for a Marketing Sales Person

സെയിൽസ്‌ എന്നത്‌ വെറും നാവ്‌ കൊണ്ടുള്ള കളിയാണെന്നാണ്‌ പലരും ധരിച്ചു വച്ചിരിക്കുന്നത്‌. എന്നാൽ അങ്ങനെയല്ല .

താഴെ പറയുന്ന ഈ 10 അവയവങ്ങൾ കൂടിച്ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ഒരു നല്ല സെയിൽസ് മാൻ പിറവിയെടുക്കുന്നത്.

1. തലച്ചോർ

ഒരു സെയിൽസ്മാൻ അഗാധമായ ചിന്താശക്തിയുള്ളയാളായിരിക്കണം. ആളുകളെയും അവസരങ്ങളെയും വിലയിരുത്താനും അപഗ്രഥിക്കാനും കഴിവുള്ള ആളായിരിക്കണം. വളരെ വേഗത്തിൽ കണക്കുകൂട്ടലുകൾ നടത്താനും തീരുമാനങ്ങളെടുക്കാനും കഴിവുള്ള ആളായിരിക്കണം. മറ്റുള്ളവരെക്കാൾ വേഗത്തിലും ആഴത്തിലും ഇറങ്ങി ചിന്തിക്കാൻ അയാൾക്ക് സാധിക്കണം.

2. മുഖം

സദാ സമയവും പ്രസന്നമായിരിക്കുന്ന, ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖമായിരിക്കണം ഒരു സെയിൽസ്മാനുണ്ടായിരിക്കേണ്ടത്. മുഖത്ത് എപ്പോഴും പുഞ്ചിരി ഉണ്ടായിരിക്കണം. കാണുന്ന മാത്രയിൽ തന്നെ ആളുകളെ ആകർഷിക്കാനും തന്നിലേക്കടുപ്പിക്കാനും കഴിയും വിധം തേജസ്സും പ്രസരിപ്പുമുണ്ടായിരിക്കണം. ആ മുഖം കാണുന്ന മാത്രയിൽ തന്നെ മറ്റുള്ളവർക്ക് മതിപ്പും വിശ്വാസവും തോന്നണം.

3. കണ്ണുകൾ

ഒരു നല്ല സെയിൽസ്മാന് ഏത് പ്രതികൂല സാഹചര്യത്തിലും ഒരു അവസരം കണ്ടെത്താനുള്ള കഴിവുണ്ടായിരിക്കണം. ആരിലും ഒരു കസ്റ്റമറെ കാണാനുള്ള കഴിവുണ്ടായിരിക്കണം അയാളുടെ കണ്ണുകൾക്ക്. ഏതൊരു വിഷയത്തിൻ്റെയും നെഗറ്റീവും പോസിറ്റീവും കണ്ടെത്താൻ അയാൾക്ക് സാധിക്കണം. ആരും കാണാത്തത് കാണുകയും, എല്ലാം കണ്ട് മനസ്സിലാക്കുകയും ചെയ്യുന്നവനാണ് ഒരു നല്ല സെയിൽസ്മാൻ.

4. കാതുകൾ

ഒരു നല്ല സെയിൽസ്മാൻ ഒരു നല്ല കേൾവിക്കാരൻ കൂടിയായിരിക്കണം. ഉപഭോക്താക്കളെ സംസാരിച്ച് മുഷിപ്പിക്കുന്നതിന് പകരം അവരെ കേൾക്കാനും മനസ്സിലാക്കാനുമുള്ള കഴിവുണ്ടായിരിക്കണം അയാൾക്ക്. ചുറ്റുപാടുകളിലേക്ക് തുറന്നു പിടിച്ച കാതുകളായിരിക്കണം അയാളുടേത്. തനിക്ക് ചുറ്റുമുള്ള അവസരങ്ങൾ ഒരു റഡാർ പോലെ പിടിച്ചെടുക്കാൻ അയാളുടെ കാതുകൾക്ക് സാധിക്കണം.

5. നാവ്

ഒരു സെയിൽസ് മാന് വേണ്ട ഏറ്റവും വലിയ കഴിവാണ് ആശയവിനിമയപാടവം. ഉപഭോക്താക്കളുടെ പ്രശ്നങ്ങളും ആവശ്യകതകളും കൃത്യമായി ചോദിച്ചു മനസ്സിലാക്കാനും അതിന് പരിഹാരങ്ങൾ നിർദ്ദേശിക്കാനും അയാൾക്ക് സാധിക്കണം. തൻ്റെ ഉത്പന്നത്തെ / സേവനത്തെ കുറിച്ചുള്ള കാര്യങ്ങൾ ഏറ്റവും കുറഞ്ഞ വാക്കുകളിൽ എന്നാൽ ഏറ്റവും ഫലപ്രദമായ രീതിയിൽ ഉപഭോക്താക്കളെ പറഞ്ഞു മനസ്സിലാക്കാൻ അയാൾക്ക് സാധിക്കണം. തർക്കങ്ങൾക്കോ അനാവശ്യ സംസാരങ്ങൾക്കോ ഇടകൊടുക്കാത്ത വിധം ഏറ്റവും convincing ആയ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ അയാൾക്ക് സാധിക്കണം.

6. കൈകൾ

ഒരു സെയിൽസ്മാൻ്റെ കരങ്ങൾ ഉത്പന്നം കൈമാറി പണം വാങ്ങി വെക്കാൻ മാത്രമുള്ളതല്ല. തൻ്റെ ഉപഭോക്താക്കളെ പല രീതിയിൽ സഹായിക്കാൻ അയാൾക്ക് സാധിക്കും. ഒരു സേവനദാതാവ് – ഉപഭോക്താവ് ബന്ധത്തിനപ്പുറം, അവർക്ക് വ്യക്തിപരമായ രീതിയിലും പലവിധ സഹായങ്ങൾ ചെയാൻ ഒരു സെയിൽസ്മാൻ തയ്യാറാകണം. തൻ്റെ വിൽപ്പനയുമായി ബന്ധപ്പെട്ടും അല്ലാതെയും ഒരാളെ തന്നെക്കൊണ്ടാകും വിധം സഹായിക്കുമ്പോഴാണ് ഒരു സെയിൽസ്മാന് വ്യക്തിപരമായും തൊഴില്പരമായും വിജയിക്കാൻ സാധിക്കുന്നത്. ഏത് പ്രതിസന്ധിഘട്ടത്തിലും തൻ്റെ ഉപഭോക്താക്കളെ കൈവിടാതെ തന്നോട് ചേർത്തു പിടിക്കാൻ ഒരു സെയിൽസ്മാൻ്റെ കരങ്ങൾക്ക് ശക്തിയുണ്ടാകണം.

7. ഹൃദയം

ഒരു സെയിൽസ്മാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടതും അനുസരിക്കേണ്ടതുമായ ഒരു അവയവമാണ് ഇത്. ഒരു നല്ല സെയിൽസ്മാൻ ഒരിക്കലും മന:സാക്ഷിക്ക് നിരക്കാത്ത യാതൊന്നും ചെയ്യാൻ പാടില്ല. കള്ളം പറയുക, തെറ്റായ വാഗ്ദാനങ്ങൾ നൽകുക, ഗുണമേന്മയില്ലാത്തതോ കേടുപാടുകൾ ഉള്ളതോ ആയ ഉല്പന്നങ്ങൾ നൽകി വഞ്ചിക്കുക, അളവിലും തൂക്കത്തിലും കൃത്രിമത്വം കാണിക്കുക തുടങ്ങിയ തെറ്റായ കാര്യങ്ങൾ ഒരിക്കലും പ്രവർത്തിക്കരുത്. സത്യസന്ധതയും സുതാര്യതയുമാണ് ഒരു നല്ല സെയിൽസ്മാൻ്റെ മുഖമുദ്ര.

8. ശ്വാസകോശം

ഒരു സെയിൽസ്മാൻ്റെ ജോലി വളരെ ആയാസം നിറഞ്ഞതാണ്. അയാളുടെ ജോലിക്ക് ഒരിക്കലും ഒരു കൃത്യമായ സമയരേഖയില്ല. ഉപഭോക്താവിൻ്റെ സമയത്തിനും സൗകര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ അയാൾ പലപ്പോഴും നിർബന്ധിതനാകും. അതുകൊണ്ട് തന്നെ സമയവും സൗകര്യവും നോക്കാതെ അക്ഷീണം പ്രവർത്തിക്കാനുള്ള ഊർജ്ജം അയാളുടെ മനസ്സിനും ശരീരത്തിനും വേണം. മാനസികമായും ശാരീരികമായും തളരാതെ സദാ സമയവും ഊർജ്ജത്തോടെയും പ്രസരിപ്പോടെയും പ്രവർത്തിക്കാൻ അയാൾക്ക് സാധിക്കണം.

9. കാലുകൾ

ഒരു സെയിൽസ്മാന് ഒരു പാട് ദൂരങ്ങൾ സഞ്ചരിക്കേണ്ടി വരും. ഉപഭോക്താവ് എപ്പോൾ വിളിച്ചാലും വിളിപ്പുറത്ത് എത്താൻ കഴിയണം. സമയവും കാലവും നോക്കാതെ എപ്പോൾ എവിടെ ചെന്നും ഒരു ഉപഭോക്താവിനെ കാണാനും അയാളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അയാൾക്ക് സാധിക്കണം. ഉപഭോക്താക്കൾ തന്നെ തേടി ഇങ്ങോട്ട് വരുന്ന കാലം എത്തുന്നത് വരെ അവരിലേക്കെത്തിപ്പെടാൻ യാതൊരു മടിയും കൂടാതെ അയാൾ തയ്യാറാകണം.

10. പാദങ്ങൾ

ഒരു സെയിൽസ്മാന് വേണ്ട ഏറ്റവും വലിയ ഒരു ഗുണമാണ് stability. ഏത് പ്രതിസന്ധിയിലും പതറാതെ നിലയുറപ്പിച്ചു നിൽക്കാൻ അയാൾക്ക് സാധിക്കണം. ഒരു സെയിൽ നടക്കാതെ പോയാൽ അടിപതറി വീണു പോകരുത്. അത് പോലെ ഒരു സെയിൽ നടന്നാൽ സന്തോഷം കൊണ്ട് മതിമറന്ന് തുള്ളിച്ചാടുകയും ചെയ്യരുത്. എല്ലാം ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുക്കാൻ അയാൾക്ക് സാധിക്കണം. പാദങ്ങൾ അയാൾക്ക് വളരെ പ്രധാനമാണ്. കാരണം പാദങ്ങൾ തളർന്നാൽ ശരീരം മൊത്തം തളരും.

ഈ പത്ത് അവയവങ്ങൾ ഒരേ ഊർജത്തോടെ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോഴാണ് ഒരു സെയിൽസ്മാന് തൻ്റെ കരിയറിൽ വിജയിക്കാൻ സാധിക്കുന്നത്.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share